ചിലപ്പോഴൊക്കെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ നിങ്ങളെ വല്ലാതെ മാറ്റിക്കളയും. മാനസികമായി ഉണ്ടാവുന്ന പലതിനെയും അതിലും തീവ്രത കൂടിയ വികാരങ്ങൾ കൊണ്ട് നാം നേരിടാൻ ശ്രമിക്കും. ജീവിതത്തിൽ സംഭവിച്ച കാഠിന്യമേറിയ ഒരു സംഭവത്തെയോ മാറ്റത്തെയോ ഉൾക്കൊള്ളാനാവാതെ, ഒരു വ്യക്തിയുടെ അതി- വൈകാരികമായ പ്രതികരണത്തെയും പ്രകൃതത്തിലെ ബുദ്ധിമുട്ടുകളെയുമാണ് അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ എന്ന് പറയുന്നത്.
മാനസിക പിരിമുറുക്കം നിറഞ്ഞ ഏതൊരു സാഹചര്യവും ഒരു വ്യക്തിയെ ഈ അവസ്ഥയിലേക്ക് അനായാസം എത്തിക്കാം. സംഭവം നടന്നു ഏകദേശം മൂന്നു മാസത്തിനുള്ളിലാണ് ഈ രീതിയിലുള്ള ഒരു സ്ഥിതിവിശേഷം രൂപപ്പെടുന്നത്. മുതിർന്നവരിൽ കാണപ്പെടുമെങ്കിലും ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത് കുട്ടികളിലും യുവതിയുവാക്കളിലുമാണ് .
കാരണങ്ങൾ
ഒരുപാടു കാരണങ്ങൾ മൂലം ഈ അവസ്ഥ ഉണ്ടാകാം. എന്തിരുന്നാലും മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ തന്നെയാണ് അഡ്ജസ്റ്റുമെൻഡ് ഡിസോര്ഡറിലേയ്ക് നയിക്കുന്നത് എന്ന് ചുരുക്കം. സ്വകാര്യ ജീവിതം മൂലവും, കുടുംബപരവും, തോഴിൽപരവും ആയ പലവിധ കാരണങ്ങളും ഇതിനു പിന്നിൽ ഉണ്ടാകാം. ഒരു നാണയത്തിന്റെ ഇരുവശങ്ങളും പോലെ തന്നെ നല്ലതും പ്രതികൂലവുമായ പല മാറ്റങ്ങളും ഇത് വ്യക്തിയുടെ ജീവിതത്തിൽ വരുത്താം.
നമുക്കു അവയിൽ ചിലതിലേയ്ക്ക് നോക്കാം.
- ഒരു കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ മരണം.
- വേർപിരിയൽ, ദാമ്പത്യ പ്രശ്നങ്ങൾ, വിവാഹമോചനം എന്നിവ ഉൾപ്പെടെയുള്ള കുടുംബ പ്രശ്നങ്ങൾ.
- വിവാഹവും കുഞ്ഞിന്റെ ജനനവും
- ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ.
- സാമ്പത്തിക ബുദ്ധിമുട്ടുകൾ.
- പഠനവുമായി ബന്ധപ്പെട്ട പിരിമുറുക്കവും പ്രശ്നങ്ങളും
- ജോലിസംബന്ധമായ പ്രശ്നങ്ങൾ (തൊഴിൽ നഷ്ടം, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്നു).
- ജോലിയിൽ നിന്ന് വിരമിക്കുക
- അപ്രതീക്ഷിത ദുരന്തം.
നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, ജീവിതാനുഭവങ്ങൾ, കുടുംബ ചരിത്രം എന്നിവയെല്ലാം അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യതയിൽ ഒരു പങ്കു വഹിക്കുമെന്ന് കരുതപ്പെടുന്നു.
അഡ്ജസ്റ്റുമെൻഡ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ രീതിയിലാണ് അഡ്ജസ്റ്റുമെൻഡ് ഡിസോര്ഡറിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നത്. സാഹചര്യത്തിന്റെ തീവ്രതയും വ്യക്തിപരമായ കാരണങ്ങളെയും ആശ്രയിച്ചു രോഗലക്ഷണങ്ങൾ നേരിയ തോതിൽ നിന്ന് കഠിനമായ അവസ്ഥ വരെ ആയി മാറാം.
അഡ്ജസ്റ്റുമെൻഡ് ഡിസോർഡറിന്റെ ശാരീരിക ലക്ഷണങ്ങൾ ഇവയൊക്കെയാണ്
- അമിതക്ഷീണവും ഉറക്കമില്ലായ്മയും
- ശരീര വേദനയും തലവേദനയും
- ഏപ്പോഴും അസുഖമാണെന്നുള്ള തോന്നൽ
- തലവേദന അല്ലെങ്കിൽ വയറുവേദന.
- ഹൃദയമിടിപ്പ്.
- വിയർക്കുന്ന കൈകൾ.
എന്നാൽ വൈകാരികമായതോ പെരുമാറ്റവുമായോ ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
- അശ്രദ്ധയോടെ, അമിതാവേശത്തോടെ ,വിനാശകരമായി പ്രവർത്തിക്കുന്നു.
- അമിതമായ ഉത്കണ്ഠയും അസ്വസ്ഥതയും, എവിടെയോ കുടുങ്ങി പോയ അവസ്ഥയും, നിരാശയും
- എളുപ്പത്തിൽ കരയുക
- ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്നം.
- സ്വയം ഉൾവലിയുകയും ഒറ്റപ്പെടുകയും ചെയ്യുക
- ഊർജ്ജമോ ഉത്സാഹമോ ഇല്ലാത്ത അവസ്ഥ , ആത്മാഭിമാനം നഷ്ടപെടുന്നുവെന്ന തോന്നൽ
- ദൈനംദിന പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുക
- ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങൾ.
- അമിത സമ്മർദ്ദവും അനുഭവപ്പെടുക
- മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ദുരുപയോഗം.
- ആത്മഹത്യാ ചിന്തകളോ പെരുമാറ്റരീതികളോ ഉണ്ടാവുക
എങ്ങിനെയാണ് അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ തിരിച്ചറിയുക?
നിങ്ങളുടെ ജീവിതത്തിൽ ആഘാതമുണ്ടാക്കിയ സംഭവം നടന്നു മൂന്നു മാസത്തിനുള്ളിൽ വൈകാരികമായോ പെരുമാറ്റത്തിലൊ നിങ്ങൾക്കു സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ നിങ്ങൾ പ്രതീക്ഷിച്ചിതിനും അപ്പുറം വലിയൊരു തലത്തിലേക്ക് നിങ്ങളെ എത്തിക്കുകയും, നിങ്ങളുടെ തൊഴിലിനെയും, വ്യക്തിജീവിതത്തെയും, സാമൂഹികജീവിതത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നു തിരിച്ചറിയുകയും ചെയ്താൽ ചികിത്സ നേടാനുള്ള ആവശ്യകതയാണ് അത് ചൂണ്ടി കാണിക്കുന്നത്.
ഈ ഒരു സാഹചര്യത്തിൽ നിങ്ങൾ അനുഭവിക്കുന്നത് ഒരിക്കലും ഒരു സ്വാഭാവികമായ ദുഃഖാവസ്ഥ ആയിരിക്കില്ല.മതിയായ യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ദ്ധർക്ക് സമഗ്രമായ വിലയിരുത്തലിലൂടെയും, കുട്ടിയുമായും രക്ഷകർത്താക്കളും ആയുള്ള സ്വകാര്യ സംഭാഷണത്തിലൂടെയും രോഗനിർണ്ണയം നടത്താൻ സാധിക്കും. വ്യക്തിത്വം, ജീവിതസാഹചര്യങ്ങൾ, ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, പെരുമാറ്റ രീതികൾ എന്നിവയെ പറ്റിയെല്ലാം ഉള്ള വിശദമായ ചരിത്രം ഇതിലൂടെ ലഭിക്കും.
അഡ്ജസ്റ്റുമെൻഡ് ഡിസോർഡറിനെ രണ്ടായി തിരിച്ചിരിക്കുന്നു.
അക്യൂട്ട് അഡ്ജസ്റ്റുമെൻഡ് ഡിസോര്ഡറും ക്രോണിക്ക് അഡ്ജസ്റ്റുമെൻഡ് ഡിസോര്ഡറും. അക്യൂട്ട് അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ എന്നാൽ നിങ്ങളുടെ ലക്ഷണങ്ങൾ ആറുമാസത്തിൽ താഴെ നീണ്ടുനിൽക്കുമെന്നും ക്രോണിക് അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ എന്നാൽ നിങ്ങളുടെ ലക്ഷണങ്ങൾ ആറ് മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കും എന്നാണ്. സമ്മർദങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നതിനും അപ്പുറമാണോ എന്ന് തീരുമാനിക്കണമെങ്കിൽ മനശ്ശാസ്ത്ര വിദഗ്ദ്ധർ രോഗിയുടെ സാംസ്കാരിക പശ്ചാത്തലം കൂടി പരിഗണിക്കണം.
അഡ്ജസ്റ്റുമെൻഡ് ഡിസോര്ഡറുകൾ പലവിധമുണ്ട്
വിഷാദ മനോഭാവത്തോടുകൂടിയ അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ: സങ്കടം, നിരാശ, കരച്ചിൽ, മുൻപ് ചെയ്തിരുന്ന സന്തോഷകരമായ കാര്യങ്ങളിൽ നിന്നുള്ള സന്തോഷക്കുറവ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
ഉത്കണ്ഠയോടുകൂടിയ അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ: ഉത്കണ്ഠ, ശ്രദ്ധ കേന്ദീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, അമിതഭാരം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
ഉത്കണ്ഠയും വിഷാദ മാനസികാവസ്ഥയും ഉള്ള അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ : ഒരേ സമയത്തുള്ള ഉത്കണ്ഠയും വിഷാദവും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
പെരുമാറ്റ വൈകല്യത്തോടുകൂടിയ അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ: വിനാശകാരവും അശ്രദ്ധവുമായ പെരുമാറ്റം, അമിതാവേശം പോലുള്ള പെരുമാറ്റ പ്രശ്നങ്ങൾ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
തലവേദന, ശരീരവേദന, വയറുവേദന, ഹൃദയമിടിപ്പ് അല്ലെങ്കിൽ ഉറക്കമില്ലായ്മ തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും അഡ്ജസ്റ്റുമെൻഡ് ഡിസോര്ഡറിന്റെ ഭാഗമായി കണക്കാക്കാവുന്നതാണ്.
അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ എങ്ങനെയാണ് ചികിത്സിക്കുന്നത്?
നേരത്തെ തിരിച്ചറിഞ്ഞാൽ മികച്ച രീതിയിൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് അഡ്ജസ്റ്റുമെൻഡ് ഡിസോർഡർ .
ടോക്ക് തെറാപ്പി അഥവാ സൈക്കോതെറാപ്പി ആണ് പ്രധാന ചികിത്സ. ഒരു സാഹചര്യമോ സമ്മർദ്ദമോ ആണ് അഡ്ജസ്റ്റ്മെന്റ് ഡിസോർഡറിന് കാരണമാകുന്നത് എന്നതിനാൽ, നിങ്ങൾക്കു വിശ്വാസമുള്ള ഒരാളോട് സംസാരിക്കാനും ,സാഹചര്യത്തെ എങ്ങനെ മികച്ച രീതിയിൽ നേരിടാമെന്ന് പഠിക്കാനും ഇത് സഹായകരമാണ്. അതുപോലെ തന്നെ ഗ്രൂപ്പ് തെറാപ്പിയും ഫാമിലി തെറാപ്പിയും ഈ അവസ്ഥ മറികടക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. മതിയായ ചികിത്സ യഥാസമയം ലഭിച്ചില്ലെങ്കിൽ ആത്മഹത്യാ പ്രവണത ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
നിങ്ങളെ പിന്തുണയ്ക്കാനും പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോഴും നിങ്ങളെ താങ്ങി നിർത്തുവാനും വിശ്വാസ്യതയുള്ള ഒരു കൂട്ടം ആളുകൾ ചുറ്റിനുമുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അത് വ്യക്തികളാവാം, സുഹൃത്ബന്ധങ്ങളാവാം, കുടുംബമാവാം. അത് നിങ്ങളുടെ മനസ്സിനെ ശക്തിപ്പെടുത്തുകയും എന്തിനെയും കുറച്ചുകൂടി ധൈര്യത്തോടെ നേരിടാൻ ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. അതുപോലെ തന്നെ പ്രധാനമാണ് സ്വയം പരിപാലിക്കാൻ സമയം കണ്ടെത്തേണ്ടത്. ഇളം ചൂട് വെള്ളത്തിൽ കുളിക്കുക, ഒരു പുസ്തകം വായിക്കുക, ഒരു ജേണലിൽ എഴുതുക, നടക്കാൻ പോകുക അല്ലെങ്കിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി കളിക്കുക. നിങ്ങൾക്കായി സമയം എടുക്കുക. നിങ്ങൾക്ക് സുഖവും സന്തോഷവും നൽകുന്ന കാര്യങ്ങൾ ചെയ്യുക. നിങ്ങളുടെ സമ്മർദ്ദം ഇല്ലാതാകുമ്പോൾ നിങ്ങളുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും. നിരന്തരമായ വെല്ലുവിളികൾ നിറഞ്ഞതാണ് ജീവിതം. അതുകൊണ്ടു തന്നെയാണ് മനസ്സിന്റെ ആരോഗ്യവും അത്രമേൽ പ്രാധാന്യം അർഹിക്കുന്നത്.