സ്കീസോഫ്രീനിയയെ അതിന്റെ തീവ്രതയും ലക്ഷണങ്ങളുമനുസരിച്ചു പലതായി തിരിച്ചിട്ടുണ്ട്, അതിലെ ഏറ്റവും തീവ്രതയാർജ്ജിക്കുന്ന ഒരു രോഗാവസ്ഥയാണ് പാരനോയ്‌ഡ് സ്കീസോഫ്രീനിയ. സാധാരണ സ്കീസോഫ്രീനിയയുടെ എല്ലാ പ്രധാന ലക്ഷണങ്ങളും ഈ രോഗത്തിനും കാണിക്കും. അതിൽ ഏറ്റവും കൂടുതലായി കാണിക്കുന്നവയാണ്, സംശയം, വ്യാമോഹം (Delusion) ഇല്ലാത്ത വസ്തുക്കൾ, അനുഭവങ്ങൾ ഉള്ളതായി തോന്നൽ അല്ലെങ്കിൽ തെറ്റായ വിശ്വാസം. ഈ അസുഖമുള്ളയാൾക്ക് എപ്പോഴും സംശയം ആയിരിക്കും. ഉദാഹരണം പറഞ്ഞാൽ, തന്റെ ഭാര്യ/ഭർത്താവ് മറ്റു ബന്ധങ്ങളിലേക്ക് പോകുകയാണ്, അല്ലെങ്കിൽ തന്നെ വഞ്ചിക്കുകയാണ് എന്ന തോന്നൽ, അവരുടെ ഓരോ പ്രവർത്തികളും സംശയത്തോടെ നോക്കുക, അവരെ വിശ്വാസമില്ലാതെ വരിക.
നമ്മുടെ മനസ്സിന്റെ ചിന്താതലത്തിൽ യാഥാർഥ്യ ബോധത്തെ കാര്യമായി ബാധിക്കുന്ന അവസ്ഥയാണ് സ്കീസോഫ്രീനിയ. യാഥാർഥ്യബോധം എന്നു പറഞ്ഞാൽ, മനസ്സിനകത്തേക്ക് അയഥാർഥ്യമായ ചിന്തകൾ കടന്നു വരുന്ന ഒരു മാനസികാവസ്ഥയാണ്. അയഥാർഥ്യമായ സംശയങ്ങൾ, എന്നെക്കുറിച്ച് എല്ലാവരും അടക്കം പറയുന്നു, എന്നെ പരിഹസിച്ചു നോക്കുന്നു, എന്നെത്തന്നെ തുറിച്ചു നോക്കുന്നു, എനിക്കെതിരെ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നു, എന്നെ എല്ലായിടത്തും നിരീക്ഷിക്കുന്നു, ആരൊക്കെയോ എന്റെ മനസ്സിനെ കണ്ട്രോൾ ചെയ്യുന്നു, ഇങ്ങനെയുള്ള അസ്വാഭാവികമായ ചിന്തകൾ ക്രമേണ മനസ്സിലേക്ക് വരികയും വ്യക്തി സമൂഹത്തിൽ നിന്നു ഉൾവലിയുകയും, മറ്റുള്ളവരെയെല്ലാം സംശയാദൃഷ്ടിയോടെ കാണുകയും, കോപവും, ഉൾവലിയലും, സംസാരം വളരെ കുറയുകയും, പൊതുസമൂഹത്തിൽ ഇടപെടലുകൾ കുറയുകയും ചെയ്യുന്ന ഒരവസ്ഥയാണ് പാരനോയ്‌ഡ് സ്കീസോഫ്രീനിയ (Delusions of persecution).
ഇതിനോടൊപ്പം ചെവിയിൽ ഓരോരുത്തരും സംസാരിക്കുന്നതായിട്ട് കേൾക്കുക. എന്നെക്കുറിച്ച് ആൾക്കാരാരോ പറയുന്നു. ചെവിയിൽ അവരു പറയുന്നതു പോലെ തന്നെ കേൾക്കുക. ആ ഒരു വ്യക്തിയോട് നേരിട്ട് സംസാരിക്കുന്നതായിട്ട് അനുഭവപ്പെടുക. ആരും അടുത്തില്ലെങ്കിലും ആരൊക്കെയോ ആയിട്ട് സംസാരിക്കുക. നിയന്ത്രിക്കാൻ സാധിക്കാത്ത തരത്തിലുള്ള പുഞ്ചിരി, അല്ലെങ്കിൽ ചിരി ഇതെല്ലാം ഈ രോഗമുള്ള വ്യക്തിയിൽ കാണപ്പെടുന്നു. ഇങ്ങനെ പല തരത്തിലുള്ള വിഭ്രാന്തി, മായാമോഹങ്ങൾ തുടങ്ങിയ അവസ്ഥകളെല്ലാം ചേർന്ന് വരുന്ന ഒരു മാനസികാവസ്ഥയാണ് സ്കീസോഫ്രീനിയ (Hallucinatory voices).
ഞാൻ വളരെ വലിയവനാണ്, ഞാൻ മന്ത്രിയാണ്, ദൈവത്തിന്റെ പുത്രനാണ്, എനിക്ക് പ്രത്യേക കഴിവുകളുണ്ട്, വലിയ ഷോപ്പിങ് മാളുണ്ട് അങ്ങനെ പല രീതിയിലും സ്വയം പുകഴ്ത്തി പറഞ്ഞു നടക്കുന്ന ഒരു രീതിയും ഇക്കൂട്ടർ കാണിക്കാറുണ്ട്, എന്നാൽ അതു യഥാർത്ഥത്തിൽ ഇല്ലാത്തതുമായ കാര്യങ്ങളാണ്. വലിയ ആളാണെന്നുള്ള തെറ്റായ ഒരു വിശ്വാസം ഇവർക്കുണ്ടാകും. ഇതും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് (Delusions of Grandosity).
ഗൗരവത്തിലെടുക്കേണ്ടതും, ഗൗരവമര്ഹിക്കുന്നതുമായ ഒരു മാനസികാവസ്ഥയാണ്. ആയിരത്തിൽ 4 -7 പേരിൽ മാത്രം കാണപ്പെടുന്ന അൽപം ഗുരുതരമായ മനോരോഗമാണ് പാരനോയിഡ് സ്‌കിസോഫ്രീനിയ. വളരെ പതുക്കെയാണ് ഈ രോഗം ഒരാളിൽ വളർന്നുവരിക. ചെറിയ ചെറിയ ലക്ഷണങ്ങളുള്ളയാളിൽ അത് പ്രശ്‌നകരമായ രോഗാവസ്ഥയായി മാറുന്നത് ജീവിതത്തിന്റെ ഏറ്റവും പ്രധാന സമയത്തായിരിക്കും. പാരമ്പര്യം, ജീവിത ചുറ്റുപാട്, തലച്ചോറിലെ ക്രമരാഹിത്യങ്ങൾ തുടങ്ങിയവയെല്ലാം രോഗ കാരണമാകാറുണ്ട്. കൂടുതലും പാരമ്പര്യമായി കൈമാറിയെത്തുന്നതാണ്. അതുകൊണ്ട് തന്നെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ പലർക്കും കഴിയാറില്ല. രോഗാവസ്ഥയെക്കുറിച്ച അജ്ഞത അത് മൂർച്ഛിക്കാൻ കാരണവുമാകും. ഇതിൽനിന്ന് പൂർണമായ രോഗ വിമുക്തി അസാധ്യമാണ്. എന്നാൽ തുടർച്ചയായ ചികിത്സകളിലൂടെ നല്ലരീതിയിൽ നിയന്ത്രിച്ചുനിർത്താൻ കഴിയും.
മരുന്ന് പ്രധാനമാണ്. അതും ഒരുപക്ഷെ ആയുഷ്‌കാലം മുഴുവൻ കഴിക്കേണ്ടി വന്നേക്കാം. കോഗ്‌നിറ്റിവ് ബിഹേവിയറൽ തെറാപ്പികളും നൽകാം. എന്നാൽ രോഗത്തെക്കുറിച്ച അവബോധം രോഗിയിലും അടുത്ത ബന്ധുക്കളിലും ഉണ്ടാക്കേണ്ടത് ഇത്തരം ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വളരെ അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ച അജ്ഞതയും അത് കുടുംബത്തിനകത്തുണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളും രോഗം മൂർച്ഛിക്കാൻ വലിയ കാരണമാകും. രോഗിയും ഒപ്പമുള്ള കുടുംബാംഗങ്ങളും ഇതേക്കുറിച്ച് പൂർണ അവബോധമുള്ളവരാകണം. രോഗിക്ക് എപ്പോഴും പിന്തുണ നൽകുന്നവരും അവരുടെ ആശങ്കകളെ സ്‌നേഹബുദ്ധ്യാ നിവർത്തിക്കുന്നവരുമായിത്തീരണം കുടുംബാംഗങ്ങൾ. ആരോഗ്യകരവും സ്‌നേപൂർണവുമായ ജീവിത ചുറ്റുപാട് ഇത്തരമാളുകളുടെ കാര്യത്തിൽ നിർബന്ധമാണ്. രോഗത്തെക്കുറിച്ച ഉൾക്കാഴ്ച രോഗിക്കും നൽകണം. കുടുംബാംഗങ്ങളുടെ പിന്തുണയും സഹാനുഭൂതിയും ഇത്തരമാളുകളുടെ രോഗവിമുക്തിയിൽ സുപ്രധാനമാണ്.