കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെക്നോളജി അനുബന്ധ മേഖലകളിൽ വളരെ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ടെലിവിഷൻ, സെൽഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, വീഡിയോ ഗെയിമുകൾ തുടങ്ങി വിവിധ തരത്തിലുള്ള ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ നമ്മളെ അറിവ് നേടാനും, ആശയവിനിമയം നടത്താനും, സാമൂഹികമായ പ്രവർത്തനങ്ങൾ നടത്താനും വിവിധ ജോലികൾ എളുപ്പമാക്കാനുമൊക്കെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. എന്നാൽ ഏതൊരു പുതിയ സാങ്കേതികവിദ്യയും വിവേകശൂന്യമായി ഉപയോഗിച്ചാൽ അതിന്റെ ദോഷവശങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരും, ഡിജിറ്റൽ മീഡിയയെ സംബന്ധിച്ചിടത്തോളം അത് വളരെ വ്യക്തമാണ്. ഓൺലൈൻ, ഓഫ്ലൈൻ ആസക്തികളുടെ വർദ്ധിച്ചുവരുന്ന സംഭവങ്ങളും സൈബർ സ്റ്റാക്കിംഗ്, സൈബർ ഭീഷണിപ്പെടുത്തൽ, വെബ്ക്യാം സെക്സ് ടൂറിസം തുടങ്ങിയ പെരുമാറ്റങ്ങൾ ഇതിന് തെളിവാണ്.
കൊറോണക്ക് ശേഷം കുട്ടികൾ ഉൾപ്പടെ പഠന ആവശ്യങ്ങൾക്കായി മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങിയിരുന്നു, എന്നാൽ സ്കൂളുകൾ തുറന്നെങ്കിലും ഇന്നും അതിന്റെ ഉപയോഗം കുറക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ല. അവർ പല തരത്തിലുള്ള ഗെയിമുകളിലും സോഷ്യൽ മീഡിയയിലും കൂടുതൽ സമയം ചിലവഴിക്കുന്നു. മിക്ക മാതാപിതാക്കളും ചെറിയ കുട്ടികൾക്ക് ആഹാരം കൊടുക്കുന്നത് തന്നെ മൊബൈൽ ഫോണിൽ കാർട്ടൂണുകൾ കാണിച്ചാണ്. അമിത സ്ക്രീൻ ഉപയോഗം ആരോഗ്യപരമായും മാനസികമായും, മറ്റു പല തരത്തിലും അവർ അറിയാതെ തന്നെ അവരുടെ ജീവിതത്തെ ബാധിക്കുന്നു. (മൊബൈൽ ഫോൺ, ടീവി, ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തെ സ്ക്രീൻ ഉപയോഗം എന്ന് പറയാം)
ആളുകളുടെ അമിതമായ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കേണ്ടത് ഇന്നത്തെ കാലത്തു അനിവാര്യമായ ഒന്നാണ്. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി വിവിധ പ്രായത്തിലുള്ളവർക്കു എങ്ങനെ സ്ക്രീൻ ഉപയോഗിക്കാം എന്ന് കുറച്ചു നിർദേശങ്ങൾ മുന്നോട് വച്ചിട്ടുണ്ട്, അതാണ് താഴേക്ക് പറയുന്നത്.
✅️ 5 വയസ്സു വരെയുള്ള കുട്ടികൾക്ക്
✅️ 5 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക്
✅️ 18 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് വ്യക്തിഗത ഡിജിറ്റൽ – ടൈം മാനേജ്മെന്റ് ടിപ്പുകൾ
✅️ 5 വയസ്സു വരെയുള്ള കുട്ടികൾക്ക്
കുട്ടികളുടെ മസ്തിഷ്ക വികസനവും ചുറ്റുപാടുകളിൽ നിന്നും കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുന്നതും അവരുടെ ശൈശവ കാലഘട്ടത്തിലാണ്. അവരുടെ രക്ഷിതാക്കളുമായി തുടരെയുള്ള ഇടപെടൽ ബുദ്ധിപരവും, ഭാഷാപരവും, ചലനാത്മകവുമായ മാറ്റങ്ങൾ അവരിൽ വരുത്തുന്നു. അതുകൊണ്ടു തന്നെ ഈ ഒരു കാലഘട്ടം വളരെ നിർണായകമാണ്.
ഈ പ്രായത്തിൽ ചെറിയ കുട്ടികളെ അമിതമായി/അല്ലെങ്കിൽ പതിവായി സ്ക്രീനുകൾ (ടാബ്ലെറ്റുകൾ, സ്മാർട്ട് ഫോണുകൾ, ടിവി, കമ്പ്യൂട്ടറുകൾ തുടങ്ങിയവ) കാണിക്കുന്നത് കുട്ടികളെ സംബന്ധിച്ച് ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. മുകളിൽ പറഞ്ഞ പോലെ മിക്ക മാതാപിതാക്കളും ഫോണിലും ടീവിയിലും കാർട്ടൂണുകളും മറ്റുമൊക്കെ കാണിച്ചാണ് ഭക്ഷണം കൊടുക്കുന്നത് തന്നെ.
ഈ പ്രായത്തിൽ മാധ്യമങ്ങളുമായുള്ള അമിതമായ സമ്പർക്കം അവരുടെ ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം, വൈകാരികമായ ഇടപെടലുകൾ എന്നിവയിൽ ആഴത്തിൽ സ്വാധീനം ചെലുത്തും. ഇത് കുട്ടികളിൽ അമിത വണ്ണം, ഉറക്കമില്ലായ്മ, അസ്വസ്ഥത, ക്ഷോഭം, സംസാരിക്കാൻ വൈകുക, ബുദ്ധിപരമായ ഏറ്റക്കുറച്ചിലുകൾ തുടങ്ങി വിവിധ ദോഷഫലങ്ങൾ ഉണ്ടാക്കും. ബൗദ്ധികവും മാനസികവുമായ വികസനം കുറഞ്ഞു വരിക, അതിനു വ്യതിയാനം വരിക എന്നതു അവരുടെ ഭാവിയെ തന്നെ ഇല്ലാതാകുന്ന ഒന്നാണ്.
ഈ പ്രായത്തിൽ കുട്ടികൾ പരിസ്ഥിതിയും പ്രകൃതിയും സമൂഹവും ഒക്കെയായി ഇഴുകിച്ചേർന്നു കൊണ്ട് വിവിധ കളിചിരികളിൽ ഏർപ്പെടുകയും അതിൽ നിന്നും പഠിക്കുകയും പ്രയോജനം നേടുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കുട്ടികൾ വളർന്നു വരുന്ന പ്രായത്തിൽ വിർച്വൽ ലോകത്തിന്റെ പ്രാധാന്യം കുറയ്ക്കണം. അതിനുള്ള കുറച്ചു വഴികളാണ് ഇനി പറയുന്നത്.
❇️ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ സ്ക്രീൻ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക.
❇️ 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ഒരു നിർബന്ധ ആവശ്യമല്ല, അത് കാണിക്കുന്നുണ്ടെങ്കിൽ തന്നെ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ ആയിരിക്കണം.
❇️ 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക്, അവരുടെ വിദ്യാഭ്യാസ സംബന്ധമായ ഗെയിമുകൾ, അല്ലെങ്കിൽ അവരെ പഠിപ്പിക്കാൻ ആവശ്യമായ സംഗതികൾ ഒക്കെ കാണിക്കാവുന്നതാണ്. എന്നാൽ ഓരോ സെഷനും 30 മിനുറ്റിൽ അധികമാവാൻ പാടില്ല, ഒരു ദിവസം അങ്ങനത്തെ 2 സെഷനുകൾ മാത്രമേ കാണിക്കാവൂ. ഈ സെഷനുകൾ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രമേ പാടുള്ളു. മാധ്യമങ്ങളിലൂടെ ഇങ്ങനെ കിട്ടുന്ന അറിവ് അവർ യഥാർഥ ലോകത്തു പ്രകടിപ്പിക്കുവാൻ സാധ്യതയുണ്ട്, അതുകൊണ്ട് മറ്റു വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. മാധ്യമങ്ങളുടെ ഉപയോഗം ഒരു ആസക്തി ശീലമായി മാറിയേക്കാമെന്നത് മനസ്സിലാക്കേണ്ടതുണ്ട്. തലച്ചോറിനെ ഘടനാപരമായും പ്രവർത്തനപരമായും അത് ബാധിക്കുന്നു. പിന്നീട് നിയന്ത്രിക്കാൻ പ്രയാസമാണ്.
❇️ ശ്രദ്ധ തിരിക്കുന്നതും, അക്രമാസക്തമായ ഉള്ളടക്കമുള്ളതും, ധാരാളം ഉള്ളടക്കങ്ങളുമുള്ള പ്രോഗ്രാമുകളും ആപ്പുകളും ഒഴിവാക്കുക. ഇത് കുട്ടികൾക്കു പിന്നീട് ഏകാഗ്രത ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
❇️ ഉപയോഗത്തിലില്ലാത്തപ്പോൾ ടെലിവിഷനും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുക.
❇️ കുട്ടികൾക്കു ഭക്ഷണം നൽകുമ്പോൾ അവരെ ശാന്തമാക്കാനോ, ശ്രദ്ധ തിരിക്കാനോ, അല്ലെങ്കിൽ നിങ്ങൾക്കു സമാധാനമായി ഇരിക്കാനോ കുട്ടികൾക്ക് സ്ക്രീൻ അധികം നൽകാതെയിരിക്കുക.
❇️ കിടപ്പുമുറി, ഭക്ഷണ സമയം, രക്ഷിതാക്കൾ-കുട്ടികൾ കളിക്കുന്ന അവസരങ്ങൾ തുടങ്ങി അവരുമായി ചിലവഴിക്കുന്ന സമയം മാതാപിതാക്കൾ സ്ക്രീൻ ഉപയോഗിക്കാതെയിരിക്കുക.
❇️ ഉറങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് സ്ക്രീനുകൾ ഒന്നും ഉപയോഗിക്കാതിരിക്കുക, കിടപ്പുമുറിയിൽ നിന്നും ഒഴിവാക്കുന്നതാണ് ഉത്തമം.
❇️ കുട്ടികളുടെ റോൾ മോഡലാണ് മാതാപിതാക്കൾ, അവരുടെ ശീലങ്ങൾ കുട്ടികളും അനുകരിക്കും. കുട്ടിയുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ മിതമായി മാത്രം സ്ക്രീൻ ഉപയോഗിക്കുക.
❇️ കുട്ടിയുമായുള്ള നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടുത്താൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികളുമായി കൂടുതൽ സമയം ചിലവഴിക്കുക. യഥാർത്ഥ മനുഷ്യന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല.
✅️✅️5 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക്
5 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും ഡിജിറ്റൽ സ്ക്രീൻ ഉപയോഗം വളരെയധികം വർധിച്ചിട്ടുണ്ട്, അതിനു ഒരുപാട് ഗുണ ഫലങ്ങൾ ഉണ്ടെങ്കിലും അത്രയും തന്നെ ദോഷ ഫലങ്ങളുമുണ്ട്.
പൊണ്ണത്തടി, ഉറക്കമില്ലായ്മ, കണ്ണിന് ബുദ്ധിമുട്ട്, തലവേദന ഇതേപോലുള്ള ആരോഗ്യ പ്രശ്നങ്ങൾ, കൃത്യതയില്ലാത്തതും അനുചിതവും സുരക്ഷിതമല്ലാത്തതുമായ ഉള്ളടക്കം, മോശപ്പെട്ട ബന്ധങ്ങൾ, വിട്ടുവീഴ്ച ചെയ്യപ്പെടുന്ന സ്വകാര്യത, വിവിധ തരത്തിലുള്ള സ്ക്രീനുമായി ബന്ധപ്പെട്ട ആസക്തികൾ (ഗെയിമിംഗ് പോലെ, അശ്ലീലസാഹിത്യവും സോഷ്യൽ മീഡിയയും) ഒക്കെ അതിന്റെ ദോഷഫലങ്ങളിൽ പെടും. മാതാപിതാക്കൾ നിങ്ങളുടെ കുട്ടികളെ ഇതിൽ നിന്നുമൊക്കെ സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്.
മാതാപിതാക്കൾക്കുള്ളതാണ് ഇനിയുള്ള നിർദേശങ്ങൾ
❇️ ഡിജിറ്റൽ സാക്ഷരത പ്രധാനമാണ്, അത് അവഗണിക്കാനാവില്ല. ആരോഗ്യകരമായ വഴികളിൽ സുരക്ഷിതമായി സാങ്കേതികവിദ്യ ഉപയോഗിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക.
❇️കുട്ടിയുമായി ചർച്ച ചെയ്തു അനുയോജ്യമായ ഒരു സ്ക്രീൻ ഉപയോഗ രീതി പരിശീലിക്കുക.
❇️ ഭക്ഷണ സമയത്തും ഗൃഹപാഠം ചെയ്യുമ്പോഴും ആളുകളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും മാധ്യമ ഉപയോഗം നിരുത്സാഹപ്പെടുത്തുക. കഴിവതും എല്ലാവരും ഉള്ള ലിവിങ് റൂം അതേപോലെയുള്ള സ്ഥലങ്ങളിൽ വച്ച് ഉപയോഗിക്കാൻ അനുവദിക്കുക.
❇️ കുട്ടികളുടെ ഓൺലൈൻ ഉപയോഗം പരിമിതപ്പെടുത്താൻ അവരുടെ പാസ്സ്വേർഡുകൾ വാങ്ങി വയ്ക്കുക, സെർച്ചുകൾ ഇടയ്ക്കു പരിശോധിക്കുക. കൂടാതെ തന്നെ പേരന്റൽ കണ്ട്രോൾ സോഫ്റ്റ് വെയറുകൾ, ആപുകൾ എന്നിവ ഉപയോഗിക്കാം. നിങ്ങൾക്കു അറിയില്ലെങ്കിൽ ഒരു എക്സ്പെർട്ടിന്റെ സഹായം തേടാവുന്നതാണ്.
❇️കുട്ടികൾ ദിവസേന കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുക, സ്പോർട്സ് , സൈക്ലിംഗ് അങ്ങനെ എന്തെങ്കിലും ആക്ടിവിറ്റീസ് ചെയ്യിക്കാം, ഗാർഡനിങ്, വീട്ടിലെ ചെറു ജോലികൾ ഒകെ ചെയ്യിക്കാം. പ്രായം അനുസരിച്ചു 8 മുതൽ 12 മണിക്കൂർ വരെ ഉറക്കം ക്രമീകരിക്കുക. അവർക്കൊപ്പം വായിക്കുക, കളിക്കുക, സംസാരിക്കുക തുടങ്ങിയ ആരോഗ്യപരമായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക.
❇️ കുട്ടികൾ ഉപകരണങ്ങളുമായി (ടാബ്ലെറ്റോ സ്മാർട്ട്ഫോണോ പോലുള്ളത്) ഉറങ്ങുന്നില്ലെന്ന് ഉറപ്പാക്കുക. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് തന്നെ സ്ക്രീൻ ഉപയോഗം നിർത്തുക.
❇️ മാധ്യമ രഹിത സമയങ്ങൾ (ഉദാ. അത്താഴം) ഒരുമിച്ച് ചിലവഴിക്കുക.
❇️ വിവിധ സോഷ്യൽ മീഡിയകളിലെ അവരുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനെക്കുറിച്ച് കുട്ടിയുമായി മുൻകൂട്ടി ചർച്ച ചെയ്യുക, പരസ്പര വിശ്വാസവും ഉത്തരവാദിത്ത ആശയവിനിമയ ബോധവും വളർത്തിയെടുക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമുകൾ/രീതികൾ തിരഞ്ഞെടുക്കുക. കുട്ടിക്ക് ഏതെങ്കിലും പുതിയ ആപ്പോ പ്ലാറ്റഫോമോ ഉപയോഗിച്ച് നോക്കണമെങ്കിൽ, അതിന്റെ ഉപയോഗവും പ്രയോജനങ്ങളും ഒകെ ഒരുമിച്ചു ചർച്ച ചെയ്യുക.
❇️ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കാണുകയും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അവർക്കു വ്യക്തമായി പറഞ്ഞു കൊടുക്കുകയും ചെയ്യുക.
❇️ കുട്ടികൾ ഓൺലൈനിൽ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ, അവർക്ക് ഇനിപ്പറയുന്ന സുരക്ഷ ഉപദേശിക്കുക.
👉വിലാസം, ഫോൺ നമ്പർ അല്ലെങ്കിൽ ചിത്രങ്ങൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. അജ്ഞാതരായ ആളുകളിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കാതിരിക്കുക.
👉അജ്ഞാതരായ ആളുകളുമായി ഓൺലൈൻ “സുഹൃത്തുക്കൾ” ആകുന്നത് കഴിവതും ഒഴിവാക്കുക.
👉ഓൺലൈനിൽ കണ്ടുമുട്ടിയ ഒരാളെ അവരെക്കുറിച്ചു കൃത്യമായ വിവരങ്ങൾ അറിയാതെ നേരിട്ട് കാണാൻ ഒരിക്കലും ശ്രമിക്കരുത്.
👉പ്രൊഫൈലിൽ മുഴുവൻ പേരും ഉപയോഗിക്കാതിരിക്കുക, അല്ലെങ്കിൽ നിങ്ങളുടെ വിളിപ്പേര് ഉപയോഗിക്കാം.
👉അവരുടെ പേര് ഉൾപ്പെടുത്താത്ത ഒരു ഇമെയിൽ വിലാസം ഉപയോഗിക്കുക.
👉സോഷ്യൽ പ്ലാറ്റുഫോമുകളിലെ സെക്യൂരിറ്റി സംവിധാനങ്ങൾ ഉപയോഗിക്കുക.
👉ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുമ്പോൾ വളരെ ശ്രദ്ധയോടെ പങ്കിടുക.
❇️ പൊതു മാധ്യമങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ പോസ്റ്റ് ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് പറഞ്ഞുകൊടുക്കുക. വ്യക്തിഗത ഇടപെടലുകൾ മാന്യമായ രീതിയിൽ ആവാൻ പരിശീലിപ്പിക്കുക.
❇️ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ (ശല്യപ്പെടുത്തുന്നതും, കളിയാക്കുന്നതും, ലജ്ജിപ്പിക്കുന്നതും ഒക്കെയുള്ളതു )എങ്ങനെ കൈകാര്യം ചെയ്യാം, അവയോടു എങ്ങനെ പ്രതികരിക്കാമെന്ന് മുൻകൂട്ടി ചർച്ച ചെയ്യുക, അവരെ പരിശീലിപ്പിക്കുക.
❇️ എപ്പോഴെങ്കിലും മറ്റുള്ളവർ അയച്ച ഏതെങ്കിലും ഉള്ളടക്കത്തിൽ അവർക്ക് ബുദ്ധിമുട്ട് / അസ്വസ്ഥത തോന്നിയാൽ നിങ്ങളോട് അതിനെക്കുറിച്ചു പറയണം എന്ന് അവരോട് മുൻകൂട്ടി പറഞ്ഞു വയ്ക്കുക.
❇️ ഡിജിറ്റൽ ലോകത്തു അവർ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങൾ ചോദിച്ചറിയുക.
❇️ ശിശുപാലകരും മുത്തശ്ശിമാരും അങ്ങനെ നിങ്ങളുടെ കുട്ടികളെ നോക്കുന്നവരുടെ അടുത്ത് സ്ക്രീൻ ഉപയോഗത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അറിയിക്കുക, കുട്ടികൾ അത് പാലിക്കുന്നുണ്ടെന്ന് ഇടയ്ക്കു ചോദിച്ചു ഉറപ്പാക്കുക.
❇️ ഡിജിറ്റൽ മീഡിയയെ കുറിച്ച് കുട്ടികൾക്ക് ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ മാത്രം അയക്കരുത്. ഇത് എങ്ങനെ നന്നായി ഉപയോഗിക്കാമെന്നും ഇവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ എങ്ങനെ മറികടക്കാമെന്നും പഠിപ്പിക്കുക.
❇️ വളർന്നു വരുന്ന സമയങ്ങളിൽ കുട്ടികളുമായി കൂടുതൽ അടുപ്പം സൂക്ഷിക്കാൻ സ്ഥാപിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുക.
✅️✅️ 18 വയസ്സിനു മുകളിലുള്ള മുതിർന്നവർക്ക് വ്യക്തിഗത ഡിജിറ്റൽ – ടൈം മാനേജ്മെന്റ് ടിപ്പുകൾ
ലോകമെമ്പാടും, ഇന്ത്യയിലും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ ഉപയോഗം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഇന്റർനെറ്റ് ഉള്ള സ്മാർട്ട് ഫോണുകൾ. അത്തരം ഗാഡ്ജെറ്റുകൾ കൊണ്ട് ആശയവിനിമയം, അറിവ് സമ്പാദിക്കൽ, സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക തുടങ്ങി ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായി മണിക്കൂറുകൾ അതിൽ തന്നെ ചിലവഴിക്കുന്നത് അപകട സാധ്യതകൾ വരുത്തി വയ്ക്കുന്നു. ഇത്തരം ഗാഡ്ജറ്റുകൾ എല്ലാവർക്കും ആവശ്യമാണ് എന്നാലും ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ഉള്ള അതിന്റെ അമിത ഉപയോഗം കുറയ്ക്കാൻ കുറച്ചു മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
❇️ നിങ്ങളുടെ ഉപയോഗവും അതിന്റെ ദൈർഘ്യവും അടിസ്ഥാനമാക്കി ഒരു ബോധപൂർവമായ ഉപയോഗ പദ്ധതി തയ്യാറാക്കുക.
❇️ ഗാഡ്ജെറ്റ് രഹിത വിനോദവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും കൂടുതൽ ഉപയോഗിക്കുക.
❇️ സോഷ്യൽ മീഡിയകളിൽ എങ്ങനെ പെരുമാറണം, എന്തിനോടൊക്കെ പ്രതികരിക്കണം, മെസ്സേജുകൾക്ക് എപ്പോൾ മറുപടി കൊടുക്കണം എന്ന് തീരുമാനിക്കുക, അതിനൊക്കെ ഒരു സമയം നിശ്ചയിക്കുക. സമയമുള്ളപ്പോൾ, അത്യാവശ്യം എന്ന് നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ മാത്രം പരിഗണിക്കുക.
❇️ കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും ഗാഡ്ജറ്റുകളുടെ ഉപയോഗം നിർത്തുക, കിടപ്പുമുറിയിൽ നിന്നും മാറ്റി വയ്ക്കുക.
❇️ നിങ്ങളുടെ ഫോണിൽ ആവശ്യമില്ലാത്ത, നിങ്ങൾ ഒരിക്കൽപോലും ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക.
❇️ ജോലി ചെയ്യുമ്പോൾ, ഫോണിന്റെ ആവശ്യമില്ലെങ്കിൽ അത് മാറ്റി വയ്ക്കുക, ഇന്റർനെറ്റ് ഓഫ് ചെയ്യുക. അനാവശ്യ നോട്ടിഫിക്കേഷൻസ് വരുന്നത് ജോലിയിലെ ശ്രദ്ധ കുറയ്ക്കും.
❇️ നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗം ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിന് (Appdetox, Moment പോലുള്ളവ) ആപ്ലിക്കേഷൻ ഉപയോഗിക്കുക, അത്തരം ആപ്ലിക്കേഷനുകൾ നിങ്ങളുടെ സ്ക്രീൻ ഉപയോഗത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ഫീഡ്ബാക്ക് നൽകുന്നു.
❇️ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളും, കമ്പ്യൂട്ടറും അതിലെ സ്വകാര്യ വിവരങ്ങളും ഓൺലൈനിൽ സുരക്ഷിതമാക്കുന്നതിനു താഴെ പറയുന്ന നിർദേശങ്ങൾ പിന്തുടരുക
👉 നിങ്ങളുടെ ഉപകരണത്തിൽ ആന്റി വൈറസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുക, അത് അപ് ടു ഡേറ്റ് ആയി നില നിർത്തുക.
👉 നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസർ അപ് ടു ഡേറ്റ് ആയി നില നിർത്തുക.
👉 കമ്പ്യൂട്ടറിൽ എന്തെങ്കിലും അസ്വാഭാവികമായി കണ്ടാൽ ശ്രദ്ധിക്കുക, അത് എന്ത് കൊണ്ട് വന്നു എന്ന് പരിശോധിക്കുക.
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ഫയർവാൾ ഇൻസ്റ്റാൾ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുക
👉 പോപ്പ്-അപ്പ് ബ്ലോക്കർ പോലുള്ള സവിശേഷതകളുള്ള ഒരു ആധുനിക ബ്രൗസർ ഉപയോഗിക്കുക അല്ലെങ്കിൽ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുക, അനാവശ്യമായ കുക്കീസ് ഇൻസ്റ്റാൾ ചെയ്യുന്നത് തടയുക. ഇടക്കിടെ ബ്രൌസർ ക്യാഷ് ക്ളീൻ ചെയ്യുക.
👉 നിങ്ങളുടെ ഉപകരണത്തിൽ സെൻസിറ്റീവ് മെറ്റീരിയൽസ് അനിശ്ചിതമായി സൂക്ഷിക്കുന്നത് ഒഴിവാക്കുക.
നിങ്ങളുടെ പാസ്വേഡുകൾ ഇടയ്ക്കിടെ മാറ്റുക.
പ്രധാനപ്പെട്ട വിവരങ്ങൾ അയക്കുമ്പോൾ അനധികൃത പ്രവേശനം തടയാൻ ഇ-മെയിലുകളിൽ “രഹസ്യ മോഡ്” പരീക്ഷിക്കുക.
👉 ഇ-മെയിൽ അറ്റാച്ച്മെന്റുകൾ വഴി അയച്ച ലിങ്കുകൾ സൂക്ഷിക്കുക, സ്കാൻ ചെയ്തു മാത്രം ഡൌൺലോഡ് ചെയ്യുക.
👉 മൊബൈൽ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആവശ്യപ്പെടുന്ന പെർമിഷൻസ് ശ്രദ്ധിക്കുക, ആവശ്യമുണ്ടെങ്കിൽ മാത്രം നൽകുക.
👉 ആപ്പുകൾ പ്ലേയ് സ്റ്റോർ പോലുള്ള ഓതറൈസ്ഡ് ആയ സ്ഥലത്തു നിന്നും മാത്രം ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങൾക്ക് ഓൺലൈൻ/ഇന്റർനെറ്റ് സംബന്ധിച്ച എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ നിങ്ങൾ വിശ്വസിക്കുന്ന ഒരാളുമായി അതിനെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ സ്ക്രീൻ ഉപയോഗം നിങ്ങൾക്കു നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടാവുന്നതാണ്.