ബാല്യകാലത്തിലെ ഓർമകൾക്ക് മധുരം പകരുന്ന ഒന്നാണ് ആ പ്രായത്തിലെ കുസൃതികളും, കുറുമ്പും, പ്രസരിപ്പും. ഒന്ന് തിരിഞ്ഞു നടക്കണമെന്നുണ്ടോ, ആ കുസൃതിക്കാലത്തിലേക്ക്? ഇപ്പോഴും ആസ്വദിക്കാറില്ലേ, കുട്ടികളുമൊത്തുള്ള നിമിഷങ്ങൾ? അതെ. മനസ്സിന് സന്തോഷം തരുന്ന ഒന്ന് തന്നെയാണ് കുട്ടികൾ കാണിക്കുന്ന കുറുമ്പുകൾ.
എന്നാൽ കുട്ടികൾ പ്രകടിപ്പിക്കുന്ന ഈ കുസൃതികളും, കുറുമ്പും പരിധി കവിഞ്ഞാൽ ഒരു രോഗാവസ്ഥയാണ്, ഇത് നിങ്ങൾക്കറിയാമോ? അതെ. ഇത്തരം പ്രശ്നങ്ങളെ പൊതുവായി Behavioral Disorders (പെരുമാറ്റ വൈകല്യങ്ങൾ) എന്ന് വിളിക്കുന്നു.
കുട്ടികളിൽ കാണപ്പെടുന്ന പെരുമാറ്റവൈകല്യങ്ങൾ ഏതൊക്കെ?
കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങളെ പ്രധാനമായും മൂന്നായി തരാം തിരിച്ചിരിക്കുന്നു.
- Oppositional Defiant Disorder (ODD)
- Conduct Disorder (CD)
- Attention Deficit Hyperactivity Disorder (ADHD)
ഇനി നമുക്ക് ഈ മൂന്നു തരം വൈകല്യങ്ങളെയും, അവയുടെ ലക്ഷണങ്ങളെയും പറ്റി വിശദമായി മനസ്സിലാക്കാം.
1. Oppositional Defiant Disorder (ODD)
എന്തിനെയും എതിർക്കുന്ന പ്രകൃതക്കാരാണ് oppositional defiant disorder ഉള്ള കുട്ടികൾ. 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ, പത്തിൽ ഒരാൾക്ക് ODD ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. പെൺകുട്ടികളെ അപേക്ഷിച്ചു ആൺകുട്ടികളിലാണ് ODD കൂടുതലായി കണ്ടു വരുന്നത് (2 :1 എന്ന തോതിൽ).
ലക്ഷണങ്ങൾ:
- പെട്ടെന്ന് കോപം വരുക, അസസ്‌ഥരാകുക
- സ്ഥിരമായി ദുശാട്യം പ്രകടിപ്പിക്കുക
- മുതിർന്നവരുമായി (പ്രധാനമായും മാതാപിതാക്കൾ) വാദപ്രതിവാദം നടത്തുക
- സ്കൂളിലെയോ വീട്ടിലെയോ ചിട്ടകൾ അനുസരിക്കാൻ വിസമ്മതിക്കുക
- മറ്റുള്ളവരെ അസസ്‌ഥരാക്കുന്ന വിധം പ്രവർത്തിക്കുക
- ആത്മാഭിമാനം ഇല്ലാതിരിക്കുക
- സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ പഴി ചാരുക.
2. Conduct Disorder (CD)
മറ്റുള്ളവർക്ക് അരോചകമായ രീതിയിൽ പെരുമാറുന്നവരായിരിക്കും conduct disorder (സ്വഭാവവൈകല്യങ്ങൾ) ഉള്ള കുട്ടികൾ. അതിനാൽ തന്നെ പൊതുവെ സമൂഹം ഇവരെ ‘bad kids’ എന്നാണ് വിളിക്കാറ്. 10 വയസ്സിൽ താഴെയുള്ളവരിൽ 5 ശതമാനം കുട്ടികളും സ്വഭാവവൈകല്യങ്ങൾ ഉള്ളവരായി കണക്കാക്കപ്പെടുന്നു. ഇവിടെയും പെൺകുട്ടികളെ അപേക്ഷിച്ചു ആൺകുട്ടികളിലാണ് CD കൂടുതലായി കണ്ടു വരുന്നത് (4:1 എന്ന തോതിൽ).
ലക്ഷണങ്ങൾ
- മുതിർന്നവരെ അനുസരിക്കാൻ വിസമ്മതിക്കുക
- മാന്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുക
- അലസത
- ചെറുപ്രായത്തിൽ തന്നെ മദ്യം, മയക്കു മരുന്ന് ഉപയോഗം
- ദയയില്ലാതെ പെരുമാറ്റം
- ആക്രമണ സ്വഭാവം
- ആയുധങ്ങളുടെ ഉപയോഗം
- സ്ഥിരമായി കള്ളം പറയുക
- ക്രിമിനൽ സ്വഭാവം
- മോഷണശീലം
- വീടുവിട്ടു പോകാനുള്ള പ്രവണത
3. Attention Deficit Hyperactivity Disorder (ADHD)
2 മുതൽ 5 ശതമാനം വരെ കുട്ടികളിൽ ഈ വൈകല്യം കാണപ്പെടുന്നുണ്ട്. ഇവിടെയും ആൺകുട്ടികളിലാണ് പ്രശ്നം കൂടുതലായി കണ്ടുവരുന്നത് (3:1). സ്വഭാവവൈകല്യങ്ങൾ (Conduct Disorders) ഉള്ള കുട്ടികളിൽ 3 ൽ ഒരാൾക്ക് ADHD ഉള്ളതായി കണക്കാക്കപ്പെടുന്നു.
ലക്ഷണങ്ങൾ:
- ശ്രദ്ധക്കുറവ്
- പഠനവൈകല്യങ്ങൾ
- നിർദ്ദേശങ്ങൾ പിന്തുടരുവാൻ ബുദ്ധിമുട്ട്
- ഏറ്റെടുത്തിരിക്കുന്ന കൃത്യം പൂർത്തിയാക്കാതെ അടുത്തതിലേക്ക് കടക്കുക
- അമിതമായ ആവേശപ്രകടനം
- പെരുമാറ്റവൈകല്യങ്ങൾ: മുഖ്യ കാരണങ്ങൾ
- ഗർഭ കാലത്തെ സങ്കീർണതകൾ
- പാരമ്പര്യ ഘടകങ്ങൾ
- ശിഥിലമായ കുടുംബാന്തരീക്ഷം
- അപൂർണമായ ബുദ്ധിവളർച്ച
ചെറുപ്പത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോയി ഭാവിയിൽ സങ്കീർണമാകുന്നു
പെരുമാറ്റവൈകല്യങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇതിനു പിന്നിലെ യഥാർത്ഥ കാരണം കുട്ടി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ ഒരു രോഗാവസ്ഥയുടെ ഭാഗമാണ് എന്ന് മാതാപിതാക്കളിൽ ചിലരെങ്കിലും തിരിച്ചറിയുന്നില്ല എന്നതാണ്. അതിനാൽ തന്നെ, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങളെ പറ്റി മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഉൾപ്പെടുത്തിയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ബ്ലോഗുകളും തയ്യാറാക്കിയിരിക്കുന്നത്.