തനിച്ചിരിക്കുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ പരിഭ്രാന്തരാവുക, അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, അമിതമായ ഭയം, ശ്വാസം മുട്ടൽ, പെട്ടെന്ന് മരിച്ചു പോകുവാണോ എന്നൊരു തോന്നൽ, ഇങ്ങനെയൊരവസ്ഥ എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക, പാനിക് അറ്റാക്ക് എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ ആണ്. ഹാര്‍ട്ട് അറ്റാക്കിന്റേതായ എല്ലാ ലക്ഷണങ്ങളുമുള്ള ഇത് സ്ത്രീകളിലാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിനു ഹാർട്ട് അറ്റാക്കുമായി യാതൊരു ബന്ധവുമില്ല.
എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് ‘പാനിക് അറ്റാക്ക്’ (Panic Attack). ഏതാനും മണിക്കൂറുകളോ ചിലപ്പോള്‍ മിനിട്ടുകള്‍ മാത്രമോ ആണ് ഈ അവസ്ഥ നിലനില്‍ക്കുക. പാനിക് അറ്റാക്കിന്റെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.
ഇവർ പൊതുവെ തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും, പൊതു സ്ഥലങ്ങളിൽ നിന്നും ഒക്കെ വിട്ടു നിൽക്കും.
എന്തുകൊണ്ട് പാനിക്ക് അറ്റാക്ക് ഉണ്ടാവുന്നു?
പാനിക് അറ്റാക്ക് ഒരു ഉത്കണ്ഠാ രോഗമാണെങ്കിലും അമിതമായ ഉത്കണ്ഠയുള്ള എല്ലാവര്‍ക്കും ഇത്തരത്തില്‍ അറ്റാക്ക് വരണമെന്നില്ല. ശരീരത്തിനോ മനസ്സിനോ ഉണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങളെ ഏറെ സങ്കീര്‍ണമായി കണക്കാക്കുന്നവര്‍ക്കും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്കും ഉത്കണ്ഠ വര്‍ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്.
ഒരാളില്‍ ആദ്യമായി ഈ അറ്റാക്ക് ഉണ്ടാവുന്നത് മാനസിക-ശാരീരിക പ്രശ്‌നങ്ങളുടേയോ ചിന്തകളുടേയോ ഫലമായിട്ടാവാം. ആദ്യം ഉണ്ടായത് പിന്നീടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഭയവും പിന്നീടുള്ള പാനിക്ക് അറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
ഉത്കണ്ഠയാണ് പ്രധാനകാരണമെങ്കിലും അകാരണമായും പാനിക് അറ്റാക്ക് വരാം. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാക്കുന്ന മാനസികാഘാതം, ടെന്‍ഷന്‍, വ്യക്തിക്ക് അടുത്ത ബന്ധമുള്ളവരുമായി ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ പാനിക് അറ്റാക്കിലേക്ക് നയിച്ചേക്കാം.
പാനിക്ക് അറ്റാക്കിന്റെ ലക്ഷണങ്ങൾ
- പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ഹൃദയമിടിപ്പ് വർധിക്കുക
- അമിതമായി വിയര്‍ക്കുക
- പെട്ടന്നുണ്ടാവുന്ന ഭയം, വെപ്രാളം
- ശരീരത്തിന് പെട്ടന്ന് ക്ഷീണം അനുഭവപ്പെടുക, കുഴഞ്ഞു പോവുന്നതു പോലെ തോന്നുക
- നെഞ്ചുവേദനയോ നെഞ്ചിൽ അസ്വസ്ഥതയോ തോന്നുക
- കൈകാലുകളിലും ശരീരത്തിലും മരവിപ്പ് അനുഭവപ്പെടുക
- ശ്വാസം മുട്ടൽ അനുഭവപ്പെടുക
- തലകറക്കം, അല്ലെങ്കിൽ തലക്ക് ഭാരം പോലെ തോന്നുക
- ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോവുക
പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ ഒട്ടേറെ ശാരീരിക രോഗങ്ങളിലും (ഹൃദയാഘാതം, ആസ്മ, തൈറോയിഡ്, രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുക, അപസ്മാരം ഇവയ്ക്കൊക്കെ ഇതേ ലക്ഷണങ്ങൾ കാണിക്കാം) ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അത്തരം അസുഖങ്ങൾ ഇല്ലാ എന്ന് ഉറപ്പുവരുത്തുക. മദ്യവും മയക്കുമരുന്നും, ആസ്മ പോലുള്ള രോഗങ്ങൾക്കുള്ള മരുന്നുകളും പാനിക് അറ്റാക്ക് ഉണ്ടാക്കാറുണ്ട്.
പാനിക് അറ്റാക്ക് വന്നാല്‍ ചെയ്യും?
- വെപ്രാളം കുറച്ച് മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിക്കുക.
- ദീര്‍ഘനിശ്വാസമെടുക്കുക. പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ ശ്വാസോച്ഛ്വാസഗതിയിൽ വ്യത്യാസം വരും. വളരെ പെട്ടെന്ന് ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുക.
- ഈ പ്രാഥമിക കാര്യങ്ങള്‍ ചെയ്തിട്ടും ഉത്കണ്ഠ അല്ലെങ്കില്‍ ശാരീരിക അസ്വസ്ഥകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ഉണ്ടായത് ഹൃദയാഘാതമല്ലെന്ന് ഉറപ്പ് വരുത്തുക.
എങ്ങനെ പാനിക് അറ്റാക്ക് വരാതെ നോക്കാം
- അമിതമായ ഉത്കണ്ഠ മൂലമാണ് പാനിക് അറ്റാക്ക് ഉണ്ടാവുന്നതെങ്കിലും പാനിക് അറ്റാക്കിനെ തിരിച്ചറിയാന്‍ സാധിച്ചാല്‍ നിയന്ത്രിച്ചു നിർത്താൻ പറ്റും. എന്താണ് നിങ്ങളുടെ ഉത്കണ്ഠയുടെ കാരണമെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്, അതിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. എന്തോ നടക്കാൻ പോകുകയാണെന്ന അമിതമായ ചിന്ത നിങ്ങളുടെ ഉത്ക്കണ്ഠ വർധിപ്പിക്കും. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലിക്കുക.
- ശ്വസനപ്രക്രിയ ശീലിക്കാം, ദീര്‍ഘനിശ്വാസം എടുത്ത് റിലാക്സ് ചെയ്യാൻ പരിശീലിക്കുക.
- കണ്ണുകളടച്ച് ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കി നിര്‍ത്താന്‍ പരിശീലിക്കുക.
- സാഹസികതകള്‍, യാത്രകള്‍, വലിയ ശബ്ദങ്ങള്‍, ജനക്കൂട്ടം, ആകാശയാത്രകള്‍ പോലെയുള്ള സാഹചര്യങ്ങളില്‍ അമിത ഉത്കണ്ഠ ഉള്ളവർ / ചികിത്സയിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക, മനസിനെ ശാന്തമാക്കി വയ്ക്കുക.
- യോഗ, ധ്യാനം, തുടങ്ങിയവ പരിശീലിക്കുക.
പാനിക്ക് അറ്റാക്കിന്റെ ചികിത്സാരീതികൾ
കൃത്യമായി മരുന്ന് കഴിക്കുന്നതിനോടൊപ്പം റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍, സൈക്കോ തെറാപ്പി തുടങ്ങിയ ചികിത്സാരീതികളും ചെയ്താല്‍ പാനിക് അറ്റാക് പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും.
ലൈഫ് കെയർ കൗൺസിലിങ് സെന്റർ ഓൺലൈൻ കൗൺസിലിങ് സേവനങ്ങൾ നൽകുന്നു. ലോകത്തിന്റെ എവിടെ നിന്നും നിങ്ങൾക്ക് കൗൺസിലിങ് ബുക്ക് ചെയ്യാം, അതിനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ കാണുന്ന വാട്സ്ആപ് നമ്പറിൽ കോൺടാക്ട് ചെയ്യുക.