മനുഷ്യന്റെ ചിന്താശേഷിയെ സ്വാധീനിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്‌കിസോഫ്രേനിയ. പഠനം, ജോലി, കാര്യപ്രാപ്‌തി, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ ഇവയെയൊക്കെ ഈ രോഗം ബാധിക്കുന്നു. കണക്കുകൾ പ്രകാരം ഓരോ ആയിരം പേരിലും രണ്ടോ മൂന്നോ പേർ ഈ രോഗം ഉള്ളവരാണ് അവരെ ശുശ്രുഷിക്കുന്നവർക്കും കുടുംബക്കാർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത് തുടർച്ചയായുള്ള ചികിത്സയിലൂടെയും ശുശ്രുഷയിലൂടെയും നിയന്ത്രിക്കേണ്ടതായ എളുപ്പം ഭേദമാകാൻ ബുദ്ധിമുട്ടുള്ള അവസ്ഥയാണിത്. ചിലരിൽ ഇടതടവില്ലാതെ തുടർച്ചയായും, മറ്റു ചിലരിൽ ഇടവിട്ടും രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി സ്കിസോഫ്രേനിയ പലതായി തരംതിരിച്ചിരിക്കുന്നു.
ഇതിൽ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് പാരനോയിഡ്. ഇത്തരം രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തികൾ തെറ്റായ വിശ്വാസങ്ങളുമായി മുൻപോട്ട് പോകുന്നവരായിരിക്കും. ഉദാഹരണമായി കൂടെയുള്ളവർ തന്നെ ഉപദ്രവിക്കുവാൻ ശ്രമിക്കുന്നു, ഒപ്പമുള്ളവരെ വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയാണ്. മറ്റുള്ളവർക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ ഈ കൂട്ടർ ശരി എന്ന് വിശ്വസിക്കുകയും അത് തെളിയിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരക്കാരിൽ കണ്ടുവരുന്ന മറ്റൊരാവസ്ഥയാണ് വോയിസ് ഇൻ ദി ഹെഡ് അസാധാരണവും പരിചയം ഇല്ലാത്തതുമായ ശബ്തങ്ങൾ കേൾക്കുക, അതനുസരിച്ചു പ്രവർത്തിക്കുക, മറുപടി കൊടുക്കുക ഇത്തരം രീതികളിൽ പെരുമാറുന്നു. തുടക്കത്തിൽ ഉറക്കത്തെയോ ദഹനത്തെയോ രോഗാവസ്ഥ ബാധിക്കുന്നില്ല എങ്കിലും മുൻപോട്ട് പോകും തോറും ഭക്ഷണം, ഉദ്യോഗത്തിലുള്ള താൽപര്യക്കുറവ്, വ്യക്തിത്വ ശുചിത്വം ഇവയിലെല്ലാം കാര്യമായ മാറ്റം സംഭവിക്കുന്നു.
മറ്റുതരത്തിലുള്ള സ്‌കിസോഫ്രേനിയകളാണ്, ഹെബെഫ്രേനിക്, ഡിസോർഗനൈസ്ഡ്, കാറ്ററ്റോണിക് എന്നിവ. ഇത്തരക്കാർ മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കുകയും യാഥാർത്യമായുള്ള ബന്ധം നഷ്ടമായാവരുമായിരിക്കും. അവരുടെ സംസാരരീതി മനസിലാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ളവയായിരിക്കും കാരണം, പരസ്പരം ബന്ധമുള്ള കാര്യങ്ങൾ സംസാരിക്കുവാൻ ഇവർക്ക് സാധിക്കുന്നില്ല. അനാവശ്യമായി വാക്കുകൾ ഉപയോഗിക്കുക, അർത്ഥമില്ലാത്ത പുതിയ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുക എന്നിവയൊക്കെ സ്വാഭാവികമായി കണ്ടുവരുന്നു. സാധാരണ സ്‌കിസോഫ്രേനിയയിൽ നിന്നും കൂടുതൽ ഗുരുതരമായ അവസ്ഥയാണിത്.
സ്കിസോഫ്രേനിയ പരമ്പരാഗതമായി പകർന്നു ലഭിക്കുന്ന ഒരു രോഗം കൂടിയാണ്. എന്നാൽ കുടുംബത്തിൽ ആർക്കും തന്നെ സ്കിസോഫ്രേനിയ ഇല്ലെങ്കിൽ കൂടി രോഗം പിടിപെടാനുള്ള സാധ്യത ഉണ്ട്. ചില കേസുകളിൽ രോഗി യാതൊരു തരത്തിലുമുള്ള വികാര പ്രകടനങ്ങളും നടത്താത്ത അവസ്ഥയിലായി പോകാറുണ്ട് ഉദാഹരണമായി ചിരിക്കുകയോ കരയുകയോ ചെയ്യാതിരിക്കുക ആരോടും സംസാരിക്കാതിരിക്കുക , ഉത്സാഹം നഷ്ടപെട്ടിരിക്കുക എന്നി അവസ്ഥകളിലൊക്കെ കാണാൻ സാധിക്കാറുണ്ട്. രേഖകളനുസരിച് രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തിക്ക് തലച്ചോറിൽ രാസമാറ്റങ്ങൾക്ക് (ഡോപ്പാമിൻ, ഗ്ലുട്ടാമേറ്റ്, സെറാടോൺ) കാരണമാകാറുണ്ടെന്നും തെളിയിച്ചിട്ടുണ്ട്. സ്കിസോഫ്രേനിയക്ക് ഉള്ള മരുന്നിന്റെ ഉപയോഗം കൊണ്ട് ഇവയൊക്കെ നിയന്ത്രിക്കുവാൻ സാധിക്കുകയും ചെയ്യും. സ്കിസോഫ്രേനിയ വ്യത്യസ്ത കാലഘട്ടങ്ങളിൽ കാണപ്പെടുന്ന രോഗാവസ്ഥയാണ് നന്നേ ചെറുപ്പത്തിലേ രോഗത്തിന് അടിമപെട്ടവരിൽ (തലച്ചോറിന്റെ വളർച്ച പൂർണമാകുന്നതിനുമുമ്പ്) മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി രോഗം ഭേതമാക്കുവാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. കാലം മുൻപോട്ട് പോകും തോറും ചികിൽസിച്ചു ഭേതമാക്കുവാനുള്ള സാധ്യതകളും കുറഞ്ഞു വരുന്നു.
സമൂഹത്തിൽ തികച്ചും സാധാരണമായ ഈ രോഗം നൂറു പേരിൽ ഒരാൾക്ക് വീതം ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. 15 നും 30നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും, 25നും 30നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഈ രോഗം കാണുന്നത്.
ലക്ഷണങ്ങൾ
സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ പലതാണ്. അസുഖം തുടങ്ങുന്നത് ക്രമേണയായിരിക്കും. സ്കീസോഫ്രീനിയക്ക് ഒരായിരം മുഖങ്ങളുണ്ട്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങൾ സ്ഥിരമായി കണ്ടുവന്നാൽ രോഗം സ്കീസോഫ്രീനിയയാണെന്ന് അനുമാനിക്കാം.
- ഒന്നിലും താൽപ്പര്യമില്ലായ്മ, മറ്റുള്ളവരില്നിന്നും ഒഴിഞ്ഞു മാറുക. പഠനം, ജോലി, ശരീരവൃത്തി, ആഹാരം എന്നിവയിൽ അലസതയും താൽപ്പര്യക്കുറവും.
- സംശയ സ്വാഭാവം, തന്നെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിതബന്ധം, ബാഹ്യശക്തികൾ തന്റെ പ്രവർത്തനങ്ങളെയും, ചിന്തകളെയും നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ തോന്നലുകൾ.
- മിഥ്യാനുഭവങ്ങൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തതും കാണാൻ കഴിയാത്തതുമായ ശബ്ദങ്ങൾ കേൾക്കുക, കാഴ്ചകൾ കാണുക.
- വൈകാരിക മാറ്റങ്ങൾ, ഭയം, ഉത്കണ്ഠ, നിർവികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക, ശരീരത്തിൽ പാമ്പ് പോലെയുള്ള ഇഴജന്തുക്കൾ ഇഴയുന്ന പോലെ അനുഭവപ്പെടുക.
- ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്തതും അർത്ഥമില്ലാത്തതുമായ സംസാരം, അംഗവിക്ഷേപങ്ങൾ കാണിക്കുക, കണ്ണാടി നോക്കി ചേഷ്ടകൾ കാണിക്കുക.
- കഠിനമായ ദേഷ്യം, ആത്മഹത്യ പ്രവണത, കൊലപതാക വാസന.
- വായിൽ ഇതുവരെ ഇല്ലാത്ത, അല്ലെങ്കിൽ മറ്റുള്ളവർക്ക് അനുഭവപ്പെടാത്ത രുചി തോന്നുക, അതേപോലെ തന്നെ വ്യത്യസ്തമായ മണം അനുഭവപെടുക. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു മണമോ, രുചിയോ കാണില്ല.
- തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റുള്ളവർ മനസ്സിലാക്കുന്നുവെന്നും അവർ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നുമുള്ള തോന്നൽ
- തങ്ങൾ മറ്റുള്ളവരെക്കാൾ താഴെയാണ്, പാവപ്പെട്ടവനാണ്, പണമില്ല, അല്ലെങ്കിൽ മറ്റുള്ളവരെക്കാൾ വലിയ ആളാണ്, തന്നെക്കാൾ മറ്റാരുമില്ല, പറയുന്നതെല്ലാം ശരിയാണ് എന്നൊക്കെ ഉറച്ചു വിശ്വസിക്കുന്നു.
സ്കീസോഫ്രീനിയ രോഗികളിൽ 30-40 % വരെ പൂർണ്ണമായി വിമുക്തി നേടുമ്പോൾ 30-40% ശതമാനം തുടർച്ചയായ പരിചരണത്തിലൂടെയും മരുന്നുകളുടെയും സഹായത്താൽ ജീവിച്ചു പോകാൻ കഴിവുള്ളവരാണ്.
ചികിത്സ രീതികൾ
പൂർണമായും മുക്തി ലഭിക്കില്ലെങ്കിലും ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്കീസോഫ്രീനിയയെ ഒട്ടൊക്കെ ഭേദമാക്കാം. തുടക്കത്തിൽ തന്നെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതാക്കി ഭാവി ജീവിതം സുരക്ഷിതമാക്കിക്കൊണ്ടുള്ള ചികിത്സ രീതികളാണ് ഇന്ന് നിലവിലുള്ളത്. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല പിന്തുണയും നൽകിയാൽ ചികിത്സ വളരെയേറെ എളുപ്പമാകും. രോഗം മൂർഛിക്കുന്ന സാഹചര്യത്തിൽ രോഗികൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നേക്കാം.
സാമൂഹ്യ – മനശ്ശാസ്ത്ര ചികിത്സ
ആശയ വിനിമായത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്മ, മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള താല്പര്യമില്ലായ്‌മ തുടങ്ങിയ പ്രശ്നങ്ങളാൽ വിഷമിക്കുന്ന രോഗികൾക്ക് ഒരാശ്വാസമാണ് സാമൂഹ്യ – മനശ്ശാസ്ത്ര ചികിത്സ. ഈ ചികിത്സ വീണ്ടും നല്ലൊരു ജീവിതം നയിക്കാൻ രോഗികളെ സഹായിക്കുന്നു. സൈക്കോതെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, രോഗപരിചാരകർക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക, തൊഴിലധിഷ്ഠിത സാമൂഹിക പുനരധിവാസം എന്നിവയെല്ലാം അടങ്ങിയതാണ് ഈ സമഗ്ര ചികിത്സ രീതി.
സൈക്കോതെറാപ്പി
മാനസികമായും വൈകാരികമായ പ്രശ്നങ്ങളെ ശാസ്ത്രീയമായ ഉപദേശങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ഭേദമാക്കുന്ന രീതിയാണിത്. എന്നിരുന്നാലും സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ്. സ്കീസോഫ്രീനിയ എന്ന രോഗാവസ്ഥ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ സൈക്കോ തെറാപ്പി രോഗികളെ സഹായിക്കുന്നു.
കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി
യുക്തിരഹിതമായ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള സ്കീസോഫ്രീനിയ രോഗികൾക്ക് അവരുടെ ചിന്താധാരയിലുള്ള തെറ്റുകൾ മനസ്സിലാക്കി തിരിച്ചറിവ് നൽകുന്ന രീതിയാണിത്. രോഗികളുടെ ചിന്തകളെയും പെരുമാറ്റത്തെയുമാണ് ഈ ചികിത്സാരീതി ലക്ഷ്യം വയ്ക്കുന്നത്. രോഗികളുടെ ചിന്തകൾ യാഥാർത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ തെറാപ്പിസ്റ്റ് അവരെ പരിശീലിപ്പിയ്ക്കുന്നു.
പരിചാരകർക്കുള്ള ബോധവൽക്കരണം
സ്കീസോഫ്രീനിയ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ പരിചാരകർക്കു വളരെ പ്രധാനമായ പങ്കുണ്ട്. ആശുപത്രി വിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കുന്നവർക്ക് രോഗത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികൾ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകൾ കുറക്കാനുള്ള വഴികളെക്കുറിച്ചു പരിചാരകർ അറിഞ്ഞിരിക്കണം.
പുനരധിവാസം
വ്യക്തിശുചിത്വം പുലർത്തൽ, പാചകം, ജോലിക്ക് പോകൽ തുടങ്ങിയ ദൈനംദിന പ്രവൃത്തികൾക്ക് പ്രയാസമനുഭവിക്കുന്നവരായിരിക്കും മിക്ക രോഗികളും. ആത്മവിശ്വാസം വീണ്ടെടുത്ത് മെച്ചപ്പെട്ട ജീവിതം നയിക്കാൻ പുനരധിവാസ പ്രവർത്തനങ്ങൾ രോഗികളെ സഹായിക്കുന്നു. സാമൂഹികവും തൊഴിൽപരവുമായ പരിശീലനം നൽകുന്നതും അതിന്റെ ഭാഗമാണ്. ആളുകളോട് എങ്ങനെ ഇടപഴകാം, പണം എങ്ങിനെ ഇടപഴകാം, പണം എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, ജോലി എങ്ങിനെ പ്രയാസം കൂടാതെ ചെയ്യാം എന്നതിനെക്കുറിച്ചൊക്കെ രോഗികൾക്ക് പരിശീലനം നൽകുന്നു.
സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത് രോഗം മൂർച്ഛിക്കാനും അനുബന്ധ പ്രശ്നങ്ങളിലേക്കും നയിക്കും. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നുകൾ നിർത്തരുത്.
മരുന്നുകൾ ആവശ്യമാണെന്ന് തിരിച്ചറിയാത്തവരും മരുന്നുകൾ കഴിക്കാത്തവരുമായ സ്കീസോഫ്രീനിയ രോഗികളുണ്ട്. എന്നാൽ മറ്റു ചിലർ പാർശ്വഫലങ്ങളെ കുറിച്ചു പേടിച്ചു മരുന്ന് കഴിക്കാൻ ഭയപ്പെടുന്നവരാണ്. മരുന്നുകൾ കഴിക്കണമെന്ന കാര്യംപോലും മറന്നുപോകുന്ന രോഗാവസ്ഥയാണ് സ്കീസോഫ്രീനിയ. മരുന്നുകൾ യഥാസമയത്ത് കൊടുക്കുന്നതിൽ പരിചാരകർക്ക് വളരെ വലിയ പങ്കാണുള്ളത്.
സ്കീസോഫ്രീനിയ ഒരു രോഗമാണ്, അല്ലാതെ ദൈവത്തിന്റെ ശാപം കൊണ്ടോ ദുർമന്ത്രവാദം കൊണ്ടോ വരുന്നതല്ല. വിദഗ്ധരായ ഡോക്ടർമാരാണ് ഈ രോഗം ചികിത്സയ്ക്കേണ്ടത്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.