മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം അല്ലെങ്കിൽ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുക എന്നത്. വിവാഹത്തിലൂടെ വ്യത്യസ്‍ത ജീവിത സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന രണ്ടു പേര് ഇരു മെയ്യും ഒരു മനസുമായി മാറുന്നു. വിവാഹ ജീവിതത്തിന്റെ തുടക്കക്കാലം വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കടന്നു പോകും. എന്നാൽ തിരക്കുകളുടെ ഈ ലോകത്തു കാലം ചെല്ലും തോറും ജീവിതത്തിലെ സന്തോഷവും പരസ്പര പരിഗണനകളും കുറഞ്ഞു വരും. ജോലിത്തിരക്കുകൾ, ബാധ്യതകൾ, തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞു തുടങ്ങും.
മറ്റുള്ളവരിൽ നിന്ന് സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അപ്പോൾ പ്രിയപ്പെട്ട പങ്കാളിയിൽ നിന്നും അതൊന്നും കിട്ടാതെ വരുന്ന അവസ്ഥ ഊഹിച്ചു നോക്കു. ഒരു വീടിനുള്ളിൽ താമസിച്ചിട്ടും പരസ്പരം മനസ്സിലാക്കാതെ മനസ്സ് തുറന്നു സ്നേഹിക്കാൻ സാധിക്കാതെ പോകുന്ന എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പുറത്തു നിന്ന് നോക്കുമ്പോൾ മാതൃക ദമ്പതികൾ എന്ന് വിളിക്കുന്ന മിക്കവരുടെയും ജീവിതം വരെ മെക്കാനിക്കൽ ആണ്.
ഉള്ളിന്റെ ഉള്ളിൽ കടലോളം സ്നേഹമുണ്ടെങ്കിലും പലർക്കും അത് പ്രകടിപ്പിക്കാൻ സാധിക്കാറില്ല എന്നതാണ് യാഥാർഥ്യം. ഭാര്യ / ഭർത്താവ് നന്നായി ഒന്ന് ഒരുങ്ങി വന്നാൽ നീ സുന്ദരിയാണ്/ സുന്ദരനാണ് എന്ന് തുറന്നു പറയുന്ന എത്ര പേരുണ്ട്? മറ്റുള്ളവരുടെ മുന്നിൽ വച്ച് ഭാര്യയെ/ ഭർത്താവിനെ അഭിനന്ദിക്കുന്ന എത്ര പേരുണ്ട്? മറ്റുള്ളവരുടെ മുന്നിൽ കൊച്ചാക്കി സംസാരിക്കുന്നവരാണ് കൂടുതലും.
ഈ അടുത്തയിടക്ക് നാട്ടിലെ ഒരു ഫങ്ക്ഷനിൽ പങ്കെടുത്തപ്പോൾ പരിചയമുള്ള ഒരു ഫാമിലിയോട് വിശേഷമൊക്കെ തിരക്കി, ഭാര്യയും ഭർത്താവും 2 ചെറിയ കുട്ടികളുമായിരുന്നു. ഞാൻ ഭാര്യയോട് വിശേഷം തിരക്കി. അവൾ സുഖമായി പോവുന്നു ചേച്ചി എന്ന് പറഞ്ഞു. ഉടനെ ഭർത്താവ്: “അവൾക്കു സുഖമല്ലേ ചേച്ചി, രാവിലെ എന്തേലും കഴിക്കാനുണ്ടാക്കി പിള്ളേരേം എന്നെയും പറഞ്ഞു വിട്ടാൽപോരെ, പിന്നെ ടീവിയും കണ്ടു ഫോണിലും കുത്തിയിരുന്നാ മതിയല്ലോ.” ഇത് കേട്ട ഭാര്യ വിഷമത്തിലായതാണ് ഞാൻ കാണുന്നത്. ഓർത്തു നോക്കിയാൽ ഇതേപോലെയുള്ള വിവിധ സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലും ചിലപ്പോൾ കാണും.
ഭാര്യയോട്/ ഭർത്താവിനോട് സ്നേഹം പ്രകടിപ്പിച്ചാൽ എന്റെ വില കുറയുവോ? മറ്റുള്ളവർ എന്ത് വിചാരിക്കും എന്നിങ്ങനെയുള്ള ചിന്തകളും പേടിയും അവരെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിന്നും പിന്നോട്ട് നയിക്കുന്നു. ഇത് കാലങ്ങളായി സമൂഹം നമ്മുടെയുള്ളിൽ അടിച്ചേല്പിച്ചിരിക്കുന്ന കുറെ തെറ്റിദ്ധാരണകളുടെ ഫലമാണ് .
മിക്കവാറും ഒരു അഡ്ജസ്റ്മെന്റിലാകും ജീവിതം മുന്നോട് കൊണ്ടുപോകുന്നത്. ഉള്ളിൽ നന്നായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ ഇത്രയും നാളു സ്നേഹം ഉള്ളിലൊതുക്കി നടന്നത് കൊണ്ട് ഇനി എവിടെ നിന്ന് തുടങ്ങണം, എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എന്ന സംശയം മിക്കവർക്കും ഉണ്ടാവാം. അങ്ങനെ ഒരു ആഗ്രഹം നിങ്ങൾക്കുള്ളതുകൊണ്ടാവാം ഈ ആർട്ടിക്കിൾ ഇപ്പോൾ വായിക്കുന്നത് തന്നെ. അങ്ങനെയുള്ളവർക്ക് വേണ്ടി ഡോ. ഗാരി ചാപ്മാന്റെ സ്നേഹഭാഷകൾ പരിചയപ്പെടുത്താം.
ഒരു വ്യക്തിയുടെ സ്നേഹഭാഷ അറിഞ്ഞിരിക്കുന്നത് എപ്പോഴും നമുക് പ്രയോജനകരമാണ്, പ്രത്യേകിച്ച് ജീവിത പങ്കാളിയുടെ. കാരണം ആ വെക്തി ഇഷ്ടപെടുന്നുണ്ട് അല്ലെങ്കിൽ സ്നേഹിക്കപെടുന്നുണ്ട് എന്നുള്ളത് ആ വ്യക്തിയിൽ ഒരു തോന്നലുണ്ടാക്കാൻ ഈ സ്നേഹഭാഷ മനസിലാക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നത് വഴി നമുക്ക് സാധിക്കും.
സ്നേഹഭാഷ എന്താണെന്നു ലളിതമായി പറയാം. നമ്മൾ ഓരോരുത്തരും പങ്കാളിയെ സ്നേഹിക്കുന്നത് ഓരോ രീതിയിലാണ്, അതുപോലെ തന്നെ പങ്കാളി തിരിച്ചു സ്നേഹിക്കുന്നതും അവരുടേതായ രീതിയിലാകും. എനിക്ക് സംസാരത്തിലൂടെയോ, ശാരീരികമായോ അങ്ങനെ ഏതെങ്കിലും ഒരു രീതിയിലാണ് സ്നേഹം കിട്ടേണ്ടത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതാണ് നിങ്ങളുടെ സ്നേഹഭാഷ. ഇതെല്ലാ ആളുകളിലും വ്യത്യസ്തമായിരിക്കും. പങ്കാളികൾ പരസ്പരം അവരുടെ സ്നേഹഭാഷകൾ അറിഞ്ഞിരുന്നാൽ അവരുടേതായ രീതിയിൽ പരസ്പരം നിങ്ങൾക്കു സ്നേഹിക്കാൻ സാധിക്കും.
ഡോ. ഗാരി ചാപ്മാൻ അഞ്ചു സ്നേഹഭാഷകളാണ് പറയുന്നത്. ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള എളുപ്പവഴികളാണ് ഈ 5 സ്‌നേഹഭാഷകള്‍.
- സ്നേഹം വാക്കുകളിലും പ്രകടിപ്പിക്കുക (Word of Affirmation)
- സമയം ചെലവഴിക്കുക (Quality Time)
- സമ്മാനങ്ങൾ നൽകുക (Receiving Gifts)
- പരസ്പരം സഹായിക്കുക (Acts of Services)
- ശാരീരിക സ്പർശനം (Physical Touch)
സ്നേഹം വാക്കുകളിലും പ്രകടിപ്പിക്കുക (Word of Affirmation)
സ്നേഹം / ഇഷ്ടമൊക്കെ വാക്കുകളിലൂടെ കിട്ടണം എന്നാഗ്രഹിക്കുന്ന വ്യക്തികളായിരിക്കും ഈ വിഭാഗത്തിൽ ഉള്ളത്. നിങ്ങൾ പങ്കാളിയെ സ്നേഹിക്കുന്നുണ്ടായിരിക്കും പക്ഷെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, ഇഷ്ടമാണ് എന്ന് വാക്കുകളിലൂടെ പറയുന്നില്ല എന്ന് വിചാരിക്കുക, സ്വാഭാവികമായും അവർക്കു തൃപ്തിയുണ്ടാവില്ല. കാരണം അവർ ആഗ്രഹിക്കുന്നത് വാക്കുകളിലൂട സ്നേഹം കിട്ടണം എന്നുള്ളതാണ്. നിങ്ങളുടെ പങ്കാളി ഈ ഒരു വിഭാഗത്തിലാണ് ഉള്ളതെങ്കിൽ അവരെ അഭിനന്ദിക്കുക, അവർ ചെയുന്ന നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക.
ഒരു ഉദാഹരണം നോക്കാം, ഭാര്യ/ഭർത്താവ് ഒരു പുതിയ ഡ്രസ്സ് ധരിച്ചു, കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ നിങ്ങൾ അത് തുറന്നു പറയുന്നില്ല എന്ന് വിചാരിക്കുക. സ്വാഭാവികമായും അവർക്കു ആ സ്നേഹം അനുഭവപ്പെടുകയില്ല. എന്നാൽ “നിന്നെ ഇന്ന് ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്” എന്ന് നിങ്ങൾ പറയുകയാണെങ്കിൽ അവർ സന്തോഷിക്കുന്നത് നിങ്ങൾക്കു കാണാൻ സാധിക്കും.
ഈ ഒരു വിഭാഗത്തിൽ പെടുന്നതാണ് നിങ്ങളുടെ പങ്കാളിയെങ്കിൽ ഈ ഒരു രീതിയിൽ തന്നെ അവരെ സ്നേഹിക്കണം. “ഞാൻ നിന്നെ സ്നേഹിക്കുന്നു”, “ഐ ലവ് യു”, “നീയെന്റെ ജീവനാണ്” ഇതേപോലെയൊക്കെ പറയുക, കുറച്ചു പൈങ്കിളി ആയി തോന്നാമെങ്കിലും നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടം/ആഗ്രഹം അവർക്കു വാക്കുകളിലൂടെ സ്നേഹിക്കപ്പെടണമെന്നുള്ളതാണ്. മനസിലുള്ള സ്നേഹം നിങ്ങളുടേതായ ഭാഷയിൽ തുറന്നു പറഞ്ഞു പ്രകടിപ്പിക്കുക.
സമയം ചെലവഴിക്കുക (Quality Time)
നമുക്കറിയാം പഴയ കാലമല്ല ഇന്ന്. ഭാര്യക്കും ഭർത്താവിനും മിക്കവാറും ജോലിയുണ്ടാവും. മിക്കവരും എന്ത് ചോദിച്ചാലും സമയമില്ല എന്ന് പറയുന്നവരാവും. എപ്പോഴും അടുത്തുണ്ടെങ്കിലും ഈ വിഭാഗത്തിൽ പെടുന്ന ആളുകൾ കുറച്ചു സമയം പങ്കാളിയുമൊത്തു അവർക്കു വേണ്ടി മാത്രം ആഗ്രഹിക്കുന്നവരാകും. ഫോണും മറ്റും തിരക്കുകളുമൊക്കെ മാറ്റിവച്ച് പങ്കാളിയ്ക്കായി അൽപ്പസമയം മാറ്റി വയ്ക്കാൻ ശ്രദ്ധിക്കുക.
നിങ്ങളുടെ പങ്കാളിയുമായി ഒന്നിച്ച് സമയം ചെലവഴിക്കുന്നത് ശീലമാക്കുക. പരസ്പരം ശ്രദ്ധിക്കുക, പരസ്പരം കേൾക്കുകയും തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുകയും ചെയ്യുക. ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഭാവിയിലേക്കുള്ള പദ്ധതികൾ ഒന്നിച്ചു പങ്കിടാനുമൊക്കെ സമയം കണ്ടെത്തുക.
സമ്മാനങ്ങൾ നൽകുക (Receiving Gifts)
സമ്മാനങ്ങള്‍ കൊടുക്കുന്നത് സ്‌നേഹം പ്രകടിപ്പിക്കാനുള്ള നല്ല മാര്‍ഗമാണ്. നാം മറ്റുള്ളവരെ ഓര്‍ക്കുന്നു, പരിഗണിക്കുന്നു എന്നെല്ലാമാണ് സമ്മാനങ്ങള്‍ അര്‍ത്ഥമാക്കുന്നത്.
പങ്കാളിയെ ശരിയായി മനസ്സിലാക്കി അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് അതിനു അനുസരിച്ചുള്ള സമ്മാനങ്ങൾ നൽകുക. സമ്മാനത്തിന്റെ വലിപ്പചെറുപ്പമല്ല, അത് തിരഞ്ഞെടുക്കാനും മറ്റുമായി നിങ്ങൾ നടത്തിയ പരിശ്രമവും അതിനായി മാറ്റിവച്ച സമയവും പങ്കാളിയുടെ ഹൃദയം തൊടുക തന്നെ ചെയ്യും.
പരസ്പരം സഹായിക്കുക (Acts of Services)
മുൻപ് സമയത്തിന്റെ കാര്യം പറഞ്ഞപോലെ ജോലിയുള്ള ദമ്പതികളാണേൽ വീട്ടുജോലികളും, പാചകവും, കുട്ടികളെ പഠിപ്പിക്കലുമെല്ലാം കഴിഞ്ഞു പരസ്പരം സ്നേഹിക്കാനും അറിയാനും സമയം തികയാതെ പോയേക്കാം. അല്ലെങ്കിൽ മുൻഗണന മറ്റു കാര്യങ്ങൾക്കായിരിക്കും. ഭാര്യയും ഭർത്താവും പരസ്പരം ഉത്തരവാദിത്തങ്ങൾ പങ്കു വെച്ച് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാവുന്നതാണ്. നിങ്ങളാൽ കഴിയാവുന്ന രീതിയിൽ ചെറിയ കാര്യങ്ങളിൽ ആണെങ്കിലും സഹായിക്കുന്നത് സ്‌നേഹത്തിന്റെ വലിയ പ്രകടനമാണ്. അത് ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്നതാകാം, പരസ്പരം ജോലികളില്‍ സഹായിക്കുന്നതാകാം, മക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാകാം, വീട് വൃത്തിയാക്കുന്നതാവാം ഇങ്ങനെ ചെറിയ സേവനങ്ങളിലൂടെ നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക.
ശാരീരിക സ്പർശനം (Physical Touch)
ഏതൊരു വ്യക്തിയും സ്‌നേഹത്തോടെയുള്ള ഒരു തലോടെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. സ്പര്‍ശനങ്ങള്‍ പലപ്പോഴും വൈകാരിക പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്നവയാണ്. സ്നേഹത്തോടെയുള്ള സ്പർശം ബന്ധങ്ങളിൽ മാജിക് സൃഷ്ടിക്കും. “ലൈംഗികത മാത്രമല്ല, നിങ്ങളുടെ ഭാഗത്തുനിന്നുള്ള സ്പർശമോ ആലിംഗനമോ ഒക്കെ സ്നേഹ പ്രകടനത്തിനുള്ള മാർഗ്ഗങ്ങളാണ്. പരസ്പരം ആലിംഗനം ചെയ്യുന്നതും സംഭാഷണത്തിനിടയിൽ പരസ്പരം കൈകളിലും പുറത്തുമൊക്കെ തലോടുന്നതും സ്പർശിക്കുന്നതുമൊക്കെ പങ്കാളികൾക്കിടയിലെ സ്നേഹത്തിന്റെ ഭാഷയാണ്.
ശ്രദ്ധിക്കുക, എല്ലാവരും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഒരേ രീതിയിൽ ആയിരിക്കില്ല. അതുകൊണ്ടു ഈ അഞ്ചു സ്നേഹഭാഷകളിൽ നിങ്ങളുടെ പങ്കാളി ഏതൊക്കെ വിഭാഗത്തിൽ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു സ്നേഹിക്കുക. ഈ സ്‌നേഹഭാഷകള്‍ അതിനു സഹായിക്കട്ടെ, ബന്ധങ്ങൾ കൂടുതല്‍ ഊഷ്മളമാകട്ടെ. പ്രിയപ്പെട്ടവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സ്‌നേഹഭാഷ എന്തെന്ന് ചോദിച്ചറിയുവാനും ആ സ്‌നേഹഭാഷ മടിയില്ലാതെ അവര്‍ക്ക് കൊടുക്കുവാനും ശ്രമിക്കുക. നിങ്ങൾക്ക് സ്വന്തമായി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ ഒരു കൗൺസിലറുടെ സഹായം തേടാവുന്നതാണ്.