എന്താണ് ബൈപോളാർ ഡിസോർഡർ? ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? ബൈപോളാർ ഡിസോർഡർ എങ്ങനെ ചികിത്സിക്കാം?
നമ്മൾ ഓരോരുത്തരും ദിവസവും പല തരത്തിലുള്ള മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്നവരാണ്.. ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, സ്നേഹം, ദേഷ്യം അങ്ങനെ എത്രയെത്ര വികാരങ്ങളെയാണ് നാം ദിവസവും നേരിടുന്നത്. മനുഷ്യ മനസുകളേക്കാൾ സങ്കീർണ്ണമായ മറ്റൊന്നും തന്നെ ഈ ലോകത്തിൽ ഇല്ല എന്ന് വേണം പറയാൻ. പലതരത്തിലുള്ള മാനസിക വ്യതിയാനങ്ങളിൽ പെട്ട് ആടിയുലഞ്ഞാണ് ഓരോ വ്യക്തിയുടെയും ജീവിതം മുമ്പോട്ട് നീങ്ങുന്നത്. ഇതൊക്കെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സാധാരണയായി സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ, നിങ്ങളുടെ മാനസികാവസ്ഥയിൽ അപ്രതീക്ഷിതമായി എന്തെങ്കിലും രീതിയിൽ ചാഞ്ചാട്ടം ഉണ്ടാകാറുണ്ടോ? നല്ല മൂഡില്‍ ഇരിക്കുന്നതിനിടെ പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടിത്തെറിയ്ക്കാറുണ്ടോ? ഇത്തരത്തിലുള്ള അപ്രതീക്ഷിതമായും വളരെ പെട്ടെന്നും വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥക്ക് പറയുന്നപേരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവര്‍ക്ക് മൂഡില്‍ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും.
ഇത് പെട്ടന്ന് ഒരു ദിവസം കൊണ്ട് ആരംഭിക്കുന്ന പ്രശ്നമല്ല. നേരത്തെ തന്നെ ഈ അവസ്ഥ ആരംഭിച്ചിട്ടുണ്ടാകും. നൂറില്‍ ഒരാള്‍ക്കെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം അവസ്ഥ വന്നിട്ടുണ്ടാകും. ഇത് മിക്കവാറും ആരംഭിക്കുന്നത് ടീനേജ് പ്രായത്തിലോ അതിന് ശേഷമോ ആണ്. നാല്പത് വയസിന് ശേഷം വരാന്‍ സാധ്യതയില്ല. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ബൈപോളാര്‍ ഡിസോര്‍ഡര്‍ വരാന്‍ ഒരേ പോലെ സാധ്യതയുണ്ട്.
ഇനി ഇതെങ്ങനെ തിരിച്ചറിയുമെന്ന് നോക്കാം.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ് മൂഡുകളില്‍ സംഭവിക്കുന്ന വലിയ ഏറ്റക്കുറച്ചിലുകള്‍. ഇത്തിൽ വലിയ വ്യത്യാസങ്ങൾ വരുമ്പോൾ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മനസ് വിട്ടുപോകുന്ന അവസ്ഥ വരാം. ബൈപോളാര്‍ രോഗത്തിന്റെ ലക്ഷണമായ ഹൈപ്പോമാനിയ, അമിതോത്സാഹം കാണിക്കുന്ന ഒരവസ്ഥയാണ്. എല്ലാക്കാര്യങ്ങളിലും വളരെയധികം ഊര്ജ്ജസ്വലത കാണിക്കുന്ന ഈ അവസ്ഥയില്‍ പക്ഷേ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടില്ല.
- അമിതമായി സംസാരിക്കുക / അമിതമായ ഊർജജം / അമിതമായ ആക്ടിവിറ്റികൾ (ഹൈപ്പോമാനിയ)
- ഒരേ സമയം ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ഒന്നും പൂർത്തിയാകാതിരിക്കുകയും ചെയ്യുക
- മനോനിയന്ത്രണം നഷ്ടപ്പെടുന്നതു കൊണ്ട് അമിതവേഗതയിൽ വാഹനങ്ങളോടിക്കുക
- പതിവില്ലാത്ത വിധം വലിയ ആശയങ്ങൾ ചിന്തിക്കുകയും, അതേപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക
- എതിർത്തു പറയുന്നവരോട് അമിതമായ ദേഷ്യം വരിക പെട്ടെന്ന് വാഗ്വാദങ്ങളിൽ ഏർപ്പെടുക
- ചിന്താശേഷിയില്ലാത്ത രീതിയിൽ പണം ദുർവ്യയം ചെയ്യുക
- വലിയ കഴിവുകളുണ്ടെന്ന ധാരണയിൽ അപകടകരമായ പ്രവർത്തികളിലേർപ്പെടുക
- ചിലപ്പോൾ കൂടുതൽ ഭക്തി
- അതിരു കടന്ന ലൈംഗിക താൽപ്പര്യം
- ഉറക്കത്തിലെ ഏറ്റക്കുറച്ചിൽ
- ഉത്ക്കണ്ഠ
- അമിതമായ ദേഷ്യം
- യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുക
- ചില സമയങ്ങളിലെ വിഷാദം
ഒരാളില്‍ ബൈപോളാർ ഡിസോർഡർ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല, എന്നാല്‍ തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. പാരമ്പര്യമായി ആര്‍ക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കില്‍ ഈ അവസ്ഥ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന മാനസികാഘാതം, ബാല്യകാലത്തിലുണ്ടായ പീഡനങ്ങൾ, ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അല്ലെങ്കിൽ ജീവിതത്തെ അമിതമായി ബാധിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയും ബൈപോളാർ ഡിസോർഡറിന് കാരണമാകും.
ആളുകള്‍ അവരുടെ അന്നന്നുള്ള സാഹചര്യം വച്ച് വ്യത്യസ്ഥമായ രീതിയില്‍ പെരുമാറിയേക്കാം. അതുകൊണ്ട് തന്നെ ബൈപോളാരിറ്റി പെട്ടന്ന് തിരിച്ചറിയാനാവില്ല. എന്നാല്‍ ബൈപോളാര്‍ അവസ്ഥ ഉള്ളവര്‍ക്ക് ബന്ധങ്ങള്‍ തന്നെ വഷളാക്കുന്ന രീതിയിലുള്ള കടുത്ത തരത്തിലുള്ള കലഹങ്ങള്‍ ഇടക്കിടെ നടത്തിയേക്കാം. മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണ് ഉന്മാദാവസ്ഥയില് അനുഭവപ്പെടുന്ന ചിന്തകള്‍.. രോഗികള്‍ക്ക് തങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാനാവാതെ വരികയും, മനസ് തോന്നുന്ന വഴിക്ക് പാഞ്ഞുകൊണ്ടിരിക്കുയും ചെയ്യും.
ബൈപോളാർ ഡിസോർഡർ ബാധിച്ച ആളുകൾക്ക് ശരിയായ സമയത്ത് രോഗനിർണയം നടത്തുകയും ചികിത്സ ലഭിക്കുകയും ചെയ്താൽ പൂർണമായും മാറ്റിയെടുക്കാൻ കഴിയും. കൃത്യമായ പരിചരണം ലഭിക്കുന്നതോടെ ആരോഗ്യകരവുമായ ജീവിതം നയിക്കാനും കഴിയും. മരുന്നുകളോടൊപ്പം സൈക്കോതെറാപ്പിയും ഉൾപ്പെടുന്നതാണ് ഇതിനുള്ള ചികിത്സ. രോഗാവസ്ഥ ഏറെ കാലം നീണ്ടു നിൽക്കുന്നതിനാൽ ജീവിത ശൈലിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുകയും, ഒരു ജീവിത ലക്ഷ്യം ഉണ്ടാക്കിയെടുക്കുന്നതും ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. നിങ്ങൾക്കു രോഗമുണ്ട് എന്ന് സംശയിക്കുന്നുവെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് ഉപദേശം തേടേണ്ടതുണ്ട്.
ബൈപോളാർ ഡിസോർഡർ കണ്ടെത്താനായി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഒരു പരിശോധനയും നിലവിൽ ഇല്ല, എന്നാൽ ഇത് തിരിച്ചറിയാൻ ചില പ്രത്യേക ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. നിങ്ങൾക്കു സ്വയം പരിശോധിക്കാവുന്ന ഒരു ചോദ്യാവലി താഴെ കൊടുക്കുന്നു.