സൈക്ലോത്തിമിയ(Cyclothymia) ഉള്ളവർക്ക് അവരുടെ മാനസികാവസ്ഥ ഇടവേളകളിൽ ഉയർന്നും താഴ്ന്നും ഇരിക്കും, എന്നാൽ ഇത് ബൈപോളാർ പോലെ വലിയ അവസ്ഥകളിലേക്കു പോകുന്നുമില്ല. കുറച്ചു സമയത്തേക്ക് നല്ല മൂഡ് തോന്നാം, അത് കഴിയുമ്പോൾ ഒട്ടും മൂഡ് തോന്നാത്തതുമായ ഒരവസ്ഥ. എന്നാൽ ഇതിനിടയ്ക്ക് സ്ഥിരമായതും സുഖമുള്ള ഒരാവസ്ഥയും അനുഭവപ്പെടാം. സൈക്ലോത്തിമിയ / സൈക്ലോത്തിമിക് ഡിസോർഡർ എന്നും അറിയപ്പെടുന്ന ഇത് ഒരു അപൂർവ മാനസികാവസ്ഥയാണ്.
സൈക്ലോത്തിമിയയുടെ ഉയർച്ചയും താഴ്ചയും ബൈപോളാർ ഡിസോർഡറിനേക്കാൾ വളരെ കുറവാണെങ്കിലും, ഈ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. കാരണം, അവ നിങ്ങളുടെ പ്രവർത്തിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും ബൈപോളാർ I അല്ലെങ്കിൽ II ഡിസോർഡർ (Bipolar Disorder) ആയി മാറാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Bipolar Disorder – ബൈപോളാർ ഡിസോർഡറിനെക്കുറിച്ചു കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക.
ലക്ഷണങ്ങൾ
സൈക്ലോത്തിമിയയുടെ ലക്ഷണങ്ങൾ വൈകാരിക ഉയർച്ചയ്ക്കും താഴ്ചയ്ക്കും ഇടയിലാണ്. സൈക്ലോത്തിമിയയുടെ ഉയർന്ന അവസ്ഥയിൽ ഹൈപ്പോമാനിക് ലക്ഷണങ്ങൾ കാണിക്കുന്നു. താഴ്ന്ന അവസ്ഥയിൽ, വിഷാദരോഗ ലക്ഷണങ്ങൾ കാണിക്കുന്നു.
സൈക്ലോത്തിമിയയുടെ ലക്ഷണങ്ങൾ ബൈപോളാർ I അല്ലെങ്കിൽ II ഡിസോർഡറിന് സമാനമാണ്, എന്നാൽ മുൻപ് പറഞ്ഞ പോലെ അത് വളരെ ചെറിയ രീതിയിലെ കാണുകയുള്ളു എന്ന് മാത്രം. സൈക്ലോത്തിമിയ ഉണ്ടാകുമ്പോൾ സാധാരണ പോലെ തന്നെ ദൈനംദിന ജീവിതത്തിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിലും അത് മിക്കവാറും ഒരു സുഖമുള്ള അവസ്ഥയിൽ ആയിരിക്കില്ല. നിങ്ങളുടെ മാനസികാവസ്ഥയുടെ പ്രവചനാതീതമായ സ്വഭാവം നിങ്ങളുടെ ജീവിതത്തെ ഗണ്യമായി തടസ്സപ്പെടുത്തിയേക്കാം, കാരണം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുമെന്ന് നിങ്ങൾക്കറിയില്ല.
ഹൈപ്പോമാനിക് ലക്ഷണങ്ങൾ
- സന്തോഷത്തിന്റെയോ ക്ഷേമത്തിന്റെയോ അതിശയോക്തി തോന്നൽ (ആഹ്ലാദം)
- അങ്ങേയറ്റം ശുഭാപ്തിവിശ്വാസം
- ഊതിപ്പെരുപ്പിച്ച ആത്മാഭിമാനം
- പതിവിലും കൂടുതൽ സംസാരിക്കുന്നു
- അപകടത്തിലേക്ക് നയിക്കാവുന്ന തെറ്റായ തീരുമാനങ്ങൾ എടുക്കുക
- തുടർച്ചയായി വരുന്ന തീവ്ര ചിന്തകൾ
- പ്രകോപിപ്പിക്കുന്ന അല്ലെങ്കിൽ പ്രകോപിതമായ പെരുമാറ്റം
- അമിതമായ ശാരീരിക പ്രവർത്തനങ്ങൾ
- ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനോ നേടുന്നതിനോ വേണ്ടി കൂടുതലായി പ്രവർത്തിക്കുക.
- ഉറക്കത്തിന്റെ ആവശ്യം കുറഞ്ഞു വരിക, ഉറങ്ങിയില്ലെങ്കിലും കുഴപ്പമില്ലാത്ത അവസ്ഥ
- എളുപ്പത്തിൽ ശ്രദ്ധ തിരിക്കാനുള്ള പ്രവണത, ഒരിടത്തും ഉറച്ചു നില്ക്കാൻ പറ്റാതെയും വരാം
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ
വിഷാദരോഗ ലക്ഷണങ്ങൾ
ദുഃഖം, പ്രതീക്ഷയില്ലായ്മ അല്ലെങ്കിൽ എല്ലാം നഷ്ടപെട്ടപോലെ അനുഭവപ്പെടുന്നു
- എപ്പോഴും കരഞ്ഞിരിക്കുക
- ക്ഷോഭം, പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും
- ഒരിക്കൽ ആസ്വാദ്യകരമായി കരുതിരുന്ന പ്രവർത്തനങ്ങളിൽ താൽപര്യം നഷ്ടപ്പെടുന്നു
- ശരീരത്തിന്റെ തൂക്കത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നു
- ആവശ്യമില്ലാതെ കുറ്റബോധം
- ഉറക്ക പ്രശ്നങ്ങൾ
- അസ്വസ്ഥത അനുഭവപ്പെടുക
- ക്ഷീണം അല്ലെങ്കിൽ മന്ദതയിലായിരിക്കുക
- ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക
- മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ചിന്തിക്കുക
എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത് ?
നിങ്ങൾക്ക് സൈക്ലോത്തിമിയയുടെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, എത്രയും വേഗം ഒരു ഡോക്ടറുടെ സഹായം തേടുക. സൈക്ലോത്തിമിയ സാധാരണയായി സ്വന്തമായി മെച്ചപ്പെടില്ല. ചികിത്സ തേടാൻ നിങ്ങൾ വിമുഖത കാണിക്കുന്നുവെങ്കിൽ, നിങ്ങളുടെ അടുത്ത സുഹൃത്തിനെയോ, കൂടുതൽ അടുപ്പമുള്ളവരോടോ ഈ കാര്യം പറയുക, അവരുടെ സഹായത്തോടെ ചികിത്സ തേടുക.
ആത്മഹത്യാപരമായ ചിന്തകൾ
സൈക്ലോത്തിമിയയിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാമെങ്കിലും, നിങ്ങൾക്ക് ബൈപോളാർ I അല്ലെങ്കിൽ II ഡിസോർഡർ ഉണ്ടെങ്കിൽ അവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടുക.
കാരണങ്ങൾ
സൈക്ലോത്തിമിയ ഉണ്ടാകാനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പല മാനസികാരോഗ്യ തകരാറുകളിലെയും പോലെ, ഗവേഷണങ്ങൾ കാണിക്കുന്നത് ഇത് പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളുടെ ഒരു സംയോജനത്തിൽ നിന്ന് ഉണ്ടായേക്കാം എന്നാണ്.
ഈ അസുഖം BPAD ഉള്ളവരുടെ ബന്ധുക്കളിൽ സർവ്വ സാധാരണം. ഈ അസുഖം ചിലപ്പോൾ കുറച്ച് കാലത്തേക്ക് പ്രകടമായിക്കാണാൻ സാധിച്ചെന്ന് വരില്ല . ചെറിയ അളവിൽ വിഷാദവും, അതേപോലെ തന്നെ അസുഖം ബാധിച്ചിരിക്കുന്ന വ്യക്തിക്ക് സ്വയം തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള ലളിത ഉന്മാദവുമാണ് പ്രധാന ലക്ഷണങ്ങൾ.
- പാരമ്പര്യമായ കാരണങ്ങൾ കൊണ്ട് വരാം.
- തലച്ചോറിലെ ന്യുറോണുകളുടെ വ്യതിയാനം കൊണ്ട് സംഭവിക്കാം.
- ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക പ്രശ്നങ്ങൾ
അപകടസാധ്യത ഘടകങ്ങൾ
- സൈക്ലോത്തിമിയ താരതമ്യേന അപൂർവമാണെന്ന് കരുതപ്പെടുന്നു. എന്നാൽ യഥാർത്ഥ കണക്കുകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്, കാരണം ആളുകൾക്ക് വിഷാദരോഗം പോലുള്ള മറ്റ് മാനസിക വൈകല്യങ്ങളുണ്ടെന്നു കണ്ടെത്താം, തെറ്റായ രോഗ നിർണയം ഇതിൽ വലിയൊരു ഘടകമാണ്.
- സൈക്ലോത്തിമിയ സാധാരണയായി കൗമാരപ്രായത്തിലോ ചെറുതായിരിക്കുമ്പോഴോ ആരംഭിക്കുന്നു. ഇത് ഏതാണ്ട് ഒരേപോലെ തന്നെ ആണിനും പെണ്ണിനും ബാധിക്കുന്നു.
സങ്കീർണതകൾ
- നിങ്ങൾക്ക് സൈക്ലോത്തിമിയ ഉണ്ടെങ്കിൽ:
ഇത് ചികിത്സിക്കാതിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന കാര്യമായ വൈകാരിക/ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകും. - പിന്നീട് ബൈപോളാർ I അല്ലെങ്കിൽ II ഡിസോർഡർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്.
- ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നു.
- നിങ്ങൾക്ക് Anxiety Disorder ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
- നിങ്ങൾക്ക് ആത്മഹത്യാ ചിന്തകളും, ആത്മഹത്യയും വരെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എങ്ങനെ പ്രതിരോധിക്കാം
മാനസികനില മാറുന്ന ആദ്യ സമയത്തു തന്നെ ചികിത്സ ചെയ്യുന്നത് സൈക്ലോത്തിമിയ വഷളാകുന്നത് തടയാൻ സഹായിക്കും. ദീർഘകാല പ്രതിരോധ ചികിത്സ ഹൈപ്പോമാനിയ, ഉന്മാദം അല്ലെങ്കിൽ വലിയ വിഷാദരോഗം എന്നിവയുടെ ആയി മാറുന്നത് തടയാൻ സഹായിക്കും.