എനിക്ക് മീശയില്ല, മൂക്ക് അല്പം വളഞ്ഞാണ് ഇരിക്കുന്നത്, മുഖത്തും ശരീരത്തുമൊക്കെ ചെറിയ പാടുകളാണ്, എന്റെ കവിളൊട്ടിയതാണ് എന്നൊക്കെ തുടർച്ചയായി പരാതി പറയുകയും അതേക്കുറിച്ചു ആലോചിച്ചു വിഷമിച്ചിരിക്കുന്നവരെയും നിങ്ങൾ കണ്ടിട്ടുണ്ടാവും. നമ്മൾ നോക്കുമ്പോൾ വളരെ ചെറിയ കാര്യങ്ങൾക്കാവും ഇവർ വിഷമിക്കുന്നത്. ഇങ്ങനെ ശരീരത്തിന്റെ ഏതെങ്കിലും അവയവത്തെക്കുറിച്ചുള്ള/ ശരീര ഭാഗങ്ങളെക്കുറിച്ചുള്ള അതിന്റെ രൂപത്തെക്കുറിച്ചുള്ള/ അതിന്റെ പോരായ്മകളെക്കുറിച്ചുള്ള മനസ്സിനെ അലട്ടുന്ന തുടർച്ചയായിട്ടുള്ള ചിന്തകൾ വരുന്ന അവസ്ഥയെ ആണ് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ എന്ന് വിളിക്കുന്നത്.
Body Dysmorphic Disorder ഉള്ളവർ നിരന്തരമായി ആ പോരായ്മയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നു. അത് അവരുടെ മനസ്സിനെ കൂടുതലായി വിഷമിപ്പിക്കുകയും പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കാൻ അവരെ പ്രേരിപ്പിക്കുകയും ആളുകളുമായി ഇടപഴകാൻ സാധിക്കാതെ വരികയും ചെയ്യുന്നു. മുഖത്തെ പാടുകളോ കവിളൊട്ടിയതോ ഒക്കെയാണെങ്കിൽ തുടർച്ചയായി കണ്ണാടി നോക്കി അത് കുറഞ്ഞോ കാണാൻ എങ്ങനെയുണ്ട് എന്നൊക്കെ പരിശോധിച്ച് കൊണ്ടിരിക്കുക, അത് സ്വയം പരിഹരിക്കാൻ മാർഗങ്ങൾ തേടുക, അത് മറയ്ക്കാൻ വേണ്ടി മേക്കപ്പ് ചെയ്യക തുടങ്ങി പലവഴികൾ ശ്രമിച്ചു കൊണ്ടിരിക്കും.
ഇതേപോലെ തന്നെയാണ് കൗമാരം പിന്നിട്ട ആൺകുട്ടികളിൽ ചിലർക്ക് മുഖത്ത് രോമ വളർച്ച കുറവായിരിക്കും, അതെ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് മീശയും താടിയുമൊക്കെ വന്നു തുടങ്ങിയിട്ടുണ്ടാവും. എന്നാൽ bdd ഉള്ളവർ അതേക്കുറിച്ചു അമിതമായി ചിന്തിക്കുകയും അത് സ്വയം പരിഹരിക്കാനായി തുടർച്ചയായി ഷേവ് ചെയ്യുക, ഇപ്പോഴാണെങ്കിൽ ബിയേർഡ് ഓയിലുകളൊക്കെ പരീക്ഷിക്കുക തുടങ്ങി പല പ്രവർത്തികളും ചെയ്യും. തുടർച്ചയായി കണ്ണാടി നോക്കി രോമം വളർന്നിട്ടുണ്ടോ എന്ന് നോക്കും.
ചിലപ്പോൾ പ്രത്യക്ഷത്തിൽ കാണുവാൻ സാധിക്കാത്ത ചില പ്രശ്‌നങ്ങളിൽവരെ ഇവർ വിഷമിച്ചിരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. മാത്രവുമല്ല, ഈ കാരണങ്ങൾ ചൂണ്ടികാട്ടി തന്നെ കാണുവാൻ ഭംഗി ഇല്ലെന്നും തനിക്ക് കുറേ പ്രശ്‌നങ്ങളുണ്ടെന്നും ഇവർ സ്വയം വിശ്വസിക്കുന്നു.
പുറത്തേയ്ക്ക് ഇറങ്ങിയാൽ ആളുകൾ നോക്കുന്നതുമൊത്തം തന്നെ കാണുവാൻ ഭംഗിയില്ലാത്തതുകൊണ്ടാണെന്നും ഇത് നെഗറ്റീവ് ആയിട്ടായിരിക്കും ഇവർ എല്ലായ്‌പ്പോഴും എടുക്കുവാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെ അഭിമുഖീകരിക്കുവാൻ പോലും ഇവർക്ക് മടിതോന്നും. തന്നെ കളിയാക്കുമെന്നുമെല്ലും തോന്നുന്നതും പ്രശ്‌നമാകുന്നു.
അതുപോലെ തന്റെ ഭംഗിയും മറ്റുള്ളവരുടെ സൗന്ദര്യവും ശരീരവുമെല്ലാം വെച്ച് താരതമ്യപ്പെടുത്തുവാൻ ആരംഭിക്കും. ഇതിലൂടെ ഇവർ തന്നെക്കുറിച്ച് ഒന്നും കൂടെ മോശത്തിൽ അഭിപ്രായം സ്വയം സൃഷ്ടിക്കുന്നു. താൻ മോശമാണെന്നും ബാക്കി എല്ലാവരും നല്ലതാണെന്നും ഇവർ സ്വയം വിലയിരുത്തുന്നു.
മുഖത്തിന്റെ ആകൃതിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, അതുപോലെ മൂക്ക്, നിറം, ചുളിവുകൾ, മുഖക്കുരു എന്നിവയെല്ലാം ഇവർക്ക് ഒരു പ്രശ്‌നമായി മാറുന്നു. അതുപോലെ മുടി നരയ്ക്കുന്നത്, മുടി കൊഴിയുന്നത്, ചർമ്മത്തിലെ വ്യത്യാസങ്ങൾ അതുപോലെ ഞരമ്പ് കാണുന്നത്, ശരീരത്തിൽ മസിൽസ് ഇല്ലാത്തത്, തടി കുറഞ്ഞത്, തടി കൂടിയിരിക്കുന്നത് എന്നിവയെല്ലാം ഇവർക്ക് വലിയ പ്രശ്‌നങ്ങളായിരിക്കും.
ചെറിയ പ്രശ്നത്തെക്കുറിച്ചു അമിതമായി ചിന്തിച്ചു ഉത്കണ്ഠ വർധിപ്പിക്കുകയും ഇതേ തുടർന്ന് മാനസിക സമ്മർദ്ദം വർധിക്കുകയും ചെയ്യുന്നു. ഈ മാനസിക സമ്മർദ്ദം മറയ്ക്കാൻ മറ്റെന്തെങ്കിലും പ്രവർത്തി ചെയ്യാൻ ശ്രമിക്കുന്നു. മറ്റുള്ളവരോട് ചോദിച്ചു ഇതെങ്ങനെയുള്ള ഒരു പ്രശ്നമല്ല എന്നുറപ്പു വരുത്തുന്നു. എന്നാൽ ഇവർ ഒരു തെറാപ്പിസ്റ്റിനെയോ ഡോക്ടറെയോ കാണാൻ ശ്രമിക്കില്ല. കാരണം മറ്റുള്ളവർ തനിക്കു ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നറിഞ്ഞാൽ ഇവർക്ക് നാണക്കേടാണ് എന്ന് ഇവർ വിചാരിക്കുന്നു. പകരം അത് പരിഹരിക്കാനുള്ള കുറുക്കുവഴികളും മറ്റും ശ്രമിക്കും. മൂക്കിന്റെ പാലമൊക്കെ വളഞ്ഞതാണെങ്കിൽ പ്ലാസ്റ്റിക് സർജ്ജറി ചെയ്തു മാറ്റാനൊക്കെ ആലോചിക്കും, അതിനുവേണ്ടി ഡോക്ടറെ കാണും. ഇവർക്ക് ആത്മവിശ്വാസമൊക്കെ നഷ്ടപ്പെട്ടു സ്വന്തം ശരീരത്തെ തന്നെ ഇഷ്ടമില്ലാത്ത സ്ഥിതി വരും. പതിയെ എല്ലാത്തിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കാൻ ആഗ്രഹിക്കുകയും അത് മാനസിക സമ്മർദ്ദത്തിലേക്കും വിഷാദ രോഗത്തിലേക്കും നയിച്ചേക്കം.
ചുരുക്കം പറഞ്ഞാൽ ശരീരത്തിലുണ്ടാവുന്ന ചെറിയ കാര്യങ്ങളെ, നിസാരമായ ഒരു പാടാണെങ്കിൽ പോലും അതേക്കുറിച്ചു നിരന്തരമായി ആലോചിച്ചു മനസ്സിലിട്ടു പെരുപ്പിച്ചു വലിയൊരു പ്രശ്നമായി കാണുന്ന ഒരു അവസ്ഥയാണിത്. കൃത്യ സമയത്തു കണ്ടെത്തി ചികിത്സ തേടേണ്ടതാണ്, കാണുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഒരാളുടെ ജീവിതം തന്നെ ഇല്ലാതായിപോവാനുള്ള സാധ്യതയുണ്ട്.