ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ് ഈറ്റിംഗ് ഡിസോർഡർ അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിലെ അപര്യാപ്തത. പലപ്പോഴും നമ്മൾ നിസാരവൽക്കരിക്കുന്ന ഒരു വിഷയം കൂടിയാണിത്. എന്നാൽ ഇതിനെ അത്ര നിസ്സാരവൽക്കരിക്കേണ്ട.. നമ്മുടെ ആരോഗ്യത്തെ മാത്രമല്ല, നമ്മുടെ വികാരങ്ങളെയും ജീവിതത്തിലെ പ്രധാന മേഖലകളിൽ പ്രവർത്തിക്കാനുള്ള നമ്മുടെ കഴിവിനെയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ്. ഇത് ഒരു ശാരീരിക പ്രശ്നമായി തോന്നാമെങ്കിലും ഈറ്റിങ് ഡിസോർഡർ മനഃശാസ്ത്രപരമായ രോഗമാണ്.
നമ്മളുടെ ദൈനംദിന ജീവിതത്തെ സാരമായി തടസ്സപ്പെടുത്തുന്ന ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും അസാധാരണമായ രീതികളാണ് ‘ഈറ്റിങ് ഡിസോർഡർ’. ഈ അവസ്ഥ ഉള്ള ഒരു വ്യക്തി വളരെ ചെറിയ അളവിൽ ഭക്ഷണം കഴിക്കാം, ചിലപ്പോൾ അനിയന്ത്രിതമായ രീതിയിലും. നമുക്കുണ്ടാകുന്ന രോഗങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ഒട്ടുമുക്കാലും നമ്മുടെ തെറ്റായ ഭക്ഷണശീലവും അനുചിതമായ ഭക്ഷണ തിരഞ്ഞെടുപ്പും കാരണം ഉണ്ടാകുന്നതാണ്.
ഒരാളുടെ ഭക്ഷണക്രമത്തിൽ മാറ്റം സംഭവിക്കുന്നത് പ്രധാനമായും അവരുടെ ജീവിത ചുറ്റുപാടുകൾ മാറുമ്പോഴാണ്, അല്ലെങ്കിൽ ആഹാര ശീലത്തിൽ മാറ്റം വരുമ്പോഴാണ്. ചിലർ വണ്ണം കൂടുമെന്ന ഭയത്തിൽ ആഹാരം ഉപേക്ഷിക്കുകയും ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കലോറി കണക്കു കൂട്ടുകയും അടിക്കടി ശരീര ഭാരം അളന്ന് നോക്കുകയും ചെയ്യും. ഇതവരുടെ ഒരു ശീലമായി മാറുകയും ചെയ്യും. ഇവർക്ക് മാനസികമായി പക്വതക്കുറവും സ്വയം ബഹുമാനക്കുറവും/ആത്മാഭിമാനക്കുറവും കുറവായിരിക്കും.
ഈറ്റിങ് ഡിസോർഡർ എന്നത് ഭക്ഷണത്തോട് അമിതമായ ആർത്തിയോ, അല്ലെങ്കിൽ വിരക്തിയോ ആകാം. ചുരുക്കത്തിൽ, ഒരാൾ തന്റെ ശരീരത്തിന് വേണ്ടുന്ന അളവിലുള്ള ഭക്ഷണത്തിനേക്കാൾ ഏറെ കഴിക്കുന്നതും വേണ്ടുന്ന അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതും വേണ്ടുന്ന ഭക്ഷണം ഒന്നും തന്നെ കഴിക്കാത്തതും ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരും.
സാധാരണയായി, പെൺകുട്ടികളിൽ/സ്ത്രീകൾകളിൽ ആൺകുട്ടികളേക്കാളും പുരുഷന്മാരേക്കാളും ഭക്ഷണ ക്രമക്കേട് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ചു യുവജനങ്ങൾക്കിടയിൽ.
ഈറ്റിംഗ് ഡിസോർഡർ – വകഭേദങ്ങൾ
- അനോറെക്സിയ നെർവോസ
- ബുളിമിയ നെർവോസ
- ബിഞ്ച് ഈറ്റിങ് ഡിസോർഡർ
അനോറെക്സിയ നെർവോസ:
പ്രായപൂർത്തിയായ ഒരാളുടെ സെന്റിമീറ്ററിലുള്ള ഉയരത്തിൽ നിന്ന് 100 കുറയ്ക്കുമ്പോൾ കിട്ടുന്ന തൂക്കമാണ് ഒരാൾക്ക് വേണ്ട ശരിയായ ശരീരഭാരം. ഉദാ: അഞ്ചടി ആറിഞ്ച് ഉയരം എന്നത് ഏകദേശം 170 സെ.മീ. ആണ്. 170 സെ.മീ. ഉയരമുള്ള വ്യക്തിയുടെ ആരോഗ്യകരമായ തൂക്കം 70 കിലോഗ്രാം ആണ്. എന്നാൽ ഈറ്റിങ് ഡിസോർഡറിന്റെ പരിധിയിൽ വരുമ്പോൾ അനോറെക്സിയ നെർവോസ നിർണയിക്കപ്പെടുന്ന വ്യക്തികളിൽ ആരോഗ്യകരമായ ശരീരഭാരത്തെക്കാൾ 15 ശതമാനമെങ്കിലും ഭാരം കുറയുന്നതായി കാണുന്നു. ഇക്കൂട്ടർ അടിക്കടി ശരീര ഭാരം അളന്നു നോക്കുകയും ഭക്ഷണത്തിലെ കലോറി മൂല്യമൊക്കെ അളന്നു നോക്കുകയും ചെയ്ത് ഭക്ഷണം ചുരുക്കാൻ ശ്രമിക്കും.
ബുളിമിയ നെർവോസ:
ബുളിമിയ നെർവോസ ഉള്ളയാളുകളുടെ ഭക്ഷണരീതി പരിശോധിക്കുകയാണെങ്കിൽ, ഇവർ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ അധികം ഭക്ഷണം കഴിക്കുന്നതായി കാണാം. പലപ്പോഴും പഞ്ചസാര, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്ന ആയിരക്കണക്കിന് കലോറി വളരെ ചെറിയ കാലയളവിൽ ഉപഭോഗം ചെയ്യുന്നു. അവർക്ക് വളരെ വേഗത്തിൽ കഴിക്കാം, ചിലപ്പോൾ ഭക്ഷണം രുചിക്കാതെ തന്നെ കഴിക്കുകയും ചെയ്യും.
ഇതുള്ള വ്യക്തികൾ വളരെയധികം ഭക്ഷണം ആർത്തിയോടെ കഴിക്കുന്നു. ഇവർ അസ്വസ്ഥരാകുമ്പോൾ വലിച്ചുവാരി തിന്നുകയും കുടിക്കുകയും ചെയ്യും. അതായത്, വളരെയധികം ഭക്ഷണം കഴിക്കും. അതിന് തൊട്ടുപിറകേ വലിച്ചുവാരി തിന്നതിൽ അവർക്ക് കുറ്റബോധവും നാണക്കേടും തോന്നുകയും അവർ കഴിച്ച ഭക്ഷണം ഛർദിച്ചോ, അമിതമായി വ്യായാമം ചെയ്തോ മറ്റു മാർഗങ്ങളിലൂടേയോ പുറത്തുകളയാൻ ശ്രമിക്കുകയും ചെയ്യും. ഈ കുറ്റബോധം അവർക്ക് അവരുടെ ശരീര രൂപത്തെക്കുറിച്ചുള്ള ധാരണയുടേയും മെലിയണം എന്ന അവരുടെ ആഗ്രഹത്തിന്റേയും ഫലമായി ഉണ്ടാകുന്നതാണ്.
ബുളിമിയ നെർവോസയുടെ ലക്ഷണങ്ങൾ:
- വിട്ടുമാറാത്ത വീക്കം, തൊണ്ടവേദന.
- കഴുത്തിലും താടിയെല്ലിന് താഴെയുമുള്ള ഉമിനീർ ഗ്രന്ഥികൾ വീർക്കുന്നു.
- പല്ലിന്റെ ഇനാമൽ ദ്രവിക്കുന്നു.
- നിരന്തരമായ ഛർദി, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസോർഡറിന് കാരണമാകുന്നു.
- കടുത്ത നിർജലീകരണം.
ബിഞ്ച് ഈറ്റിങ് ഡിസോർഡർ (അമിത ഭക്ഷണം കഴിക്കൽ):
അമിതഭക്ഷണ ക്രമക്കേടുള്ള ആളുകൾക്ക് അമിത ഭക്ഷണം കഴിക്കുന്നതിന്റെ എപ്പിസോഡുകൾ ഉണ്ട്. അതിൽ അവർ വളരെ കാലയളവിൽ വളരെ അധികം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ബുളിമിയ നെർവോസ ഉള്ള ആളുകളിൽ നിന്ന് വ്യത്യസ്തമായി, ഛർദി ഉണ്ടാക്കുന്നതിലൂടെയോ ഉപവാസം, അല്ലെങ്കിൽ മറ്റ് സുരക്ഷിതമല്ലാത്ത രീതികൾ ഉപയോഗിച്ചോ ഭക്ഷണം ഒഴിവാക്കാൻ അവർ ശ്രമിക്കുന്നില്ല.
അമിതഭക്ഷണം വിട്ടുമാറാത്തതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് അമിതവണ്ണം, പ്രമേഹം, രക്താതിസമ്മർദം, ഹൃദയ രോഗങ്ങൾ എന്നിവ.
ബിഞ്ച് ഈറ്റിങ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ:
- സാധാരണയേക്കാൾ വേഗത്തിൽ ഭക്ഷണം കഴിക്കുന്നു.
- വയറുപൊട്ടും എന്ന അസ്വസ്ഥത നിറഞ്ഞ അവസ്ഥവരെ ഭക്ഷണം കഴിക്കുന്നു.
- ശാരീരികമായി വിശപ്പ് തോന്നാത്തപ്പോൾപ്പോലും വലിയ അളവിൽ ഭക്ഷണം കഴിക്കുക.
- ഒരാൾ ഇത്രമാത്രം കഴിക്കുന്നു എന്നതിൽ ലജ്ജ തോന്നുന്നതിനാൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നു.
- തന്നോടുതന്നെ വെറുപ്പ് തോന്നുന്നു.
- വിഷാദം, അല്ലെങ്കിൽ പിന്നീട് വളരെ കുറ്റബോധം.
ചികിത്സയിലൂടെ, ഭക്ഷണ ക്രമക്കേടുള്ള മിക്ക ആളുകളും അതിൽ നിന്ന് സുഖംപ്രാപിക്കാറുണ്ട്. അതിനാൽ, നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കൽ യാത്രയെക്കുറിച്ച് ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ‘ബുളിമിയ നെർവോസ’, അല്ലെങ്കിൽ അമിത ഭക്ഷണ ക്രമക്കേടുള്ള 50 ശതമാനം ആളുകളും ചികിത്സയിലൂടെ പൂർണമായി സുഖം പ്രാപിക്കുന്നു. മെച്ചപ്പെടാൻ കുറച്ച് സമയമെടുക്കും എങ്കിലും മാറുന്ന ഒരു രോഗാവസ്ഥ തന്നെയാണ്.
ഏറ്റവും സാധാരണമായ ഭക്ഷണ ക്രമക്കേടുകളെക്കുറിച്ചാണ് നമ്മൾ ഇതുവരെ പറഞ്ഞത്. നിങ്ങൾകും സ്വയം വിശകലനം ചെയ്തു നോക്കി ആവശ്യമുണ്ടെങ്കിൽ വിദഗ്ധനായ ഒരു ഹെൽത്ത് കെയർ പ്രാക്ടീഷണറുടെ അല്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ടു സഹായം തേടുക.