ചിലരെ നമ്മൾ കണ്ടിട്ടുണ്ടാവും എപ്പോഴും എന്തെങ്കിലുമൊക്കെ ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ, ചിലപ്പോൾ അത് എന്തെങ്കിലുമൊക്കെ വേദനയായിരിക്കും, എന്തെങ്കിലും കഴപ്പ്, അതേപോലെ എന്തെങ്കിലുമൊക്കെ ശാരീരിക ബുദ്ധിമുട്ടു അനുഭവിക്കുന്നവർ. ഈയൊരു ബുദ്ധിമുട്ട് മാറാൻ അവർ ഡോക്ടർമാരെ പോയി കാണും, വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തും. എന്നാൽ പരിശോധനകൾ എല്ലാം കഴിയുമ്പോൾ അവർക്കു യാതൊരു അസുഖങ്ങളോ ശാരീരിക പ്രശ്നങ്ങളോ ഉണ്ടായിരിക്കുകയില്ല. ഈയൊരു രോഗാവസ്ഥയെ ആണ് സൊമാറ്റോ ഫോം ഡിസോർഡർ (Somatoform Disorder ) എന്ന് വിളിക്കുന്നത്. ഇത് തികച്ചും മാനസികമായ വരുന്ന ഒരു പ്രശ്നമാണ്.
ഈ അസുഖമുള്ളവർ അവർക്കു യാതൊരു പ്രശ്നവുമില്ല എന്നുള്ള കാര്യം അംഗീകരിക്കാൻ തയ്യാറാവില്ല, ഈ ഡോക്ടർക്ക് കഴിവൊന്നുമില്ല, അല്ലെങ്കിൽ എന്റെ അസുഖം കണ്ടുപിടിക്കുമായിരുന്നു, അല്ലെങ്കിൽ ഇവിടെ ചെയ്ത ടെസ്റ്റ് റിസൾട്ട് ഒക്കെ തെറ്റാണു, വേറെ നല്ല സ്ഥലത്തു പോയി നോക്കാം ഈ ഒരു രീതിയിലാകും അവരുടെ പ്രതികരണം. ഇവർ പല പല ഡോക്ടർമാരെ മാറി മാറി കണ്ടുകൊണ്ടേയിരിക്കും. യഥാർത്ഥത്തിൽ ശാരീരികമായ ഒരു കുഴപ്പവും കാണില്ല.
പ്രയാസം അനുഭവിക്കുന്ന വ്യക്തി എന്തെങ്കിലും തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങളിലൂടെയാവും കടന്നു പോയിക്കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ ആ വ്യക്തിക്ക് മുൻപ് അയാളെ തളർത്തുന്ന രീതിയിലുള്ള ഒരനുഭവം ഉണ്ടായിരുന്നിരിക്കാം. അങ്ങനെ മാനസികമായ നമ്മുടെ പ്രശ്നങ്ങൾ ശരീരത്തിലൂടെ പ്രതിഫലിക്കുന്ന ഒരവസ്ഥയാണ് സൊമാറ്റോ ഫോം ഡിസോർഡർ.
ഇതിനു 4 വകഭേദങ്ങൾ ഉണ്ട്.
- സോമട്ടൈസേഷൻ (Somatization): നമ്മുടെ ശരീരത്തിലെ തന്നെ പല പല ഭാഗങ്ങളിൽ നമുക്ക് എന്തെങ്കിലും വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ മാറി മാറി അനുഭവിക്കുക. ഒരു ദിവസം കാലു വേദനയാണെങ്കിൽ ഒരു ദിവസം തലവേദനയാകും, വയറുവേദനയാവും. ഇങ്ങനെയുള്ള അവസ്ഥേയ ആണ് സോമട്ടൈസേഷൻ എന്ന് വിളിക്കുന്നത്.
- ഹൈപ്പോകോൺഡ്രിയാസിസ് (Hypochondriasis): ഏതെങ്കിലും ഒന്നോ രണ്ടോ ഭാഗങ്ങളിലായിട്ടു എന്തെങ്കിലും ഒരു ബുദ്ധിമുട്ടു അനുഭവിക്കുക. സ്ഥിരമായി ഏതെങ്കിലും ഒരു ഭാഗത്തു മാത്രമായിട്ടായിരിക്കും അനുഭവിക്കുക. തുടർച്ചയായി ഇങ്ങനെ വരുമ്പോൾ അവരുടെ മനസ്സിൽ തനിക്കു എന്തോ മാരകമായ അസുഖമാണ് എന്ന ചിന്ത അല്ലെങ്കിൽ വിശ്വാസം ഉണ്ടാവുന്നു. ഈ ബുദ്ധിമുട്ടു ആ അസുഖത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അവർ കരുതും. അവരുടെ ഈയൊരു വിശ്വാസം അടിയുറച്ചതാവും.
- സൊമാറ്റോഫോം ഓട്ടോണോമിക് ഡിസോർഡർ (Somatoform Autonomic Disorder): പ്രത്യേകിച്ച് എടുത്തു പറയാൻ പറ്റാത്ത ഒരു അസ്വസ്ഥത അനുഭവപ്പെടുക. എവിടെയാണ് പ്രശ്‍നം, വേദനകൾ എന്തെങ്കിലുമുണ്ടോ എന്നൊന്നും മറ്റൊരാളോട് പറയാൻ പറ്റാത്ത ഒരവസ്ഥ. ഇങ്ങനെയുള്ള രോഗാവസ്ഥയെ ആണ് ഓട്ടോണോമിക് സൊമാറ്റോഫോം ഡിസോർഡർ എന്ന് വിളിക്കുന്നത്.
- പെയിൻ ഡിസോർഡർ (Pain Disorder): ഏതെങ്കിലും ഒരു ഭാഗത്തോ അവയവങ്ങളിലൊ കടുത്ത വേദന അനുഭവിക്കുക. സ്ഥിരമായിട്ടു ആ ഭാഗത്തു അല്ലെങ്കിൽ ആ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുക. ഈയൊരു അസുഖമുള്ളവർ എപ്പോഴും ഡോക്ടറെ കാണും. ഇവർ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റാൻ സ്ഥിരമായിട്ടു ഇവർ ഡോക്ടറെ കാണും. വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തും. അവസാനം ഡോക്ടർ പറയുന്നത് യാതൊരു ശാരീരിക പ്രശ്നങ്ങളുമില്ല ഇതിനു മെഡിക്കൽ സയൻസിൽ വിശദീകരണം നൽകാനാവില്ല എന്നാവും. ഇത് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്ങ്ങൾ കൊണ്ട് വരുന്നതാണ് എന്ന് പറഞ്ഞാലും അവർ വിശ്വസിക്കില്ല. ഇതേപോലെ കാണുന്ന ഒരവസ്ഥയാണ് പെയിൻ ഡിസോർഡർ. ഇങ്ങനെ ഡോക്ടർമാരെ മാറി മാറി കാണുന്നത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും.
ഇതേപോലെ രോഗാവസ്ഥ നിങ്ങൾക്കോ ചുറ്റുമുള്ളവർക്കോ കാണുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിനു പിന്നിലെ കാരണമായ മാനസികാവസ്ഥ/ മാനസിക പ്രശ്‍നം എന്താണ് എന്ന് ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടു കൂടി ചികിൽസിച്ചു മാറ്റിയെടുക്കാവുന്നതാണ്. ഇത് സ്ഥിരമായിട്ടു എല്ലാക്കാലവും നിലനിൽക്കില്ല. ലൈഫ് കെയർ കൗൺസിലിങ് സെന്റർ ഓൺലൈൻ ആയും നേരിട്ടും കൗൺസിലിങ് നൽകുന്നുണ്ട്, മുൻകൂട്ടി ബുക്ക് ചെയ്തു സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ്.