ഇന്ന് പത്രമാധ്യമങ്ങൾ നോക്കിയാൽ കുടുംബത്തകർച്ചയുടെയും വിവാഹേതര ബന്ധങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് ദിവസേന നമുക്ക് കാണാൻ കഴിയുന്നത്. പഴയ കാലത്തെ അപേക്ഷിച്ച് വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും സുഖസൗകര്യങ്ങളുടെ ലഭ്യതയും വർധിച്ചിട്ടും വിവാഹമോചനവും ദാമ്പത്യ പ്രശ്‌നങ്ങളും അനുദിനം വർധിച്ചുവരുന്നതല്ലാതെ കുറയുന്നില്ല.
ലൈഫ് കെയർ കൗൺസിലിംഗ് സെന്ററിൽ വരുന്ന ഫാമിലി കൗൺസിലിംഗ് കേസുകളിൽ ഒട്ടുമിക്ക ദാമ്പത്യ പ്രശ്നങ്ങളുടെയും തുടക്കം തേടിപോകുമ്പോൾ കാണാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണിലൂടെയുമുള്ള വഴിവിട്ട ബന്ധങ്ങൾ തന്നെയാണ്. വിവാഹം കഴിഞ്ഞവർ മാത്രമല്ല, വീട്ടിൽനിന്നും സ്‌നേഹം കിട്ടുന്നില്ല എന്ന തോന്നലിൽ സ്‌നേഹത്തിനായി സോഷ്യൽ മീഡിയയിൽ പരതി അബദ്ധ കൂട്ടുകെട്ടിൽ പെടുകയും വീട് വിട്ടിറങ്ങുകയും അവസാനം തിരിച്ചുവരാൻ പറ്റാത്ത സാഹചര്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരും ഇന്ന് കേരളത്തിൽ സുലഭമാണ്.
അതേപോലെ തന്നെ സോഷ്യൽ മീഡിയയുടെ അതിപ്രസരണം മൂലം ചതിക്കുഴികളിൽ ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുന്ന ഭാര്യമാരേയും കുഞ്ഞിനെ കൊന്ന് പുതിയ ഭർത്താവിനോടൊപ്പം ജീവിക്കാൻ തുനിഞ്ഞിറങ്ങുന്ന ഭാര്യമാരും പ്രേമം പരാജയപ്പെട്ടാൽ പെൺകുട്ടിയെ കൊന്നുകളയുന്ന കാമുകന്മാരും ഇന്ന് കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്നു.
യഥാർത്ഥത്തിൽ സോഷ്യൽ മീഡിയയും മൊബൈൽ ഫോണും തന്നെയാണോ ഇവിടെ കുഴപ്പക്കാർ?
നിങ്ങളൊന്നു ആലോചിച്ചു നോക്കിക്കേ.. സോഷ്യൽ മീഡിയയും മൊബൈലുമെല്ലാം നമുക്ക് ഉപകാരമുള്ള സംഗതികൾ തന്നെയാണ്, പക്ഷെ അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ അറിയാതെ പോവുമ്പോൾ ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത് എന്ന് തന്നെ പറയാം. അധികമായാൽ അമൃതും വിഷം തന്നെയാണ്, അതുപോലെ തന്നെയാണ് സൈബർ ഇടങ്ങളും, അമിത ഉപയോഗം നിങ്ങളെ ‘ഇന്റർനെറ്റ് അഡിക്ഷൻ ഡിസോർഡർ’ എന്ന അവസ്ഥയിലേക്കാണു എത്തിക്കുന്നത്.
ഭാര്യയും ഭർത്താവും തമ്മിലുളള ആശയവിനിമയത്തിന്റെ അകലം കൂടുമ്പോഴാണ് പല കുഴപ്പങ്ങൾക്കും തുടക്കമാകുന്നത്. ജീവിതത്തിരക്കുകൾ, കുടുംബാന്തരീക്ഷത്തിലെ കുഴപ്പങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലി തിരക്കുകൾ, രണ്ടിടങ്ങളിലായുളള ജീവിതം തുടങ്ങി ഒരു പാടു സാഹചര്യങ്ങൾ കൊണ്ട് ആശയവിനിമയത്തിൽ കുറവുണ്ടാകാം. പലപ്പോഴും അറിഞ്ഞുകൊണ്ട് ചെയ്യുന്നതാവില്ല, സാഹചര്യങ്ങളിൽ പെട്ട് അതിന്റെ പുറകെ പോകുന്നതാവാം.
പങ്കാളികൾ തമ്മിലുള്ള ആശയവിനിമയക്കുറവ് പലപ്പോഴും ജീവിതം വിരസമാക്കും. പങ്കുവയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പറയാനാകാതെ പോയ നൂറുകൂട്ടം കാര്യങ്ങൾ മനസ്സിൽ കിടക്കുന്നത് പങ്കാളിക്ക് തിരിച്ചറിയാനുമാകില്ല. പിന്നെയാകട്ടെ സമയം വരുമ്പോൾ പറയാം എന്ന് കരുതി മാറ്റി വച്ച് അങ്ങ് പോകുന്നതുമാവാം. മിക്കവാറും കേസിൽ ഭർത്താക്കന്മാരാവും കൂടുതൽ തിരക്കിട്ട് ഓടുന്നവർ.
വിശാലമായ ഒളിയിടങ്ങൾ ഏറെയുളള ‘വെർച്വൽ ലോകത്ത്’ പ്രലോഭനങ്ങൾ വളരെ കൂടുതലാണ്. അവിടെ കാണുന്നതെല്ലാം ശരിയാവണമെന്നില്ല. വിഷമഘട്ടത്തിൽ നിൽക്കുമ്പോളാവും ആശ്വാസ വാക്കുകളുമായി മറ്റൊരാളെ കണ്ടുമുട്ടുന്നത്. അങ്ങനെ ഒരാളെ കണ്ടു മുട്ടുമ്പോൾ കിട്ടുന്ന ആശ്വാസവും ഊർജവും ചെറുതല്ലതാനും. എന്നാൽ ആ വ്യക്തി എല്ലാ കാര്യങ്ങളിലും പങ്കാളിക്ക് പകരമാകുന്നു എന്ന ധാരണയിലേക്ക് എത്തുമ്പോഴാണ് വഴി വിട്ട ബന്ധങ്ങളിലേക്കുള്ള ആദ്യ യാത്രകൾ തുടങ്ങുന്നത്.. എവിടെ വച്ചാണ് വഴിതെറ്റാൻ തുടങ്ങുന്നതെന്ന് തുടക്കത്തിലേ മനസ്സിലാക്കി ആദ്യ ഘട്ടത്തിൽ തന്നെ തെറ്റ് തിരുത്താവുന്നതേയുളളൂ… പക്ഷെ ആ ഒരു സമയത്തു ഭൂരിഭാഗം പേർക്കും അതിനു സാധിക്കാറില്ല എന്നുള്ളതാണ് സത്യം.
അവിടുന്ന് പിന്നെ നിങ്ങൾ ഒളി ജീവിതം ആസ്വദിച്ചു തുടങ്ങി എന്ന് തന്നെ പറയാം.. മണിക്കൂറുകൾ ചാറ്റ് ചെയ്തു കൊണ്ടിരിക്കുക, പങ്കാളിക്ക് കൊടുക്കുന്ന സമയത്തിൽ കാര്യമായ കുറവുണ്ടാക്കുക, ചാറ്റു ചെയ്യാൻ സ്വകാര്യ ഇടങ്ങൾ തിരഞ്ഞെടുക്കുക, കുട്ടികളെ പോലും ശ്രദ്ധിക്കാതിരിക്കുക, സ്വന്തം നഗ്നത വരെ പകർത്തി അയയ്ക്കാൻ തയാറാകുക…. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കിട്ടാതിരുന്ന കുറച്ചു കാര്യങ്ങൾ ഇവിടെ കിട്ടിത്തുടങ്ങിയപ്പോൾ നിങ്ങൾ അതിലേക്കു പൂർണമായും മാറി മറ്റൊരു ലോകത്തേക് എത്തും. അത് പക്ഷെ ഫാന്റസികളുടെ ലോകമാണെന്നു തിരിച്ചറിയുന്നുണ്ടാവില്ല. ആ നിമിഷങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന മാനസികോല്ലാസം മാത്രമാവും ലക്‌ഷ്യം.
ആ ഒരു സന്തോഷം ലഭിക്കാൻ വേണ്ടി പിന്നെ നിങ്ങൾ എന്തും ചെയ്യുന്ന ഒരു അവസ്ഥയിലേക്കെത്തും, ഇവിടെയാണ് നേരത്തെ പറഞ്ഞിരിക്കുന്ന അഡിക്ഷൻ വരുന്നത്. യഥാർത്ഥത്തിൽ സോഷ്യൽ മീഡിയ, ഫോണൊക്കെ ഒരു കമ്മ്യൂണിക്കേഷൻ മീഡിയം മാത്രമായാണ് ഇവിടെ നിൽക്കുന്നത്. അപ്പോൾ അത് മറ്റുള്ളവരിൽ നിന്നും ഒളിച്ചു പിടിക്കാൻ ശ്രമിക്കും. ഇത് പങ്കാളിക്ക് നിങ്ങളിൽ സംശയത്തിന് ഇടയാക്കും. ഒരിക്കൽ സംശയം തോന്നിയാൽ അത് തെളിയിക്കുന്നത് വരെ മനസ്സിൽ അതിങ്ങനെ ഒരു കനലായി കിടക്കും, പ്രത്യേകിച്ച് കുടുംബ ബന്ധങ്ങളിൽ. ഇത് പങ്കാളികളുടെ മനസ്സുകൾ തമ്മിലുളള അകലത്തിന് ആക്കം കൂട്ടുകയും, അവിഹിത ബന്ധത്തിന് കൂടുതൽ സ്വീകാര്യത വരികയും ചെയ്യും. പിന്നീടങ്ങോട് ഓരോ ദിവസവും ജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രമേ ഉണ്ടാവൂ. നിരാശയും അസംതൃപ്തിയും ജീവിതത്തിൽ നിറയും. സമാധാനം നഷ്ടപ്പെട്ട് ഓടുന്ന ഒരു അവസ്ഥയിലേക്കെത്തും കാര്യങ്ങൾ. ഈ അവസ്ഥയിൽ ഏതു നിമിഷം വേണമെങ്കിലും നിങ്ങളുടെ കുടുംബ ജീവിതം ഇല്ലാതായേക്കാം.
ഇവിടെയും നിങ്ങൾ പിടിക്കപ്പെട്ടില്ലെങ്കിൽ ഇത് അടുത്ത സ്റ്റേജിലേക്ക് കടക്കും, അവൾക്ക്/അവനു ആവാമെങ്കിൽ എനിക്കും എന്ത് കൊണ്ട് ആയിക്കൂടാ എന്ന ചിന്ത പങ്കാളിക്ക് വന്നു തുടങ്ങും. നേരത്തെ തോന്നിയ സംശയത്തിൽ നിന്നൊക്കെയാണ് ഇതിന്റെ തുടക്കം. ഇവിടെ മറ്റു എന്ത് കാര്യമുണ്ടെങ്കിലും അതെല്ലാം ഒഴിവാക്കി പൂർണമായും ഇതിലേക്കു ശ്രദ്ധ കൊടുക്കും, അവിടെ കുട്ടികളോ, ജോലിയോ മറ്റൊന്നും തന്നെ തടസമാവില്ല. ഇനി തടസം വന്നാലും അത് എങ്ങനെയും മാറ്റിയെടുക്കാൻ ശ്രമിക്കും. ഈ അവസ്ഥയിൽ എത്തുമ്പോഴാണ് ഒളിച്ചോട്ടം, കൊല്ലാനുമൊക്കെ ശ്രമിക്കുന്നത്. നേരിട്ടു കാണാനും ചാറ്റിലൂടെയും സംസാരത്തിലൂടെയും പങ്കുവെച്ച കാര്യങ്ങൾ പലതും നടത്തിയെടുക്കാൻ നോക്കും, പ്രത്യേകിച്ച് ലൈംഗിക ബന്ധം. ഇതോടെ പങ്കാളിയുമായുള്ള ജീവിതബന്ധം പേരിനു മാത്രമാവും. അവസാനം വലിയ പ്രശ്നങ്ങളിലേക്ക് എത്തി ജീവിതം തന്നെ ഇല്ലാതെയാവും. പലരും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി അപകടാവസ്ഥയിൽ എത്തിക്കഴിഞ്ഞാവും തിരിച്ചറിയുന്നത് താൻ എന്തൊക്കെ മണ്ടത്തരണങ്ങളാണ് ചെയ്തു കൂട്ടിയതെന്ന്. അപ്പോൾ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായെന്നു വരില്ല.
ഈ ഒരു രീതിയിലാണ് ഭൂരിഭാഗം കേസുകളിലും സംഭവിക്കുക. ഒന്നുകൂടെ നിങ്ങൾ ആലോചിച്ചു നോക്കിക്കേ യഥാർത്ഥത്തിൽ ആരാണ് വില്ലൻ..? നമ്മളോ..? സോഷ്യൽ മീഡിയയോ…? അതോ മൊബൈൽ ഫോണോ..?
വിവേക പൂർവം ടെക്നോളജി ഉപയോഗിക്കാനറിയാത്ത നമ്മൾ തന്നെയല്ലേ കുറ്റക്കാർ.
ദാമ്പത്യ ജീവിതം നന്നായി പോവാൻ സൈബർ ഇടങ്ങളിലും ജീവിതത്തിലും എന്തൊക്കെ ശ്രദ്ധിക്കാം..
സൈബർ ലോകത്ത് സ്ത്രീയുടേയും പുരുഷന്റെയും ആഗ്രഹങ്ങൾ വ്യത്യസ്‍തമാണ്. പുരുഷന്മാർ കൂടുതൽ ലൈംഗികത തേടുന്നവരാണ്. എന്നാൽ സ്ത്രീകൾ അവർക്കു വിവാഹ ജീവിതത്തിൽ പങ്കാളിയിൽ നിന്നും വീട്ടുകാരിൽ നിന്നും ആവശ്യത്തിന് സ്നേഹം, സാന്ത്വനം, കരുതൽ ഇവയൊക്കെ കിട്ടാതെയാവുന്നതോടെയാണ് മറ്റു ബന്ധങ്ങൾ തേടിപ്പോവുന്നത്. അതിനപ്പുറം ലൈംഗികതയുടെ ലോകം മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാകില്ല.
കുടുംബത്തിൽ തൽക്കാലത്തേക്കു മാത്രമുണ്ടായ, ഒന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങൾ വലിച്ചു നീട്ടി പോവുമ്പോഴാണ് വിരസതയുണ്ടാവുന്നത്. അതിനുള്ള ഏക പരിഹാരം പങ്കാളികൾ തമ്മിലുള്ള തുറന്നു പറച്ചിലാണ്. അവർക്കിടയിൽ മറ്റുള്ള അതിർത്തികൾ ഒഴിവാക്കി പോയാൽ ഒട്ടുമിക്ക പ്രശ്ങ്ങളും ഒഴിവാകും. തുറന്നു പറച്ചിൽ പരസ്പരമുള്ള ബന്ധം കൂട്ടാൻ സഹായിക്കും. ചുരുക്കം പറഞ്ഞാൽ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനായി കുറച്ചു സമയം മാറ്റി വെക്കണം. നിങ്ങൾക്കു ജോലിയിലായിക്കോട്ടെ, സാമ്പത്തികമായിക്കോട്ടെ, എന്ത് പ്രശ്നമുണ്ടെങ്കിലും അത് പങ്കാളിയോട് പങ്കു വെക്കണം. അത് വഴി ബന്ധം സുതാര്യമാവുക മാത്രമല്ല നിങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ കുറയുക കൂടി ചെയ്യും.
മൊബൈൽ ഫോണിനും സൈബർ ഇടങ്ങൾക്കും ഒരു പരിധി നിശ്ചയിക്കുക. കഴിവതും കിടപ്പറയിൽ ഉപയോഗം കുറയ്ക്കുക. അത് നിങ്ങളുടെ സ്വകാര്യ ഇടമാണ്, അവിടെ മറ്റൊന്നിനും സ്ഥാനമില്ല എന്ന് തന്നെ ഉറപ്പിക്കുക.
നേരത്തെ പറഞ്ഞ പോലെ പലതും മറച്ചു വെക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്, നിങ്ങളുടെ സുഹൃത് ബന്ധങ്ങളെയൊന്നും മറച്ചു വെക്കാതിരിക്കുക. ആരെയാണ് വിളിക്കുന്നത്, മെസ്സേജ് അയക്കുന്നത് എന്ന് പങ്കാളി കൂടി അറിയുമ്പോൾ അവിടെ രഹസ്യങ്ങൾ ഇല്ലാതെയാവും. അതിനായി മൊബൈൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരസ്പരം പങ്കു വെക്കാം. സ്വന്തം ജീവിതത്തേക്കാൾ വലുതല്ലല്ലോ മറ്റൊന്നും എന്ന് കരുതിയാൽ പിന്നെ കുഴപ്പമില്ല.
ജീവിതത്തിൽ മടുപ്പ് അനുഭവപെട്ടു തുടങ്ങുമ്പോഴാണ് മറ്റു പലതിലും ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നത് , അതുകൊണ്ടു ജീവിതം നിറമുള്ളതാക്കാനുള്ള വഴികൾ കണ്ടെത്തണം. പ്രണയിക്കാം, യാത്രകൾ പോവാം, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം, ഇടയ്ക്കു നിങ്ങളുടെ രണ്ടു പേരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ അടുത്ത് പോവാം.
അധിക കാലമൊന്നുമായില്ല നമ്മളൊക്കെ സോഷ്യൽ മീഡിയ, സ്മാർട്ട് ഫോണൊക്കെ ഉപയോഗിച്ച് തുടങ്ങിയിട്ടു, അത് കൊണ്ട് എപ്പോഴും ഓർക്കുക സൈബർ ഇടങ്ങളിൽ കാണുന്ന എല്ലാമൊന്നും യാഥാർഥ്യമായിരിക്കില്ല. യഥാർത്ഥ വസ്തുതകൾ അറിഞ്ഞിട് മാത്രം അതിന്റെയൊക്കെ പിറകെ പോകാവൂ.
വെറുതെ ഒന്നും ചെയ്യാതെയിരിക്കുമ്പോഴാണ് അമിത ചിന്തകളും, ചാറ്റിങ്ങും മറ്റു പലതിലേക്കും ശ്രദ്ധ പോവുന്നത്, അത് കൊണ്ട് നിങ്ങളുടെ ഒഴിവു സമയം നല്ല രീതിയിൽ ഉപയോഗിക്കുക. ഗാർഡനിങ്, വായന, കുക്കിംഗ്, പഠനം അങ്ങനെ പല രീതിയിൽ നിങ്ങളുടെ ഒഴിവു സമയം ഉപയോഗിക്കാൻ പറ്റുന്ന എന്തെങ്കിലും ചെയ്യുക.
നിങ്ങൾക്ക് ദാമ്പത്യ ജീവിതത്തിൽ പരസ്പരം പരിഹരിക്കാൻ പറ്റാത്ത എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്.