നമ്മുടെ മനസ്സ് പലപ്പോഴും പറന്നു നടക്കുകയാണ്. ചിലപ്പോൾ കഴിഞ്ഞ കാലത്തെ ഓർമ്മകൾ ആയും മറ്റു ചിലപ്പോൾ ഭാവിയെ പറ്റിയുള്ള ആകുലതകളായും. ഇതിനിടയിൽ നാം മറന്നു പോകുന്നത് ഇന്നത്തെ നമ്മളെയാണ്, നമ്മുടെ സന്തോഷങ്ങളെയും ഇഷ്ടങ്ങളെയുമാണ്. സ്വന്തം ചിന്തകളെയും, വികാരങ്ങളെയും ശാരീരിക അവസ്ഥകളെയും പരിസ്ഥിതിയെപ്പറ്റിയും എല്ലാം വ്യക്തമായ അവബോധം ഉണ്ടാവുന്ന അവസ്ഥയാണ് മൈന്ഡഫുല്ലനെസ്സ്. ജീവിതത്തിലെ ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും ചെറിയ അനുഗ്രഹങ്ങളിൽ തൃപ്തരാകുവാനും പ്രത്യക്ഷത്തിൽ ജീവിക്കുവാനും ഇത് നമ്മെ പഠിപ്പിക്കുന്നു. നിങ്ങളുടെ ഉള്ളിലെ നെഗറ്റീവായ ചിന്തകളെയും വികാരങ്ങളെയും മികച്ച രീതിയിൽ നേരിടാനും ഇത് നിങ്ങളെ പ്രേരിപ്പിക്കുന്നു.
ദൈനംദിന ജീവിതത്തിൽ മൈന്ഡഫുൽനെസ്സ് പരിശീലിക്കാൻ പല വഴികളുണ്ട്.
- പ്രകൃതിയുടെ ഭാഗമായ, നിങ്ങള്ക്ക് ചുറ്റിനുമുള്ള കാഴ്ചകളെയും ഗന്ധങ്ങളെയും ശബ്ദങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അറിയാൻ ശ്രമിക്കുകയും ചെയ്യുക. ഓരോന്നിനെയും പൂർണമായി അറിഞ്ഞതിനു ശേഷം അടുത്തതിലേക്ക് പോവുക.
- കഴിഞ്ഞകാലത്തിന്റെ ഭാരവും ഭാവിയുടെ ഉത്കണ്ഠയും പേറി നടക്കാതെ ആ നിമിഷത്തിൽ ജീവിക്കാൻ പഠിക്കുക. ഇന്ന് എപ്പോൾ എന്ത് നടക്കുന്നു എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
- സ്വയം അംഗീകരിക്കുകയും കരുണയോടു കൂടി സ്വയം പെരുമാറുകയും ചെയ്യുക. മറ്റുള്ളവരോട് കാണിക്കുന്ന കരുണ സ്വയവും കൊടുക്കാൻ ശ്രമിക്കുക.
ഏതു അവസ്ഥയിലാണ് താൻ ഉള്ളതെന്ന് പൂർണമായി തിരിച്ചറിയുകയും എന്താണ് ചെയ്യുന്നതെന്ന് ഉൾക്കൊള്ളുകയും ചെയ്യുന്ന മനുഷ്യന്റെ അടിസ്ഥാനപരമായ കഴിവാണ് മൈന്ഡഫുല്ലനെസ്സിന്റെ ആധാരം.അതുപോലെ തന്നെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ അമിതമായി പ്രതികരിക്കുകയൊ സന്തോഷിക്കുകയൊ ചെയ്യാതെ അതിനെയെല്ലാം ജീവിതത്തിന്റെ ഭാഗമായി പരിഗണിക്കുമ്പോൾ മനസ്സും ശരീരവും നമ്മളിലേക്ക് കൂടുതൽ അടുക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. മൈന്ഡഫുൽനെസ്സ് എന്നത് നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിലും പരിശ്രമത്തിലൂടെ മാത്രമെ അത് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളു. നമ്മുടെ മാനസികവും വൈകാരികവും ശാരീരികവുമായ ചിന്തകളെയും പ്രവർത്തികളെയും ഉണർത്തുക എന്നതാണ് മൈന്ഡഫുൾനെസ്സിന്റെ ആത്യന്തികമായ ലക്ഷ്യം.
നമുക്കും നമ്മുടെ പ്രതികരണങ്ങൾക്കുമിടയിൽ അൽപ്പം ഇടം നൽകാനും, വാക്കുകൾക്ക് മുന്നേ ചിന്തിക്കാനും, പ്രവർത്തിക്കുന്നതിന് മുന്നെ മനസ്സിലാക്കാനും നമ്മുടെ കണ്ടീഷൻ ചെയ്ത രീതികളെ തകർക്കാനും മൈൻഡ്ഫുൾനെസ്സ് സഹായിക്കുന്നു.
എങ്ങിനെയാണ് മൈന്ഡഫുൽനെസ്സ് (Mindfulness) ശീലമാക്കുക?
സമയം നീക്കിവയ്ക്കുക: മൈന്ഡഫുൽനെസ്സ് നേടി എടുക്കാൻ നിങ്ങൾക്ക് പ്രത്യേകിച്ചുള്ള ഉപകരണങ്ങളോ ധ്യാനിക്കാനായി വസ്തുക്കളോ ഒന്നും തന്നെ ആവശ്യമില്ല. കുറച്ചു സമയവും ഇടവും അതിനായി മാറ്റി വച്ചാൽ മാത്രം മതി.
ഇപ്പോഴുള്ള നിമിഷത്തിൽ ശ്രദ്ധിക്കുക : മനസ്സിന് ശാന്തി കൈവരിക്കുകയൊ ശാശ്വതമായ സമാധാനം കൈവരിക്കുകയൊ ഒന്നുമല്ല മൈന്ഡഫുൾനെസ്സിന്റെ ലക്ഷ്യം. അത് വളരെ ലളിതമാണ്. മുൻവിധികൾ ഒന്നും കൂടാതെ ഇപ്പോൾ കടന്നു പോകുന്ന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രം മതി.
മുൻവിധികൾ ഇല്ലാതെ ഇരിക്കുക : സ്വയം വിലയിരുത്തുന്നതും, മുൻവിധികളും സ്വയം പരിശ്രമിക്കുന്നതിനിടയിൽ ഒഴിവാക്കുക. മനസ്സിൽ കുറിച്ചിട്ടതിനു ശേഷം ഈ തോന്നലുകൾ ഒക്കെ കടന്നു പോകാൻ അനുവദിക്കുക.
യാഥാർഥ്യത്തെ അംഗീകരിക്കുക : നമ്മുടെ മനസ്സ് നാനാവിധമായ ചിന്തകളിൽ അകപ്പെടുന്നു.പ്രത്യക്ഷത്തിലേക്കു മനസ്സാന്നിധ്യം കൊണ്ട് എത്തിച്ചേരുന്നതിനുള്ള പരിശീലനമാണ് മൈന്ഡഫുൽനെസ്സ് എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുക.
സ്വയം കരുണ ഉണ്ടാവുക : എന്തൊക്കെ ചിന്തകൾ മനസ്സിൽ ഉടലെടുത്താലും സ്വയം വിലയിരുത്തരുത്. മനസ്സ് വഴിമാറി പോവുന്നത് തിരിച്ചറിയാൻ കഴിവുണ്ടെങ്കിൽ അതിനെ തിരികെ കൊണ്ടുവരാനും നമുക്ക് സാധിക്കും. ഈ തിരിച്ചറിവുകൾ നമുക്ക് വല്ലാത്ത മനസ്സാന്നിധ്യം നേടി തരും.
നിങ്ങൾക്കു എവിടെ വെച്ചു എപ്പോൾ വേണമെങ്കിലും മൈന്ഡഫുൽനെസ്സ് പരിശീലിക്കുകയും വ്യത്യസ്ത രീതിയിൽ ധ്യാനിക്കാനുള്ള അവസ്ഥ ഉണ്ടാക്കി എടുക്കുകയും ചെയ്യാം.ഈ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് തീർച്ചയായും ലളിതമായ ഒരു കാര്യമല്ല. തുടർച്ചയായ പരിശ്രമവും പരിശീലനവും ഇതിനായി മനസ്സിന് നാം നൽകേണ്ടി ഇരിക്കുന്നു.
എങ്ങിനെയാണ് ധ്യാനത്തിലൂടെ മൈന്ഡഫുൾനെസ്സിലേക്കു എത്തുന്നത് ?
ധ്യാനത്തിലൂടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക് സാധിക്കുന്നു .അതിലൂടെ ഒരു പരിധി വരെ സ്വന്തം ശരീരവുമായി സംവദിക്കാനും സാധിക്കുന്നു. ഇതിലൂടെ ഉടലെടുക്കുന്ന ചിന്തകൾ,വികാരങ്ങൾ, ശബ്ദങ്ങൾ ഇവയിലൊക്കെ മനസ്സ് കുടുങ്ങി കിടക്കുന്നതായി കണ്ടെത്താം.എങ്കിലും മനസ്സിനെ ഒരു പരിധി വരെ അടക്കി നിർത്താൻ ഇതുകൊണ്ട് സാധിക്കുന്നു.
നിങ്ങളുടെ ശ്വസനത്തിന്റെ താളത്തിലേക്കു ചിന്തകളെ കൊണ്ടുവരിക. അവ കടന്നുപോകുന്ന ശരീരത്തിന്റെ ഓരോ ഭാഗത്തേക്കും ചിന്തകളെ എത്തിക്കാൻ ശ്രമിക്കുക. സ്വന്തം ചിന്തകളെ നിരീക്ഷിക്കുമ്പോൾ അവ വല്ലാതെ അലഞ്ഞു തിരിയുന്നതായി കാണപ്പെടാം. എങ്കിലും അവയോടു മല്ലിടാതെ നിരീക്ഷിക്കാൻ പരിശീലിക്കുക. അത് ബുദ്ധിമുട്ടാകും തോറും വീണ്ടും പരിശീലിക്കുക. പ്രതീക്ഷകളും മുൻവിധികളും മാറ്റിവെച്ചു തുടർച്ചയായി ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. ഒരു നിമിഷം എടുത്ത് പ്രകൃതിയിൽ ഉണ്ടാവുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കുക. അതിനോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നുംമനസിലാക്കുക.അതോടൊപ്പം തന്നെ സ്വന്തം ചിന്തകളെയും വികാരങ്ങളെയും കുറിച് ഒരു വ്യക്തത ഉണ്ടാവുക.
മൈന്ഡഫുല്ലനെസ് നിങ്ങളുടെ മാനസിക ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു?
പഠനങ്ങൾ പറയുന്നതനുസരിച്ചു മൈന്ഡഫുൽനെസ്സ് പരിശീലിക്കുന്നത് ജീവിതത്തിലെ വിഷമങ്ങളെയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെയും കുറേകൂടി മികച്ച രീതിയിൽ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും എന്നാണ്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മികച്ച വഴികൾ നിങ്ങൾ പഠിക്കുകയും സമ്മർദ്ദകരമായ സാഹചര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. വ്യക്തിബോധം വളർത്തുകയും അവബോധം ഉള്ളവരാക്കുകയും ചെയ്യുന്നു.
നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷവും സമാധാനവും കണ്ടെത്തുക എന്നുള്ളതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹവും അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.അതിനെ ഏറ്റവും ലളിതമായും ആയാസകരമായും മറികടക്കാനാണ് മൈന്ഡഫുല്ലനെസ്സ് നമ്മളെ പരിശീലിപ്പിക്കുന്നത്. നമുക്കുള്ളിൽ ഉള്ള നമ്മളെയും ചുറ്റുമുള്ള പലതിനെയും ആഴത്തിൽ അറിയുവാനും മനസ്സിലാക്കുവാനും ഈ അവസ്ഥ കാരണമാകുന്നു. നമ്മളാകുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താനായാൽ, ഇന്നലെകളും നാളെകളും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കാതെ ഇരുന്നാൽ പ്രതീക്ഷകൾക്കും അപ്പുറം ഒരു ജീവിതം നമുക്കു ജീവിക്കാൻ സാധിക്കും.