എന്താണ് ഹാപ്പി ബോക്സ് / ക്രൈസിസ്‌ ബോക്സ്? (Happy Box) എങ്ങനെ ഒരു ഹാപ്പി ബോക്സ് ഉണ്ടാക്കാം?

happy box concept

മാനസികാരോഗ്യവുമായി ബന്ധപെട്ടു പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാവും പലരും.ആ അവസ്ഥയിൽ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സാധിക്കാതെയും പ്രചോദനമില്ലാതെയും നാം നിരാശരാവുന്നതും പതിവാണ്.ആ അവസരത്തിൽ മനസ്സിന് ആശ്വാസം പകരുന്നതൊ, സന്തോഷം നൽകുന്നതോ ശ്രദ്ധ വഴിതിരിച്ചു വിടാനോ ഒക്കെ ആയി എന്തെങ്കിലും കണ്ടെത്തിയാൽ നന്നായിരിക്കില്ലേ ?അതിനാണ് നമ്മൾ ക്രൈസിസ്‌ ബോക്സ് അഥവാ ഹാപ്പി ബോക്സ് തയ്യാറാക്കുന്നത്‌.നമ്മുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ,ഇഷ്ടപ്പെടുന്ന വസ്തുക്കളെ, മൃദുവായ വിചാരങ്ങളെ ഒരു പെട്ടിയിൽ അടച്ചു വച്ചിരിക്കുന്നതു പോലെയാണ് അത്. വല്ലാതെ വിഷമിച്ചിരിക്കുമ്പോഴും ഇഷ്ടമുള്ള എന്തെങ്കിലും കാണുന്നത് ഞൊടിയിടയിൽ നിങ്ങളുടെ മാനസികാവസ്ഥ മാറ്റാറില്ലെ?

സമ്മർദ്ദം, വിഷാദം തുടങ്ങി ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലും അനുഭവിച്ചിട്ടുള്ള വിഷമതകളിൽ നിന്നും മോചിപ്പിക്കാൻ ഉപയോഗിക്കുന്ന കോപ്പിംഗ് ടൂളുകളുടെ ഒരു ശേഖരമാണ് ക്രൈസിസ്‌ ബോക്സ് (Happy Box). ക്രൈസിസ്‌ ബോക്സിൽ നാം പലവിധ വസ്തുക്കൾ ഉൾപ്പെടുത്തുന്നു. ഒരാളുടെ വ്യക്തിതാല്പര്യങ്ങളുടെയും  മുൻഗണനകളുടെയും അടിസ്ഥാനത്തിൽ ക്രൈസിസ്‌ ബോക്സിലെ വസ്തുക്കളിലും വ്യത്യാസം ഉണ്ടാവുന്നു. ഇതിലെ പ്രധാന ആശയം എന്തെന്നാൽ പൂർണമായും നിങ്ങളുടെ ശ്രദ്ധയും താല്പര്യവും അടങ്ങിയിരിക്കുന്ന വസ്തുക്കളാണെങ്കിൽ അസ്വസ്ഥവും അനിവാര്യമല്ലാത്തതുമായ ചിന്തകൾക്ക് മനസ്സിൽ നിലനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകും. അശുഭകരമായ ചിന്തകൾക്ക് പലപ്പോഴും തടയിടാൻ സാധിക്കുക നമുക്കു പ്രിയപ്പെട്ട ചെറിയ ചില വസ്തുക്കൾക്കാണ്. ചെറിയ തോത് മുതൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ അത് വ്യക്തികളിൽ വരുത്തുന്നു. ഒരു തരത്തിലുള്ള മോശമായ ചിന്തകളെയും മനസ്സിലേക്ക് കടത്തിവിടാതെ,  വസ്തുക്കളിലൂടെ കാലാകാലങ്ങളായി മനസ്സിൽ അടിഞ്ഞുകൂടിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുരക്ഷിതമായ വഴിയാണിത്..


എന്തിനാണ്  ക്രൈസിസ്‌ ബോക്സ്?

  • നിങ്ങളുടെ ചിന്തകൾ തിരിച്ചറിയാനും പ്രകടിപ്പിക്കാനും.
  •  ബുദ്ധിമുട്ടേറിയ അവസ്ഥകളിൽ സ്വയം  ആശ്വസിപ്പിക്കാൻ.
  • പോസിറ്റീവ് ഡിസ്ട്രക്ഷൻ നൽകാൻ.
  • നിങ്ങളുടെ പ്രതീക്ഷ, പ്രചോദനം, സ്ഥിരോത്സാഹം എന്നിവ വർദ്ധിപ്പിക്കുന്നതിന്.
  • നിങ്ങളുടെ ചിന്തയെ ആമിതാശങ്കയിൽ  നിന്നും ,അമിതമായി വിശകലനം ചെയ്യുന്നതിൽ നിന്നും പ്രശ്‌നപരിഹാരത്തിനായുള്ള ഒരു മാനസികാവസ്ഥയിലേക്ക് മാറ്റുന്നതിന്.
  • എങ്ങിനെ സ്വയം ഒരു ക്രൈസിസ്‌ ബോക്സ് സൃഷ്ടിച്ചു  എടുക്കാം?

നിങ്ങൾക്കു സന്തോഷം നൽകുന്ന എന്തിനെയും ക്രൈസിസ്‌ ബോക്സിൽ വയ്ക്കാവുന്നതാണ്. ഇഷ്ടമുള്ള രീതിയിൽ അത് ഉണ്ടാക്കി എടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട്.മാനസികാവസ്ഥയെ മെച്ചപ്പെടുത്താനായിട്ടുള്ള ചില വസ്തുക്കൾ ഇവയൊക്കെയാണ്.

പുസ്തകങ്ങളും സിനിമകളും – നിങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിക്കുകയോ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന  ഒരു സിനിമ കാണുകയോ ചെയ്യുന്നത് നിങ്ങൾക്ക് സ്വയം നഷ്ടപ്പെടുന്നതായി തോന്നുമ്പോൾ നേരിടാനുള്ള ശക്തമായ ആയുധങ്ങളാണ്.

സംഗീതം – മനസ്സിന് സന്തോഷം നൽകുന്ന ഈണങ്ങളും, മനോഹരമായ വരികളുമുള്ള പാട്ടുകൾ കേൾക്കുന്നതും മനസ്സിനെ ശാന്തമാക്കാൻ ചുറ്റുമുള്ള സ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധിക്കുന്നതും  ഒരു പരിധി വരെ ഗുണം ചെയ്യും.

ജേണൽ – നിങ്ങളുടെ ഉള്ളിലെ ചിന്തകളെയും വികാരങ്ങളെയും കടലാസിലേക്ക് പകർത്തുന്നത് വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ മറികടക്കാൻ ഒരു  പരിധി വരെ സഹായിക്കുന്നു.

ഫോട്ടോകളും ഓര്മക്കുറിപ്പുകളും – നിങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിലേക്കു  തിരികെ കൊണ്ടുപോകുന്നതും നിങ്ങളുടെ മുഖത്ത്  പുഞ്ചിരി വിടർത്തുന്നതുമായ ഫോട്ടോകളും ഓർമ്മക്കുറിപ്പുകളും ക്രൈസിസ്‌ ബോക്സിൽ ഉൾപ്പെടുത്താവുന്നതാണ്.

സുഗന്ധങ്ങൾ – മറ്റെന്തിനേക്കാളും ശക്തമായ വികാരങ്ങളെയും ഓർമ്മകളെയും ഉണർത്താൻ സുഗന്ധങ്ങൾക്ക് കഴിയും.നിങ്ങളുടെ പ്രിയപ്പെട്ട പെർഫ്യൂമുകൾ, അവശ്യ എണ്ണകൾ, സുഗന്ധമുള്ള മെഴുകുതിരി എന്നിവ ഇഷ്ടാനുസരണം നിങ്ങൾക്കു അതിൽ വയ്ക്കാവുന്നതാണ്.

പല തരത്തിലുള്ള ക്രൈസിസ്‌ ബോക്സുകൾ ഉണ്ട്.

ആദ്യത്തേത് സ്വന്തം മനസ്സിനെ ശാന്തമാക്കാൻ വേണ്ടിയിട്ടുള്ളതാണ്.ഇത് നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനം സുഗമം ആക്കുന്നു. കാഴ്ച, മണം, സ്പർശനം, കേൾവി, രുചി എന്നിവയുമായി ബന്ധപെട്ടു കിടക്കുന്നവയാണ് അവ . ഒരു പുതപ്പു, ഇഷ്ടപ്പെട്ട പാട്ടുകൾ, മെഴുകുതിരി, സ്ട്രെസ് ബോളുകൾ,മുട്ടായി. അങ്ങനെ വ്യക്തിയുടെ താത്പര്യമനുസരിച് എന്ത് വേണമെങ്കിലും ക്രൈസിസ്‌ ബോക്സിൽ വയ്ക്കാവുന്നതാണ്.

രണ്ടാമത്തേത് നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള രീതിയാണ്.ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ നിങ്ങളുടെ ശ്രദ്ധ മാറ്റുവാനായി ഇത് ഉപകരിക്കുന്നു. പുസ്തകങ്ങൾ, നെയ്ത്ത്, സിനിമകൾ, വെബ്സൈറ്റുകൾ, പസിലുകൾ അല്ലെങ്കിൽ സംഗീതം അങ്ങിനെ പലവിധ വസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്നു.

നിങ്ങൾക്കു അനുഭവപ്പെടുന്ന വിഷാദപരമായ വികാരങ്ങൾക്ക് നേർ വിപരീതമായി പ്രവർത്തിക്കുക എന്നുള്ളതാണ് മറ്റൊരു രീതി. പോസിറ്റീവ് എനർജി നൽകുന്ന ഉദ്ധരണികൾ, തമാശരൂപത്തിലുള വിഡിയോകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിവയൊക്കെ ഹാപ്പി ബോക്സിൽ ഇടാവുന്നതാണ്.

നിങ്ങളെ നിങ്ങളിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരാനുള്ള പല വഴികളും ഹാപ്പി ബോക്സിൽ കാണാറുണ്ട്. ഒരു യോഗ മാറ്റ്, ധ്യാനങ്ങൾ, ശ്വസന വ്യായാമങ്ങൾ എന്നിവയും ഇതിനായി ഹാപ്പി ബോക്സുകളിൽ സൂക്ഷിക്കാറുണ്ട്   . മനസ്സിന് ശക്തിപകരുകയും നെഗറ്റീവ് ആയ ചിന്തകളെ മനസ്സിലേക്ക് കടത്തി വിടാതിരിക്കാനുമൊക്കെ ഇത് നിങ്ങളെ സഹായിക്കുന്നു.

വിഷാദം പേറി ജീവിക്കുന്ന, ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന പലർക്കും ജീവിക്കാനുള്ള പ്രത്യാശ സൃഷ്ടിക്കുവാനും ജീവിതം അർത്ഥവത്താണെന്നു ഓര്മിപ്പിക്കുവാനും ഹാപ്പി ബോക്സുകൾ പ്രേരകമാകുന്നു.വ്യക്തികളുടെ സുരക്ഷയെ കരുതി  പല കാര്യങ്ങളും  ക്രൈസിസ്‌ ബോക്സിൽ ഒരു മുന്കരുതലെന്നോണം ഉൾപെടുത്താറുണ്ട്.  വിഷാദത്തിലായിരിക്കുമ്പോഴോ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമ്പോഴോ  ചെയ്യേണ്ട കാര്യങ്ങൾ, പിന്തുണയ്‌ക്കായി സംസാരിക്കാൻ ബന്ധപ്പെടേണ്ട ആളുകൾ, പ്രതിസന്ധി ഘട്ടത്തിൽ പ്രൊഫഷണൽ സഹായത്തിനായി വിളിക്കേണ്ട സ്ഥലങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഇത്  കാട്ടിത്തരുന്നു .വ്യക്തികൾ അവരുടെ ക്രൈസിസ്‌ ബോക്സ് സമീപത്തു തന്നെ സൂക്ഷിക്കുകയും വിഷമവും സമ്മർദ്ദവും വരുമ്പോ അതിനുള്ളിലെ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നു. “ഇനി ജീവിക്കുന്നതിൽ അർത്ഥമില്ല”,”എന്നെ ഒന്നിനും കൊള്ളില്ല” എന്ന രീതിയിലുള്ള യുക്തിരഹിതമായ ചിന്തകളെ പരിഹരിക്കാനും ചെറുക്കാനും  ഇത് നിങ്ങളെ  സഹായിക്കുന്നു. ഈ വസ്തുക്കളിലേക്കു  നോക്കുന്നതിലൂടെ മുൻകാല വിജയങ്ങൾ, പോസിറ്റീവ് ആയ അനുഭവങ്ങൾ,ജീവിക്കുവാനുള്ള കാരണങ്ങൾ എന്നിവയെപ്പറ്റിയൊക്കെ നിങ്ങൾ  വീണ്ടും ബോധവാന്മാരാകുകയും നെഗറ്റീവ് ആയ ചിന്തകളെ നേരിട്ട് വെല്ലുവിളിക്കാനും ഒഴിവാക്കാനുമുള്ള ധൈര്യം ലഭിക്കുകയും ചെയ്യുന്നു.

ജീവിതം ഓരോ നിമിഷവും വെല്ലുവിളികൾ നിറഞ്ഞതാണ്. മാനസിക വിഷമവും വിഷാദാവസ്ഥയും ഉത്കണ്ഠയും എല്ലാം അതിന്റെ ഭാഗമാണ്‌.എന്തിരുന്നാലും അതിൽ നിന്നൊക്കെ നമ്മളെ പുറത്തു കൊണ്ടുവരുവാൻ നമ്മൾ ഇഷ്ടപെടുന്ന ഒരുപാട് ഘടകങ്ങൾ ചുറ്റുമുണ്ട്. ക്രൈസിസ്‌ ബോക്‌സും അങ്ങനെ ഒരു ഘടകം തന്നെയാണ്. കണ്ടും, കെട്ടും, അറിഞ്ഞും, നമ്മൾ ഇഷ്ടപെടുന്ന പലതിനെയും  ഒരു വിഷമാവസ്ഥയിൽ വീണ്ടും നമ്മൾ ആശ്രയിക്കുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു തലത്തിൽ അത് നമ്മളെ സുഖപ്പെടുത്തുന്നു. വീണ്ടും ജീവിക്കാൻ പ്രചോദനം തരികയും സമാധാനം തരികയും ചെയ്യുന്നു. അവിടെയാണ് നമ്മുട ജീവിതത്തിൽ ഹാപ്പി ബോക്സിന്റെ പ്രാധാന്യം ഏറുന്നത്.  

Book a Session

Not sure what kind of
care you need?

Tell us a bit about your concern, and our team will guide you to the right therapist or service.

Scroll to Top