നേരിയ തോതിലുള്ള മാനസികസമ്മർദ്ദം പോലും ശാരീരികമായി നിങ്ങളെ തളർത്താറുണ്ടോ? ശാരീരിക ബുദ്ധിമുട്ടുകളും വിട്ടുമാറാത്ത ക്ഷീണവും ചെറിയൊരു പ്രയത്നത്തിൽ പോലും നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ ? ശാരീരികമായും മാനസികമായും തളർന്ന അവസ്ഥകളിൽ പെട്ടന്ന് ക്ഷോഭം വരികയും തലവേദന വരികയും ചെയ്യാറുണ്ടോ? ഈ അവസ്ഥയാണ് ന്യൂറസ്തീനിയ. ഒരുപക്ഷെ നമ്മളിൽ നല്ലൊരു ശതമാനം ആൾക്കാർക്കും ഉണ്ടാവും ഈ പ്രശ്നം. യഥാർത്ഥ കാരണം അജ്ഞാതം ആണെങ്കിലും പലപ്പോഴും നമ്മുടെ വൈകാരിക അവസ്ഥയുമായും വിഷാദവുമൊക്കെയായി ബന്ധപെട്ടു കിടക്കുന്നുണ്ട് ഇത്. ലോകാരോഗ്യ സംഘടന, “ ന്യൂറോട്ടിക് ഡിസോർഡേഴ്സ്” എന്നതിന് കീഴിൽ ന്യൂറസ്തീനിയയെ തരംതിരിക്കുന്നു.
എന്താണ് ഈ അവസ്ഥയുടെ പ്രത്യേകതകൾ?
ശാരീരികവും മാനസികവുമായ ക്ഷീണം തന്നെയാണ് ന്യൂറസ്തീനിയ രോഗികളിൽ കാണുന്ന പ്രകടമായ ലക്ഷണം. വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും വിട്ടുമാറാത്ത ക്ഷീണം ഈ അവസ്ഥയെ വെളിവാക്കുന്നു. അതുകൊണ്ടു തന്നെ ഒരേസമയം മനഃശാസ്ത്ര രംഗത്തും വൈദ്യശാസ്ത്ര രംഗത്തും ഈ അസുഖമുള്ളവർ ചികിത്സ തേടുന്നു.
എന്താണ് ന്യൂറസ്തീനിയയുടെ പ്രധാന ലക്ഷണങ്ങൾ ?
ക്ഷീണം: സാധാരണ സമയങ്ങളിൽ നമുക്കു തോന്നുന്ന ക്ഷീണത്തെക്കാൾ വ്യത്യസ്തമാണ് ഈ അവസ്ഥയിൽ അനുഭവപ്പെടുന്നത്. രാത്രി സമയത്തേക്കാൾ ക്ഷീണം പകൽ സമയത്താണ് വരിക. അതുപോലെ തന്നെ വിശ്രമിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്ക് നാം എത്തുകയുമില്ല.
തലവേദന: ഇത് പലപ്പോഴും കണ്ണുകളുടെ ആയാസം, കാഴ്ച മങ്ങൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തലവേദന സ്ഥിരമായി വരികയും പലപ്പോഴും തീവ്രം ആവുകയും ചെയ്യുന്നു.
ശരീരവേദന: ശരീരം മുഴുവൻ, പ്രത്യേകിച്ച് പുറംഭാഗത്തു വേദന അനുഭവപ്പെടുന്നു. സന്ധിവേദന പോലെ തോന്നുന്ന ഇത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ദഹന തകരാറുകൾ: പലർക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നു.
വിശപ്പില്ലായ്മ: വിശപ്പിന്റെ അളവ് വല്ലാതെ കുറയുന്നു.
ഉറക്കമില്ലായ്മ: പുലർച്ചെ വരെ മണിക്കൂറുകളോളം ഉണർന്നിരിക്കുകയും അതുപോലെ തന്നെ അസുഖകരമായ സ്വപ്‌നങ്ങൾ മൂലം അസ്വസ്ഥരാവുകയും ചെയ്യുന്നു.
ഈ അവസ്ഥയിൽ കൂടി കടന്നു പോകുന്നവർ തങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ വളരെ അധികം ജാഗരൂഗരായിരിക്കും. ന്യൂറസ്തീനിയയുടെ ലക്ഷണങ്ങളെ വിശകലനം ചെയ്യുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഇത് തികച്ചും ഒരു മാനസികാവസ്ഥ ആണെന്നും ദൈനം ദിന ജീവിതത്തിൽ ഉണ്ടാവുന്ന അസുഖകരമായ സാഹചര്യങ്ങൾ, സംഘർഷങ്ങൾ, നിരാശകൾ, അവഗണനകൾ എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ഇത് സഹായിക്കുന്നുവെന്നും ആണ്.
ന്യൂറസ്തീനിയയുടെ കാരണങ്ങളെ പറ്റി പലതരത്തിലുള്ള നിഗമനങ്ങൾ ഉണ്ടായിട്ടുണ്ട്.
ദുർബലമായ ആരോഗ്യം, ചെറുപ്പകാലം തൊട്ടുള്ള മാതാപിതാക്കളുടെ അമിത സംരക്ഷണം, നീണ്ടുനിൽക്കുന്ന നിരാശ, ജീവിതം അർത്ഥശൂന്യമാണെന്ന നിരന്തരമായ തോന്നൽ, മതിയായ പ്രചോദനം ഇല്ലാതിരിക്കുക എന്നിവ ന്യൂറസ്തീനിയയുടെ ആരംഭത്തിലേക്ക് നയിക്കുന്നു. ഇത് ന്യൂറോട്ടിക് ഡിസോർഡറിന്റെ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുന്നു. കൂടാതെ, ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്തതിന്റെ തുടർച്ചയായ കുറ്റബോധവും നിരന്തരമായ വൈകാരിക സംഘർഷങ്ങളും മറ്റ് ചില കാരണങ്ങളാണ്. ന്യൂറസ്തീനിയയിൽ കൂടി കടന്നു പോകുന്ന ഒരു രോഗിക്ക് തന്റെ ഈ അവസ്ഥയ്ക്ക് പിന്നിൽ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ ഉണ്ടെന്നു തോന്നുകയും അങ്ങനെ എന്തെങ്കിലും വെളിപ്പെടുമ്പോൾ സന്തോഷം തോന്നുകയും ചെയ്യുന്നു.
ന്യൂറസ്തീനിയ ചികിൽസിച്ചു മാറ്റാൻ സാധിക്കുമോ ?
സൈക്കോതെറാപ്പി പോലെ ഉള്ള ചികിത്സ രീതിയാണ് ഈ അവസ്ഥക്ക് എന്തുകൊണ്ടും മെച്ചം. കാരണം,രോഗികൾക്ക് സ്വന്തം അവസ്ഥയെപ്പറ്റിയും പ്രശ്നങ്ങളെപ്പറ്റിയും ഒരു ഉൾകാഴ്ച ഉണ്ടാക്കിയെടുക്കാൻ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ, ജീവിതത്തിന്റെ സമ്മർദങ്ങളെയും പിരിമുറുക്കങ്ങളെയും നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും വളർത്തിയെടുക്കാനും ഇത് സഹായിക്കുന്നു. അമിതമായ ഉത്കണ്ഠ ഒരുപരിധി വരെ കുറക്കാൻ മരുന്നുകൾ സഹായിക്കുമെങ്കിലും ന്യൂറസ്തീനിയയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടുപിടിക്കാനും സുഖപ്പെടുത്തുന്നതിനും മരുന്നുകൾ സഹായിക്കില്ല. സൈക്കോതെറാപ്പി ഒരു പരിധി വരെ രോഗിയെ ജീവിതത്തോട് പൊരുതാൻ പ്രേരിപ്പിക്കുന്നു.
മനസ്സിന്റെ ആരോഗ്യം തന്നെയാണ് ശരീരത്തിന്റെയും. മനസ്സിനുണ്ടാവുന്ന ചെറിയൊരു ബുദ്ധിമുട്ടു പോലും പല അവസരങ്ങളിലും ശാരീരികമായി നമ്മളെ തളർത്തിക്കളയാം. ന്യൂറസ്തീനിയ പോലെയുള്ള അവസ്ഥകൾ അതിനാൽ തന്നെ ഗുരുതരമായി കണക്കാക്കേണ്ടതാണ്. സമയോചിതമായി ചികിൽസിച്ചു മാറ്റിയാൽ മാത്രമേ രോഗിയെ ഗുരുതരാവസ്ഥയിലെത്താതെ സംരക്ഷിക്കാൻ സാധിക്കുകയുള്ളു.