മടിക്കാതെ മനസ്സ് തുറക്കാം, മാനസികാരോഗ്യം നേടാം..

mental health awareness

മാനസികാരോഗ്യം – ഭൂരിഭാഗം ആളുകളും ഇന്നത്തെ കാലത്തും വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത മേഖലയാണ്. അത് മാത്രമല്ല നമ്മുടെ സമൂഹത്തിൽ തന്നെ ഏറ്റുവും കൂടുതൽ തെറ്റിദ്ധാരണകൾ ഉള്ളതുമായ ഒരു മേഖലയാണ്.

ശാരീരികമായ ബുദ്ധിമുട്ടുകളിൽ ആവശ്യത്തിനു അറിവുള്ള നമ്മുടെ ജനതയ്ക്കു മാനസികാരോഗ്യമെന്നു കേൾക്കുമ്പോൾ എന്തോ അവജ്ഞയാണ്. ഒരാൾ മെന്റൽ ഹെൽത്ത് ഡോക്ടറെ കണ്ടാൽ സമൂഹം പറയും അവനു/അവൾക്കു “ഭ്രാന്താണ്” “വട്ടാണ്” എന്നൊക്കെ. മാനസിക പ്രശ്നങ്ങൾ ഉള്ളവരെ എന്നും അകറ്റി നിർത്തുന്ന ഒരു സമൂഹമാണ് നമുക്ക് ഇന്നും ഉള്ളത്. കോവിഡ് കാലം ഈ ചിന്തകളിൽ കുറച്ചെങ്കിലും മാറ്റം വരുത്തിയിട്ടുണ്ട്, എങ്കിലും മാനസികാരോഗ്യ മേഖല ഇപ്പോഴും ഒരുപാടു വെല്ലുവിളികൾ നേരിടുന്നു.

അതിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും, ആദ്യം വേണ്ടതുമായ ഒന്നാണ് മാനസികാരോഗ്യം എന്താണെന്നും, എന്തിനാണെന്നുമുള്ള അവബോധം. സമൂഹത്തിൽ പണ്ട് മുതലേ ആഴ്ന്നിറങ്ങിയ മാനസിക രോഗങ്ങളോടും ചികിത്സ കേന്ദ്രങ്ങളോടുമുള്ള തെറ്റിദ്ധാരണകൾ കാരണം ചികിത്സ തേടുന്നതിന് പകരം മാനസിക രോഗാവസ്ഥകളിൽ അന്ധവിശ്വാസങ്ങളെയും മതാചാരങ്ങളെയും തേടി പോകുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഓരോ 40 സെക്കന്റിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു. വിഷാദമുൾപ്പെടെ ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങളാണ് പലപ്പോഴും ആത്മഹത്യക്കു കാരണമാകുന്നത്.

എന്താണ് മാനസികാരോഗ്യം?

ഒരു വ്യക്തിയുടെ വൈകാരികവും ശാരീരികവുമായ ക്ഷേമമാണ് മാനസികാരോഗ്യം. ഒരു വ്യക്തിക്ക് നല്ല മാനസികാരോഗ്യമുണ്ടെങ്കിൽ അത് സന്തോഷവും ആരോഗ്യകരവുമായ ഒരു ജീവിതം നയിക്കുവാൻ അവരെ സഹായിക്കും. നിങ്ങളുടെ ചിന്ത പെരുമാറ്റം, വൈകാരികാനുഭവം തുടങ്ങിയവയെല്ലാം മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അത് പ്രധാനമാണ്.

ലോകാരോഗ്യ സംഘടനയുടെ നിർവചനം ഇങ്ങനെയാണ് “ഒരു വ്യക്തിക്ക് തന്റെ കഴിവുകൾ തിരിച്ചറിയാനും ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കുന്ന അവസ്ഥയാണ് മാനസികാരോഗ്യം.”

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. മനസികാരോഗ്യമില്ലായ്മ ശാരീരികാരോഗ്യത്തെയും ബാധിക്കും. അതേപോലെ ശാരീരിക അനാരോഗ്യം മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

എന്തുകൊണ്ട് മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം?

ശാരീരികാരോഗ്യം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് മാനസികാരോഗ്യവുമെന്നു നമ്മളിൽ പലരും മനസിലാക്കുന്നത് കോവിഡിന്റെ കാലത്താണ്. തൊഴിൽ നഷ്ടപ്പെട്ടവർ, വരുമാനം നിലച്ചവർ, കുടുംബ പ്രശ്നങ്ങൾ ഉണ്ടായവർ, അടുത്ത ബന്ധുക്കളുടെ വിയോഗം അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഒരുപാട് പേര് വിഷാദം, ഉത്കണ്ഠ തുടങ്ങി വിവിധ തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോയി. ചിലരൊക്കെ ആത്മഹത്യ ചെയ്തു. അന്ന് ഉപകാരമായി മാറിയ മൊബൈൽ /ഇന്റർനെറ്റിന്റെ അമിത ഉപയോഗം കാരണം ഇന്ന് മാനസിക പ്രശ്നങ്ങൾ മുൻപത്തേക്കാളും വർധിച്ചിട്ടുണ്ട്.

ചെറിയ മാനസിക പ്രശ്നങ്ങളെ പോലും പലർക്കും അതിജീവിക്കാൻ പറ്റണമെന്നില്ല. പല ആതമഹത്യകളുടെയും കാരണം ചികഞ്ഞു പോയാൽ നമുക്ക് മനസിലാവും വളരെ ചെറിയ ഏതേലും കാര്യത്തിനാവും അവർ ആത്മഹത്യാ ചെയ്തതെന്ന്.

നമ്മുടെ മാനസികാവസ്ഥ നമ്മുടെ ശാരീരിക ആരോഗ്യത്തെയും ബാധിക്കും, തിരിച്ചും. വിട്ടുമാറാത്ത സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഹൃദ്രോഗം, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങി ഒട്ടനവധി രോഗങ്ങൾ വരുവാൻ കാരണമാകും.

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‍നം നേരിടിന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വ്യക്തിപരമായും തൊഴിൽ പരവുമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. ചുരുക്കം പറഞ്ഞാൽ മാനസികാരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ജീവിതത്തെ ബാധിക്കുന്നു.

ലോക ജനസംഖ്യയിൽ 55 കോടിയിൽ അധികം ആളുകൾ പല തരത്തിലുള്ള മാനസിക രോഗം മൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. ഇന്ത്യയിൽ ഏഴിൽ ഒരാൾ ഉത്കണ്ഠ, വിഷാദം, അമിതഭയം, സമ്മർദ്ദം, സ്ക്രീസൊഫെനിയ തുടങ്ങിയ മാനസിക പ്രശ്നങ്ങളിൽ ഏതെങ്കിലുമൊന്ന് അനുഭവിക്കുന്നുണ്ട്. കേരളത്തിൽ തന്നെ ഒരുപാടു ആളുകൾക്ക് മാനസിക രോഗങ്ങൾക്കുള്ള ചികിത്സ ആവശ്യമാണ്. എന്നാൽ അതിലെ ചെറിയൊരു ശതമാനം പേർക്ക് മാത്രമേ ശാസ്ത്രീയ ചികിത്സ സഹായം ലഭിക്കുന്നുള്ളൂ.

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ട പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന് ഓർക്കുക, കൃത്യ സമയത്തു ചികിത്സ തേടുക.

സമൂഹവും മാനസികാരോഗ്യവും

ഒരു പനിയോ ജലദോഷമോ വന്നാൽ നമ്മൾ വീട്ടിൽ പറയും, കൂട്ടുകാരോട്, ബന്ധുക്കളോട് ഒക്കെ പറയും, മരുന്നും വാങ്ങും. എന്നാൽ മനസിന് ഒരു അസുഖം വന്നാലോ? പറയാൻ തന്നെ മടിയാണ്, ചികിത്സ തേടാൻ അതിലേറെ മടിയും. കാരണം സൈക്കാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പോയാൽ നാട്ടുകാരും വീട്ടുകാരുമൊക്കെ പറയും നമ്മൾക്ക് “ഭ്രാന്താണ്” “വട്ടാണ്” അവന്റെ കിളി പോയി എന്നൊക്കെ. മാനസികാരോഗ്യ പ്രശ്നമെല്ലാം “മാനസിക വിഭ്രാന്തി” ആയി കാണുന്ന നമ്മുടെ സമൂഹത്തിന്റെ പൊതു ബോധമാണ് ഇവിടെ യഥാർഥ വില്ലൻ.

പഠിപ്പും വിവരവുമുള്ളവരാണെങ്കിൽ പോലും പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട് ഓർത്തു ചികിത്സ തേടാനോ/ നൽകുവാനോ ശ്രമിക്കില്ല. കുടുംബത്തിന് ചീത്തപേരാവും എന്നോർത്ത് പുറത്തറിയിക്കാതെ ഒരു ചികിത്സയും നൽകാത്ത ഒരുപാടു കുടുംബങ്ങൾ തന്നെ നമുക്കിടയിലുണ്ട്. ഒരു കല്യാണം കഴിച്ചാൽ മക്കളുടെ പ്രശ്നങ്ങൾ മാറുമെന്ന് കരുതി കല്യാണം കഴിപ്പിക്കുന്ന മാതാപിതാക്കളും നമുക്കിടയിലുണ്ട്. ചെറുപ്പക്കാർക്ക് ഡിപ്രെഷൻ, ഉത്കണ്ഠ പോലെ എന്തേലും മാനസിക പ്രശ്‍നം വന്നാൽ മാതാപിതാക്കൾക്ക് ആണ് ടെൻഷൻ, അവർക്കു വിദ്യാഭ്യാസം കിട്ടുവോ, കല്യാണം കഴിക്കാൻ പറ്റുവോ, മറ്റുള്ളവർ അറിഞ്ഞാൽ എന്ത് പറയും എന്നൊക്കെയുള്ള ആകുലതകളാണ്, അനാവശ്യമായി അവരുടെ ഭാവിയെക്കുറിച്ചു ഓർത്തു വിഷമിച്ചു നിൽക്കും. എന്നാലും ഇപ്പോഴുള്ള അവരുടെ അസുഖം മാറ്റുവാൻ ചികിത്സ തേടില്ല.

ഇതിന്റെയെല്ലാം മൂല കാരണം മുൻപ് പറഞ്ഞ സമൂഹത്തിന്റെ പൊതു ബോധമാണ്. നല്ലൊരു ജനതയെ വാർത്തെടുക്കുന്നതിനു ഈ പൊതു ബോധം മാറി വരേണ്ടതു അത്യാവശ്യമാണ്.

മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടാൻ മടിക്കേണ്ടതുണ്ടോ?

മുൻഭാഗങ്ങളിൽ പറഞ്ഞപോലെ തന്നെ ശാരീരികാരോഗ്യം പോലെ പ്രാധന്യമർഹിക്കുന്ന ഒന്ന് തന്നെയാണ് നമുക്കു മാനസികാരോഗ്യവും. അതുകൊണ്ടു തന്നെ ചികിത്സ തേടുന്നതിന് യാതൊരു മടിയും കാണിക്കേണ്ട ആവശ്യമില്ല.

മനസ്സിന് അസ്വസ്ഥത ഉള്ളവർക്കൊക്കെ “ഭ്രാന്ത്” എന്ന് പറയുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്, എന്നാലും കാലങ്ങളായി അവരുടെ മനസ്സിൽ ഉറച്ച ഇത്തരത്തിലുള്ള വിശ്വാസങ്ങൾ ഒരു ദിവസം കൊണ്ട് മാറുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ചികിത്സ തേടുവാൻ മടി കാണിക്കരുത്. നിങ്ങളുടെ മക്കളോ വേണ്ടപ്പെട്ടവരോ ആരെങ്കിലും മാനസികമായി ബുദ്ധിമുട്ടു നേരിടുന്നുവെങ്കിൽ അവർക്കു ചികിത്സ കിട്ടുവാനുള്ള സഹായം ചെയ്ത് കൊടുക്കുക. ശരീരവും മനസും ജീവിതവും ഒക്കെ നമ്മളുടേതാണ് പുറത്തു നിന്ന് പറയുന്നവർ എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. ആരെയും ഭയക്കാതെ മുന്നോട്ടു പോയാൽ മാത്രമേ ജീവിത ലക്ഷ്യങ്ങൾ നേടുവാനും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുവാനും സാധിക്കുകയുള്ളു.

ഇന്ന് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും കൗൺസിലിംഗും അനുബന്ധ സേവനങ്ങളുമൊക്കെ ലഭ്യമാണ്. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ എന്തെങ്കിലും വിധത്തിൽ മാനസിക പ്രശ്നങ്ങൾ നേരിടിന്നുവെങ്കിൽ കൃത്യ സമയത്തു ശാസ്ത്രീയമായ ചികിത്സ തേടുക.

എല്ലാവർക്കും നല്ലൊരു മാനസികാരോഗ്യം നേരുന്നു.

ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുമിത്രാദികൾക്കും ഷെയർ ചെയ്യുക, മനസികാരോഗ്യമുള്ള നല്ലൊരു സമൂഹം നമുക്കുണ്ടാവട്ടെ.

Book a Session

Not sure what kind of
care you need?

Tell us a bit about your concern, and our team will guide you to the right therapist or service.

Scroll to Top