മാനസിക അസുഖം അല്ലെങ്കിൽ മാനസിക രോഗം എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരും നെറ്റിചുളിക്കും അല്ലെങ്കിൽ ഒരു അസ്വസ്ഥത അനുഭവിക്കാറുണ്ട്. അയ്യോ അവനു/ അവൾക്കു വട്ടാണ്, ഭ്രാന്താണ് എന്നൊക്കെ നാട്ടുകാർ പറയും, നമ്മുടെ വില പോകും, ഇനി അവനു ആരെങ്കിലും പെണ്ണ് കൊടുക്കുവോ/ചെറുക്കനെ കിട്ടുവോ എന്നൊക്കെ വീട്ടുകാരും. അങ്ങനെ പല രീതിയിൽ മാനസിക രോഗമുള്ളവരെ തരം താഴ്ത്തി കാണുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്, അതു കൊണ്ടു തന്നെ ഭൂരിഭാഗം ആളുകളും മാനസിക രോഗം വന്നാൽ/ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ ചികിത്സ തേടാൻ മടിക്കും.
നമ്മുടെ ശരീരത്തിന് അസുഖം വരുമ്പോൾ നാം ചികിൽസിക്കാൻ മടിക്കാറില്ല, എന്നാൽ ഒരു ചെറിയ തലവേദന, എന്തിനു ഒരു പോറൽ ശരീരത്തിൽ കണ്ടാൽ പോലും ഡോക്ടറെ കാണുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം ആളുകളും. ആ ശരീരത്തിന്റെ കൂടെ തന്നെയുള്ള വളരെ പ്രധാനപ്പെട്ട ഭാഗമാണ് മനസ്സ് എന്നു പറയുന്നത്. ഈ മനസ്സിനും എന്തെങ്കിലും അസുഖങ്ങൾ ഒക്കെ വരാം അതിനെയാണ് മാനസിക രോഗം അല്ലെങ്കിൽ സൈക്യാട്രിക് ഡിസോർഡർ എന്നൊക്കെ പറയുന്നത്. അതും ചികിൽസിച്ചു കഴിഞ്ഞാൽ മാറ്റാവുന്നതാണ്.
പക്ഷെ നമുക്ക് ഒരു പനി വന്നു കഴിഞ്ഞാൽ ചികിൽസിക്കാൻ മടിയില്ല എന്നാൽ ഒരു ചെറിയ ടെൻഷൻ വന്നു കഴിഞ്ഞാൽ, അല്ലെങ്കിൽ ഒരു ഡിപ്രെഷൻ തോന്നിക്കഴിഞ്ഞാൽ ഡോക്ടറെ/സൈക്യാട്രിസ്റ്റിനെ കാണാൻ പോകില്ല. അതു നമ്മുടെ സമൂഹം ചിന്തിച്ചു ഉണ്ടാക്കിയ ഒരു അവസ്ഥയാണ്. അങ്ങനെയുള്ള കാഴ്ചപ്പാട് ഒക്കെ മാറ്റേണ്ടയിരിക്കുന്നു, ശരിക്കും പറഞ്ഞാൽ മറ്റ് ഏതൊരു ശാരീരിക അസുഖത്തെപ്പോലെയും തന്നെയാണ് മാനസിക രോഗങ്ങളും. ചെറിയൊരു കൗൺസിലിംഗ് കൂടി മാറ്റാവുന്ന പ്രശ്നമേ ചിലപ്പോൾ കാണൂ, അതു ചെയ്യാതെ വച്ചുകൊണ്ടിരുന്നു അവസാനം പെട്ടെന്ന് പരിഹരിക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിലേക്ക് മാറാം.
ഇന്നത്തെ സാഹചര്യത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും മാനസിക രോഗം വരാം. അതിനെ ഒരു രോഗമായി മാത്രം കാണുക രോഗിയെ ഒറ്റപ്പെടുത്തതിരിക്കുക.
നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒരു രോഗാവസ്ഥയാണ് ഉന്മാദം അഥവാ മാനിയ (Mania). മാനിയ എന്നാൽ അസാധാരണമായി ഉയർന്നതോ പ്രകോപിപ്പിക്കുന്നതോ ആയ മാനസികാവസ്ഥ, തീവ്രമായ ഊർജം, അമിതമായ ചിന്തകൾ, മറ്റ് തീവ്രവും അതിശയോക്തിപരവുമായ പെരുമാറ്റങ്ങൾ കാണിക്കുന്ന ഒരു അവസ്ഥയാണ്. ഉന്മാദാവസ്ഥയിൽ ഒരാൾ അമിതമായി സന്തോഷം പ്രകടിപ്പിക്കുക, അതിവേഗം സംസാരിക്കുക, സങ്കടം ഉണ്ടാകേണ്ട സന്ദര്‍ഭങ്ങളില്‍ അതുണ്ടാകാതിരിക്കുക. ഉന്മാദം ബാധിച്ചയാളുടെ സന്തോഷം സാധാരണയില്‍ നിന്നു വ്യതസ്തമാണ്.
വിഷാദവും, ഉൻമാദവും ഒരാളിൽത്തന്നെ, ഒരു നിശ്ചിത മറിയുന്ന പോലെ മാറി വരുന്ന രോഗാവസ്ഥയാണ് ബൈപോളാർ ഡിസോഡർ(Bipolar Disorder). ചിലപ്പോൾ ഇതിലേതെങ്കിലും ഒന്നുമാത്രമായിട്ടും വരാം.
ബൈപോളാർ ഡിസോർഡറിനെക്കുറിച്ചു കൂടുതൽ വായിക്കാം
ഉന്മാദത്തിലെ സന്തോഷം ഒരു കാരണവുമില്ലാതെ ഉണ്ടാകുന്നതോ അല്ലെങ്കില്‍ കാരണത്തിനനുസൃതമല്ലാത്ത രീതിയില്‍ വളരെ ഉയര്‍ന്ന തോതിലുള്ള സന്തോഷമോ ആയിരിക്കും. ശരീരത്തിലും മനസ്സിലും ഉണര്‍വ് കത്തിക്കയറുന്നതുപോലെ തോന്നും. ഭീമമായ ഊര്‍ജ്ജം അനുഭവപ്പെടുന്നത് കൊണ്ട് ഉന്മാദം ബാധിച്ചയാള്‍ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഒരു നിമിഷം പോലും ഒരു സ്ഥലത്തിരിക്കാതെ അനേകം കാര്യങ്ങള്‍ ഒറ്റയടിക്ക് ചെയ്യാനായിരിക്കും അയാള്‍ ശ്രമിക്കു. അതേസമയം ഒന്നും പൂര്‍ത്തിയാക്കാന്‍ കഴിയുകയുമില്ല.
സമൂഹത്തിന് നഷ്ടമുണ്ടാക്കുന്ന രോഗങ്ങളിൽ ആറാം സ്ഥാനമുണ്ട് ബൈപോളാർ ഡിസീസിന്. 70% രോഗികൾക്കും ജനിതകമായ കാരണങ്ങളുണ്ട് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നാൽ വിഷാദം അഥവാ ഡിപ്രഷൻ (Depression) എന്നത്, അനുഭവിക്കുന്ന ആളിന് മനസ്സിലാവുമെങ്കിലും ഉൻമാദം അഥവാ മാനിയ എന്നത് അനുഭവിക്കുന്ന ആൾ അറിയണമെന്നില്ല. നൂറു പേരിൽ ഒന്നോ, രണ്ടോ പേരിലാണ് ഉൻമാദം കാണപ്പെടുന്നത്. വിഷാദം ബാധിക്കുന്നവരിൽ ഏതാണ്ട് 15% പേർ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നും കണക്കുകൾ പറയുന്നു. ബൈ പോളാർ രോഗത്തിന് കാരണമായി പറയപ്പെടുന്നതിൽ, പരമ്പരാഗതമായി കൈമാറി വരുന്ന ജീനുകൾ മാത്രമല്ല , ഉറ്റവരുടെ മരണം, പീഡനം, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങി ബാല്യകാലത്തുണ്ടാകുന്ന കടുത്ത മാനസികാഘാതങ്ങളും കാരണമാണ്.
അമിതമായി സംസാരിക്കുക, അമിതമായ ഊർജജം, അമിതമായ ആക്ടിവിറ്റികൾ, ഉറക്കക്കുറവ്, ഒരേ സമയം ഒരു പാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും, ഒന്നും പൂർത്തിയാകാതിരിക്കുകയും ചെയ്യുക, മനോനിയന്ത്രണം നഷ്ടപ്പെടുന്നതു കൊണ്ട് അമിതവേഗതയിൽ വാഹനങ്ങളോടിക്കുക, പതിവില്ലാത്ത വിധം വലിയ ആശയങ്ങൾ ചിന്തിക്കുകയും, അതേപ്പറ്റി മാത്രം സംസാരിക്കുകയും ചെയ്യുക. എതിർത്തു പറയുന്നവരോട് അമിതമായ ദേഷ്യം വരിക, പെട്ടെന്ന് വാഗ്വാദങ്ങളിൽ ഏർപ്പെടുക, ചിന്താശേഷിയില്ലാത്ത രീതിയിൽ പണം ദുർവ്യയം ചെയ്യുക, വലിയ കഴിവുകളുണ്ടെന്ന ധാരണയിൽ അപകടകരമായ പ്രവർത്തികളിലേർപ്പെടുക, ചിലപ്പോൾ കൂടുതൽ ഭക്തി, അതിരു കടന്ന ലൈംഗിക താൽപ്പര്യം ഇതൊക്കെ ഉൻമാദത്തിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നു.
രോഗ കാരണം
- മസ്തിഷ്കത്തിലെ വൈകാരിക സംതുലനം നിലനിര്‍ത്തുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന അപാകതകള്‍ (Neuro transmitter and structural Hypotheses). നമ്മുടെ ബ്രയിനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്, കുറെയധികം ന്യൂറോ ട്രാൻസ്മിറ്ററുകളിലൂടെയാണ് അല്ലെങ്കിൽ കെമിക്കൽ സബ്സ്റ്റൻസിലൂടെയാണ് നമ്മൾ ചിന്തിക്കുന്നതും ഓരോ പ്രവർത്തികൾ ചെയ്യുന്നതും, ഓരോ വികാരങ്ങളും, സങ്കടവും ദേഷ്യവുമൊക്കെ വരുന്നതുമൊക്കെ. തലച്ചോറിലുള്ള ഈ കെമിക്കൽ സബ്സ്റ്റൻസുകളുടെ വ്യതിയാനം കൊണ്ടും മാനസിക പ്രശ്നങ്ങൾ വരാം.
- ജനിതകപരമായ കാരണങ്ങൾ കൊണ്ട് വരാം (Genetic considerations). അബ്നോർമൽ ജീനുകൾ കൈമാറ്റം ചെയ്യുന്നത് വഴിയും ഈ അവസ്ഥയ്ക്ക് കാരണമാകാം. മാതാപിതാക്കളിൽ വിഷാദമോ, ഉന്മാദമോ ഉണ്ടായാൽ മക്കളിലേക്ക് പകരും എന്നില്ല.
- ജീവിതത്തിന്റെ ആദ്യകാലങ്ങളിലുണ്ടാകുന്ന കടുത്ത മാനസിക ആഘാതങ്ങൾ (Psychodynamic theories)
Mania യുടെ ലക്ഷണങ്ങൾ
സാധാരണ രീതിയിൽ മാനിയ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മാനിയയുടെ ചില ലക്ഷണങ്ങൾ വിഷാദരോഗത്തിനും സ്കീസോഫ്രീനിയക്കും കണ്ടേക്കാം അതിനാൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായത്തോടെ ലക്ഷണങ്ങൾ നോക്കി വിലയിരുത്തണം. താഴെ പറയുന്നതാണ് പ്രധാന ലക്ഷണങ്ങൾ, ആളുകളുടെ രീതിയനുസരിച്ചു സമാനമായ ലക്ഷണങ്ങൾ കാണിച്ചേക്കാം.
- സാധാരണ വിഷമം ഉണ്ടാകേണ്ട സാഹചര്യത്തിൽ പോലും ഇവർ സന്തോഷിക്കും. ഉദാഹരണത്തിന് അടുത്ത ബന്ധുക്കൾ മരിച്ചാലും ആഹ്ലാദം അനുഭവപ്പെടും.
- പെട്ടെന്ന് ഉണ്ടാവുന്ന മനോഭാവ മാറ്റങ്ങൾ, പെട്ടെന്ന് ദേഷ്യപ്പെടുക, അല്ലെങ്കിൽ അതിയായ മുന്കോപം പ്രകടിപ്പിക്കുക.
- നിയന്ത്രിക്കാൻ പറ്റാത്ത രീതിയിൽ പല വിധത്തിലുള്ള ചിന്തകൾ മനസ്സിലേക്ക് വന്നു കൊണ്ടിരിക്കും.
- എന്തു പ്രവർത്തി ചെയ്താലും അതിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരിക, അങ്ങനെ ചെറിയ കാര്യങ്ങളിൽ പോലും പൂർത്തിയാക്കാൻ കഴിയാതെ വരും.
- ഉറക്കം വളരെ കുറവായിരിക്കും, ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങിയാലും ഉന്മേഷത്തോടെ തന്നെയിരിക്കും.
- അമിത ഉത്സാഹം അഥവാ ഹൈപ്പർ ആക്ടിവിറ്റി. എല്ലാ കാര്യങ്ങളോടും അമിത താല്പര്യം തോന്നും. പെട്ടെന്ന് എടുത്തു ചാടി ഓരോ കാര്യങ്ങൾ ചെയ്യും, റിസ്കുള്ള കാര്യങ്ങൾ ചെയ്യും. അറിവില്ലാത്ത ബിസിനസ്, യഥാർത്ഥമല്ലാത്ത വലിയ പദ്ധതികൾ ഒക്കെ ചെയ്യുന്നത് കാണാം. ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുക, അമിത ഭക്തി ഇതേപോലെയുള്ള അസാധാരണമായ ലക്ഷണങ്ങൾ കാണിക്കാം.
- സ്വന്തം ശേഷിയെക്കുറിച്ചു മിഥ്യാ ധാരണകൾ വച്ചു പുലർത്തും. സ്വയം മതിപ്പും, അവനവന്റെ കഴിവുകളെക്കുറിച്ചുള്ള ധാരണകളും പരിധി വിട്ടു കൂടുന്നു. പ്രധാനമന്ത്രി മന്ത്രി ആണെന്ന് വരെ ചിലപ്പോൾ പറഞ്ഞെന്നു വരാം.
- അമിതമായ ലൈംഗിക താല്പര്യം കാണിക്കും
- അതിവേഗത്തിലുള്ള സംസാരം ചിലരിൽ കണ്ടു വരുന്നു.
ചികിത്സ
മരുന്നും തെറാപ്പിയും കൗൺസിലിങ്ങും ജീവിതചര്യകളിലെ മാറ്റം എന്നിവയൊക്കെ സംയോജിപ്പിച്ചുള്ള ഒരു ചികിൽസ ആണ് ഇതിന് കൂടുതൽ ഫലപ്രദമാകുന്നത്. രോഗിയുടെ പ്രായം, അവസ്ഥയുടെ തീവ്രത, മരുന്നിനോടുള്ള രോഗിയുടെ പ്രതികരണം ഇതൊക്കെ നോക്കി ചികിത്സയിൽ വ്യത്യാസം ഉണ്ടാവാം. ചിലപ്പോൾ കൂടുതൽ കാലം തുടർച്ചയായി മരുന്ന് കഴിക്കേണ്ടി വന്നേക്കാം, അങ്ങനെയുള്ള അവസ്ഥയിൽ അതു നിർത്തിയാൽ അസുഖം വീണ്ടും വരാനും നിലവിലെ അവസ്‌ഥ വഷളാകാനും സാധ്യതയുണ്ട്.
നേരത്തെ മുകളിൽ പറഞ്ഞ പോലെ മാനസിക രോഗവും ശരീരത്തിന് വരുന്നപോലെയുള്ള ഒരു രോഗം തന്നെയാണ്. അതു മറ്റ് ചിന്തകളും ഈഗോയും ഒക്കെ മാറ്റി വച്ചു കൃത്യമായി ചികിൽസ നൽകിയാൽ മാറുന്നതാണ്. മരുന്നിനും സൈക്കോ തെറാപ്പിക്കും ഒപ്പം രോഗിയുടെ ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഒക്കെ പിന്തുണ ലഭിച്ചാൽ അവർ സാധാരണ നിലയിലേക്ക് തിരികെയെത്തും.
നിങ്ങൾക്കോ നിങ്ങൾക്കറിയുന്ന ആർക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ..? മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി ചികിത്സ തേടാതിരിക്കുവാണോ..? ലൈഫ് കെയർ കൗൺസിലിംഗ് സെന്ററിന്റെ ഓൺലൈൻ സേവനങ്ങൾ നിങ്ങൾക്കുപയോഗിക്കാവുന്നതാണ്