Depersonalization-Derealization disorder
നിങ്ങൾക്കു എപ്പോഴെങ്കിലും സ്വന്തം ശരീരത്തിന് പുറമെനിന്ന് സ്വയം നോക്കികാണുന്നതായി തോന്നിയിട്ടുണ്ടോ? ചുറ്റും ഉള്ളതൊന്നും യാഥാർഥ്യം അല്ലെന്ന ചിന്ത ഉണ്ടാകുന്നുണ്ടോ? അതുമല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ച് അനുഭവപ്പെടാറുണ്ടോ? യാഥാർഥ്യം അല്ലെന്നു തിരിച്ചറിയുമ്പോഴും, മാറ്റാനാവാത്ത വിധം ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ, അതിനു അർഥം നിങ്ങൾ ഡി- പഴ്സണലൈസേഷൻ – ഡി- റിയലൈസേഷൻ ഡിസോർഡറുമായി ജീവിക്കുന്നു എന്നാണ്.
സ്വന്തം ചിന്തകളിൽ നിന്നും, ശരീരത്തിൽ നിന്നുമുള്ള അകൽച്ചയെ ഡി- പഴ്സണലൈസേഷൻ എന്നും, ചുറ്റുപാടുകളിൽ നിന്നുമുള്ള അകൽച്ചയെ ഡി- റീയലൈസേഷൻ എന്നും പറയുന്നു. സത്യമല്ല എന്ന തിരിച്ചറിവിലും ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട മേഖലകളിൽ നിന്നുമുള്ള വിട്ടു നിൽക്കലാണ് ഇതിന്റെ പ്രധാന ലക്ഷണം. ടീനേജ് കാലഘട്ടം മുതൽ യൗവ്വനം വരെ എപ്പോൾ വേണമെങ്കിലും ലക്ഷണങ്ങൾ തലപൊക്കാം.
ഡി- പഴ്സണലൈസേഷന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്:
- നിങ്ങളുടെ ശരീരത്തിനെയും, ചിന്തകളെയും, വികാരങ്ങളെയും പുറമെ നിന്ന് സ്വയം വീക്ഷിക്കുന്നതായി അനുഭവപ്പെടുക.
- സ്വന്തം സംസാരത്തിലൊ, ചലനത്തിലോ നിയന്ത്രണം നഷ്ടപ്പെട്ട് യാന്ത്രികമായി പ്രവർത്തിക്കുന്നതായി അനുഭവപ്പെടുക.
- ചിന്താശേഷിയും, പ്രതികരണശേഷിയും നഷ്ടപ്പെട്ട്, മാനസികമായും, ശാരീരികമായും തളർന്ന ഒരു അവസ്ഥയിലേയ്ക് പോവുക.
- സ്വന്തം ഓര്മകളാണോ എന്ന് പോലും തിരിച്ചറിയാനാവാത്ത വിധം നിയന്ത്രണം ഇല്ലാതെ, വികാരങ്ങൾ ഇല്ലാതെ, ഓർമ്മകൾ വന്നുകൊണ്ടിരിക്കുക.
- സ്വന്തം ശരീരത്തിലും, കൈകാലുകളിലും രൂപമാറ്റം സംഭവിച്ചതായും തലയിൽ പഞ്ഞി കൊണ്ട് മൂടിയിരിക്കുന്നതായും തോന്നുക.
എന്നാൽ ഡി- റീയലൈസേഷന്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണ്.
ഡീറിയലൈസേഷൻ എന്നത് നിങ്ങളുടെ പരിസ്ഥിതിയിൽ നിന്നും, അതിലെ വസ്തുക്കളിൽ നിന്നും, ആളുകളിൽ നിന്നും വേർപെട്ടു എന്ന തോന്നൽ ആണ്.
- സ്വന്തം ചുറ്റുപാടുകളിൽ നിന്ന് ഉൾവലിഞ്ഞു ഒരു സിനിമയിലൊ സ്വപ്നത്തിലൊ ജീവിക്കുന്നത് പോലെ പോലെ തോന്നുക.
- സ്വയം ഒരു മതിൽ തീർത്തു അടുപ്പമുള്ളവരിൽ നിന്നും മാനസികമായി ഉൾവലിഞ്ഞു നിൽക്കുക.
- ചുറ്റുപാടുകൾ നിറം മങ്ങിയതും,കൃത്രിമവും, അവ്യക്തവും ആയി തോന്നുകയും, അതേസമയം അസാധ്യമായ വ്യക്തതയും ബോധവും അതിനെപ്പറ്റി ഉണ്ടാവുക.
- സമയത്തെയും കാലത്തെയും പറ്റിയുള്ള അവ്യക്തത. സമീപകാലത്തു നടന്ന കാര്യങ്ങൾ പോലും വളരെക്കാലം മുന്നേ നടന്നതായി തോന്നുക.
ഡി- പഴ്സണലൈസേഷൻ – ഡി- റീയലൈസേഷൻ ഡിസോർഡർ ചിലപ്പോൾ മണിക്കൂറുകളും, ആഴ്ചകളും, മാസങ്ങളും നിലനിൽക്കുംപുരുഷന്മാരിലും സ്ത്രീകളിലും ഇത് ഒരേ തോതിൽ കാണപ്പെടുന്നു എന്നതാണ് വാസ്തവം. ചെറിയതോതിൽ വന്നു പോകുന്ന ഡി – പഴ്സണലൈസേഷൻ – ഡി- റീയലൈസേഷൻ ഡിസോർഡർ സ്വാഭാവികം ആണെങ്കിലും, വളരെക്കാലം നീണ്ടുനിൽക്കുന്ന തീവ്രമായ വിചാരങ്ങളും, ചുറ്റുപാടുകളിൽ നിന്നും സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും, താങ്ങാൻ ആവാത്ത പിരിമുറുക്കവും, ഇതിന്റെ തീവ്രത വർധിപ്പിക്കും. അതുകൊണ്ടു തന്നെ നിങ്ങളെ മാനസികമായി അസ്വസ്ഥരാക്കുന്ന ചിന്തകൾ, ഉൾവലിഞ്ഞു ജീവിക്കാനുള്ള പ്രവണത, എന്നിവ നിങ്ങളുടെ ദൈനം-ദിന ജീവിതത്തെയോ, പഠനത്തെയോ ജോലിയെയോ, സ്വകാര്യവും, സാമൂഹികവുമായ തലങ്ങളിലുള്ള നിങ്ങളുടെ ബന്ധങ്ങളെയോ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സേവനം അനിവാര്യമാണ്.
കാരണങ്ങൾ
ഡി- പഴ്സണലൈസേഷൻ – ഡി- റീയലൈസേഷൻ ഡിസോര്ഡറിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ അത്രയൊന്നും തന്നെ വ്യക്തമല്ല. ജനിതകമായും ചുറ്റുപാടുകളുമായും ബന്ധപ്പെട്ട പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിക്ക് ഇങ്ങനെ വരാം. ബുദ്ധിമുട്ട് ഏറിയ ബാല്യകാലനുഭവങ്ങളൊ, മാനസിക പ്രശ്നങ്ങളുള്ള മാതാപിതാക്കളൊ, അപകടങ്ങളൊ, പ്രിയപ്പെട്ടവരുടെ വിയോഗമോ, അമിതമായ ക്ഷീണവും, ഉത്കണ്ഠയും, ഉറക്കമില്ലായ്മയും എല്ലാം തന്നെ ഇതിനു കാരണമാകാറുണ്ട്. മസ്തിഷ്ക രോഗങ്ങൾ, ഡിമെൻഷ്യ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസിക വൈകല്യങ്ങളുടെ ലക്ഷണം ആയും ഈ അവസ്ഥ ഉണ്ടാകാം.
എന്തുകൊണ്ട് ഡി- പഴ്സണലൈസേഷൻ – ഡി – റീയലൈസേഷന്റെ റിസ്ക് വർധിക്കുന്നു?
മനസ്സിന് മുറിവേൽകുന്ന തരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിന്റെ ഏതെങ്കിലും കാലഘട്ടത്തിൽ നേരിടുകയും, അനുഭവിക്കുകയും ചെയ്യേണ്ടി വന്നിട്ടുള്ളവരെ ഇത് വളരെ അധികം ബാധിക്കുന്നു.ചില സ്വഭാവ സവിശേഷതകൾ മൂലം ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളോട് പൊരുത്തപെടാനാവാതെ അവയിൽ നിന്നും ഒളിച്ചോടാനുള്ള പ്രവണത ഈ അവസ്ഥയിലുള്ളവർക് അധികമാണ്.
ബന്ധങ്ങളിലോ, സാമ്പത്തിക കാര്യങ്ങളിലോ, തൊഴിൽപരമായ സാഹചര്യങ്ങളിലോ താങ്ങാൻ പറ്റാത്ത മാനസിക സമ്മർദ്ദവും സമാനമായ തിക്ത ഫലങ്ങൾ ഉണ്ടാക്കും. വിഷാദാവസ്ഥയും, അമിതമായ ഉത്ക്കണ്ഠയും ഈ അവസ്ഥയെ ഉത്തേജിപ്പിക്കുക ആണ് ചെയ്യുക.
ഡി- പേഴ്സണലൈസേഷൻ -ഡി-റീയലൈസേഷൻ ഡിസോര്ഡറിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാരീതി എന്ന് വിശേഷിപ്പാക്കാവുന്നത് സൈക്കോതെറാപ്പി ആണ്. യാഥാർഥ്യമല്ലാത്ത തോന്നലുകൾ വഴി തിരിച്ചു വിടാനും, തടയുവാനും, പ്രത്യക്ഷത്തിൽ ജീവിക്കുവാനും, ഒരു പരിധി വരെ ഇത് സഹായകരമാവുന്നു.
ഡി- പഴ്സണലൈസേഷൻ – ഡി – റീയലൈസേഷൻ എന്നത് തീർച്ചയായും ഭീതിജനകവും, ബുദ്ധിമുട്ടേറിയതുമായ ഒരു മാനസികാവസ്ഥ തന്നെയാണ്. ഒന്നിലേക്കും ശ്രദ്ധ കേന്ദീകരിക്കാനാവാത്ത, ഒന്നിന്റെയും ഭാഗമാണെന്നു തോന്നാത്ത ഒരു അവസ്ഥയിലേക്കു ഇത് നിങ്ങളെ എത്തിക്കാം. അടുപ്പമുള്ളവരുമായുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും, പിന്നീട് വിഷാദാവസ്ഥയിലേക്കും, അതുവഴി പ്രതീക്ഷ ഇല്ലായ്മയിലേക്കും വളരെ ആയാസരഹിതമായി നമ്മെ കൊണ്ടെത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.അതുകൊണ്ടു തന്നെ കാരണങ്ങൾ തിരിച്ചറിഞ്ഞു, പരിഹാരം കണ്ടെത്തി, ഈ അവസ്ഥയിൽ നിന്നും മുക്തി നേടേണ്ടത് അനിവാര്യമാണ്. ജീവനും, ജീവിതത്തിനും.
ഇതേപോലെ രോഗാവസ്ഥ നിങ്ങൾക്കോ ചുറ്റുമുള്ളവർക്കോ കാണുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും സൈക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ് . ലൈഫ് കെയർ കൗൺസിലിങ് സെന്റർ ഓൺലൈൻ ആയും നേരിട്ടും കൗൺസിലിങ് നൽകുന്നുണ്ട്, മുൻകൂട്ടി ബുക്ക് ചെയ്തു സൈക്കോളജിസ്റ്റിന്റെ കൺസൾട് ചെയ്യാവുന്നതാണ് .