ടെൻഷൻ കുറയ്ക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല, പലരും പല കാര്യങ്ങളിലും ടെൻഷൻ നേരിടുന്നവരാണ്. ജോലി സംബന്ധമായ കാര്യങ്ങൾ, പഠന കാര്യങ്ങൾ, കുടുംബ കാര്യങ്ങൾ അങ്ങനെ പല കാര്യങ്ങളിലും ടെൻഷനും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവരാണ്. ഇത് അനുദിനം കൂടിക്കൊണ്ടേയിരിക്കുന്നു. അമിതമായ മാനസിക സമ്മർദ്ദം പല രോഗങ്ങൾക്കും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. അപ്പോൾ എന്താണ് ഇതിനു പരിഹാരം?
നല്ല ചിന്തകള്‍, പ്രവൃത്തി, പോസിറ്റീവ് തിങ്കിങ്, മെഡിറ്റേഷൻ, നല്ല ഉറക്കം, പ്രാർത്ഥന ഇവയൊക്കെയാകും മിക്കവരും പറയുക… എന്നാല്‍ നല്ല മാനസികാരോഗ്യത്തിനു ശരീരത്തിന് ചില വൈറ്റമിനുകള്‍ കൂടി ആവശ്യമാണ് എന്നറിയാമോ ?…
അതെ , ചില വിറ്റാമിനുകൾ നിങ്ങളുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ മറ്റു അവയവങ്ങളെപ്പോലെ തന്നെ തലച്ചോറിനും വൈറ്റമിനുകളും പോഷകങ്ങളും ആവശ്യമുണ്ട്. ഇതിന്റെ കുറവുണ്ടാകുന്നത് പലതരത്തിലെ മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.
നല്ല മാനസികാരോഗ്യം നേടാൻ നിങ്ങളെ സഹായിക്കുന്ന 4 വിറ്റാമിനുകളാണ് താഴെ പറയുന്നത്.
വിറ്റാമിൻ ബി
ശരീരത്തിന്റെ ശരിയായ ആരോഗ്യത്തിനും സന്തുലിതാവസ്ഥയ്ക്കും ബി വിറ്റാമിനുകൾ നിർണായകമാണ്. 8 ബി വിറ്റാമിനുകളിൽ ചിലത് വൈകാരിക ആരോഗ്യത്തെയും ബാധിക്കും. വിറ്റാമിൻ ബി 1, അല്ലെങ്കിൽ തയാമിൻ, പലപ്പോഴും ആൻറി സ്ട്രെസ് വിറ്റാമിൻ എന്നറിയപ്പെടുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗം ചികിത്സിക്കുന്നതിനും ബി 1 ഉപയോഗിക്കുന്നത് പ്രധാനമാണ്. B3, B9, പ്രത്യേകിച്ച്, B12 എന്നിവ ഉപയോഗിക്കുന്നത് മാനസികാവസ്ഥയും, ആരോഗ്യകരമായ നാഡീവ്യവസ്ഥയും, തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. 2014 ലെ ഒരു പഠനം കാണിക്കുന്നത് ബി വിറ്റാമിനുകൾ കഴിക്കുന്നത് ജോലിയിലുള്ള സമ്മർദ്ദം കുറയ്ക്കാൻ നല്ല സ്വാധീനം ചെലുത്തുന്നു എന്നാണ്. ഭക്ഷണത്തിൽ ധാരാളം ബി വിറ്റാമിനുകൾ കണ്ടെത്താനാകുമെങ്കിലും, ഒരു ബി-കോംപ്ലക്സ് സപ്ലിമെന്റിന് ആവശ്യമായ ഊർജ്ജം നൽകും.
വിറ്റാമിൻ സി
വിറ്റാമിൻ സി, അല്ലെങ്കിൽ അസ്കോർബിക് ആസിഡ്, ജലദോഷത്തിനെതിരെ പോരാടാൻ നമ്മെ സഹായിക്കുന്നു. എന്നാൽ അതു മാത്രമല്ല വൈറ്റമിൻ സി നമ്മുടെ സമ്മർദ്ദവും ഉത്കണ്ഠയും മെച്ചപ്പെടുത്താൻ സഹായിക്കും. കുറച്ചു പേരിൽ നടത്തിയ ഒരു പഠനത്തിൽ, വിറ്റാമിൻ സി ഉപയോഗിച്ച ഉത്കണ്ഠയുള്ള വിദ്യാർത്ഥികൾക്കു സമ്മർദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അളവ് കുറഞ്ഞതായി കാണിച്ചു.
വിറ്റാമിൻ ഡി
ലോകമെമ്പാടുമുള്ള 1 ബില്യൺ ആളുകൾക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിറ്റാമിൻ ഡിയുടെ ഗുണവശങ്ങൾ ഏറെയാണ്, വിറ്റാമിൻ ഡി എല്ലുകളുടെയും പല്ലുകളുടെയും തലച്ചോറിന്റെയും വളർച്ചയെ സഹായിക്കുന്നു, മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു തുടങ്ങി ഒട്ടേറെയുണ്ട്. വൈറ്റമിൻ ഡിയുടെ കുറവും കടുത്ത സമ്മർദ്ദവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. വിഷാദരോഗികൾക്ക് പോലും വിറ്റാമിൻ ഡിയുടെ അളവ് കുറവാണ്. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. അതുകൊണ്ടു തന്നെ സൺഷൈൻ വിറ്റാമിൻ എന്നും ഇത് അറിയപ്പെടുന്നു. സൺഷൈൻ വിറ്റാമിൻ ഒരു ഡോസ് ലഭിക്കുന്നത് മാനസികാരോഗ്യം ഉണ്ടാവാൻ നല്ലതാണ്. എന്നാൽ സൂര്യപ്രകാശം വളരെയധികം ഏൽക്കുന്നത് ശരീരത്തിന് ഹാനികരമാണ്.
വിറ്റാമിൻ ഇ
ശരീരത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് ആവശ്യമായ ജീവകങ്ങളിലൊന്നാണ് വിറ്റാമിൻ E. ഹൃദ്രോഗം, ക്യാൻസർ, ഓർമ്മക്കുറവ് തുടങ്ങിയ വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ജീവകമാണിത്. ഇന്ന് ഏറ്റവും കൂടുതലായി കേശ – ത്വക്ക് സംരക്ഷണം എന്നിവയ്ക്കാണ് വിറ്റാമിന് ഈ ഉപയോഗിക്കുന്നത്. വൈറ്റമിൻ സി പോലെ, വൈറ്റമിൻ ഇയിലും സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. മാനസിക സമ്മർദ്ദം വൈകാരിക ആരോഗ്യത്തെ മാത്രമല്ല ശരീരത്തെയും ദോഷകരമായി ബാധിക്കുന്നു. സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ ശരീരം അധിക പോഷകങ്ങൾ ഉപയോഗിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളും ഓക്സിഡേറ്റീവ് സമ്മർദ്ദവും സൃഷ്ടിക്കുന്നു. വിറ്റാമിൻ ഇ ഈ ഫ്രീ റാഡിക്കലുകളെ അടിച്ചമർത്തുകയും സമ്മർദ്ദം കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
5-HTP (5-Hydroxytryptophan)
മറ്റു വിറ്റാമിനുകൾ പോലെ തന്നെ മനസികാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് 5-HTP (5-Hydroxytryptophan). ഇത് തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിൽ സിഗ്നലുകൾ കടത്തി വിടുന്ന പ്രക്രിയ സുഗമമാക്കുന്നു. മാനസികാവസ്ഥ, പെരുമാറ്റം, ശ്രദ്ധ എന്നിവയുൾപ്പെടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ, മാനസിക നില നല്ല രീതിയിൽ നില നിർത്താൻ സഹായിക്കുന്നു.
നമ്മുടെ ജീവിതത്തിൽ എല്ലാ ദിവസവും പ്രശ്നരഹിതമായി ഇരിക്കുക എന്നത് എപ്പോഴും സാധ്യമാകുന്ന ഒരു കാര്യമല്ല. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും മനസ്സിനെയും ശരീരത്തെയും പരിപാലിക്കുന്നത് സമ്മർദ്ദരഹിതമായ ജീവിതത്തിനുള്ള ആദ്യപടിയാണ്. എന്നാൽ വിറ്റാമിനുകൾക്ക് നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും. ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശ പ്രകാരം നിങ്ങൾക്ക് ആവശ്യമായ വിറ്റാമിനുകൾ ഏതൊക്കെയെന്നു മനസിലാക്കി മാത്രം ഉപയോഗിക്കുക. അമിതമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുക.