കുട്ടികൾ പ്രകടിപ്പിക്കുന്ന വികൃതികൾ പരിധി വിടുകയും, പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് പെരുമാറ്റ വൈകല്യങ്ങളുടെ (behavioral Disorders) ലക്ഷണങ്ങളാണെന്നു നമുക്കറിയാം.പെരുമാറ്റവൈകല്യങ്ങൾക്ക് ഫലപ്രദമായ പ്രതിവിധികൾ ഉണ്ടോ, ഇവരുടെ വികൃതികളെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടത് തുടങ്ങിയ പല വിധ സംശയങ്ങൾ മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളെ കുറിച്ചു അച്ഛനമ്മമാർക്ക് വ്യക്തമായ ഒരു അവബോധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്, അതിനു സഹായിക്കുന്ന വിവരങ്ങൾ ഞാൻ ഇവിടെ ഉൾപ്പെടുത്തുന്നു.
മാതാപിതാക്കളുടെ പങ്ക്:
നിങ്ങളുടെ കുട്ടിക്ക് പെരുമാറ്റ വൈകല്യം ഉണ്ട് എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ചെയ്യേണ്ട ഒന്നാമത്തെ കാര്യം, കുട്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങളോട് ആത്മസംയമനത്തോടെ പ്രതികരിക്കുക എന്നുള്ളതാണ്. അതിനാൽ തന്നെ കുട്ടികളിലെ ഇത്തരം വൈകല്യങ്ങൾ കഴിവതും വേഗം കണ്ടെത്തുന്നതായിരിക്കും അഭികാമ്യം. അല്ലെങ്കിൽ അത് നിങ്ങൾക്കും കുട്ടിക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകും.
- കുട്ടിയോട് ശാന്തമായി മാത്രം പെരുമാറുക.
- കുട്ടി ചെയ്യുന്ന തെറ്റായ പ്രവർത്തികളോട് നിങ്ങൾക്കുള്ള എതിർപ്പ് പറഞ്ഞു മനസ്സിലാക്കുക.
- കുട്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുക, എന്നാൽ അത് സൗഹൃദപരമായിരിക്കുകയും വേണം.
- കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാതിരിക്കുക, അത് കുട്ടിയിൽ നെഗറ്റീവ് ചിന്ത വളർത്തും.
- അവർ ചെയ്യുന്ന ഓരോ നല്ല കാര്യങ്ങൾക്കും അഭിനന്ദിക്കുക,അത് വളരെ ചെറുതാണെങ്കിലും പോലും. ഇത്തരം സന്ദർഭങ്ങളിൽ ചെറിയ സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുക.
- അവർ പ്രകടിപ്പിക്കുന്ന ചെറിയ വികൃതികൾ പോലും അവഗണിക്കരുത്,തെറ്റുകൾ ചൂണ്ടിക്കാണിക്കുക
- അച്ചടക്കബോധം ശീലിപ്പിക്കുക, അതുപോലെ തന്നെ അവരോടു സ്ട്രിക്ട് ആയിരിക്കുക.
- അധ്യാപകരുമായി കുട്ടിയുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുക, അത് കുട്ടിക്ക് സ്കൂളിൽ കൂടുതൽ സ്നേഹവും ശ്രദ്ധയും കിട്ടാൻ സഹായിക്കുന്നു.
കുടുംബത്തിലെ മറ്റു അംഗങ്ങളുടെ പങ്ക്:
പെരുമാറ്റവൈകല്യം ഉള്ള കുട്ടിയെ ഒരു സ്ഥിരം കുഴപ്പക്കാരൻ ആയി കാണരുത്.സ്നേഹപൂർവവും , ശ്രദ്ധയോടെയും അവരോടു ഇടപഴകുക.കുട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ അവന്റെ രോഗാവസ്ഥയുടെ ഭാഗമാണ്, മറിച്ചു അവൻ മനഃപൂർവം സൃഷ്ടിക്കുന്നതല്ല.കുട്ടി പറയുന്ന വാക്കുകൾക്ക് “ചുട്ട മറുപടി” തരത്തിലുള്ള പ്രയോഗം ഒഴിവാക്കുക, ശാന്തമായി കുട്ടിയിലെ തെറ്റുകളെ പറഞ്ഞു മനസ്സിലാക്കുക.
കൗൺസിലിങ് വഴിയുള്ള പരിചരണരീതികൾ:
- Social training: കുട്ടിക്ക് മറ്റുള്ളവരുടെ മുന്നിൽ നന്നായി പെരുമാറാൻ പ്രത്യേക പരിശീലനം നൽകുന്നു.
- Anger management: കോപം നിയന്ത്രിച്ചു ശാന്തമായി പെരുമാറാൻ കുട്ടിയെ പരിശീലിപ്പിക്കുന്നു.relaxation ടെക്നിക്കളും, സ്ട്രെസ് മാനേജ്മെന്റും ഇതിന്റെ ഭാഗമാണ്.
- മറ്റു അനുബന്ധ പ്രശ്നങ്ങൾക്കും, പഠനവൈകല്യങ്ങൾക്കുമുള്ള പരിശീലനം: കുട്ടിയിൽ ആത്മവിശ്വാസം വളർത്തിയെടുക്കുക,എന്തെകിലും തരത്തിലുള്ള പഠനവൈകല്യം ഉണ്ടെങ്കിൽ അതിനുള്ള പ്രത്യേക പരിശീലനം തുടങ്ങിയവ ലഭ്യമാണ്.
- Medication:സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- Cognitive behavioral therapy: പ്രശ്നങ്ങൾ ഉണ്ടാക്കാതെ കുട്ടിക്ക് സ്വയം നിയന്ത്രിക്കാൻ അവനെ പ്രാപ്തനാക്കുന്നു.
കുട്ടിയുടെ വ്യക്തിത്വ വികസനം, കുടുംബത്തിലെ മറ്റു അംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു ഫാമിലി തെറാപ്പി അഭികാമ്യമായിരിക്കും.
കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമാണ് മാതാപിതാക്കൾ.അതിനാൽ,അച്ഛനമ്മമാർക്ക് കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കുകയും പോസിറ്റീവ് പേരന്റിങ് ടിപ്സ് മനസ്സിലാക്കിയിരിക്കുകയും ചെയ്യുന്നത് വളരെയേറെ ഗുണം ചെയ്യും.
പെരുമാറ്റവൈകല്യം ഉള്ള കുട്ടികളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ചില പ്രശ്നങ്ങൾ ഞാൻ നിങ്ങളുടെ അറിവിനായി ഉൾപ്പെടുത്തുന്നു.
- മാന്യമല്ലാതെ പെരുമാറുക
- സഹോദരങ്ങളോട് വൈരാഗ്യബുദ്ധി
- മോഷണം
- ബഹുമാനമില്ലാത്ത പെരുമാറ്റം
- കള്ളം പറയുക
- ഉച്ചത്തിൽ എതിർത്ത് സംസാരിക്കുക