എല്ലാ സാഹചര്യങ്ങളും കഴിവുകളും ഉണ്ടായിട്ടും ജീവിതത്തിൽ എങ്ങും എത്താതെ വട്ടം കറങ്ങുന്നവരെ നമുക്ക് ചുറ്റും നോക്കിയാൽ കാണാൻ സാധിക്കും. നിങ്ങളും അങ്ങനെയുള്ള ഒരാളാണോ..? എങ്കിൽ നിങ്ങളും Self-Sabotaging Behavior (സ്വയം പിന്തിരിപ്പിക്കുന്ന സ്വഭാവം) ഉള്ള ഒരാളാവാം.
എന്താണ് Self-Sabotaging ബിഹേവിയർ?
നിങ്ങൾ ഇന്ന് വൈകുന്നേരം ഒരു കാര്യം ചെയ്യാൻ തീരുമാനിക്കുന്നു, സമയം ആവുമ്പോൾ പിന്നെയാട്ടെ, നാളെ ചെയ്യാം, ഇത് എന്നെ കൊണ്ട് പറ്റില്ല എന്നൊക്കെ വിചാരിച്ചു അത് ചെയ്യാതെ ഒഴിവാക്കുന്നു. ആളുകളുടെ പുരോഗതിയെ ദുർബലപ്പെടുത്തുകയും അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന മനഃപൂർവമായ ഇതേപോലുള്ള പ്രവർത്തനത്തെ (അല്ലെങ്കിൽ നിഷ്‌ക്രിയത്വം) Self-Sabotaging ബിഹേവിയർ എന്ന് വിളിക്കാം. ഇതിനെ behavioral ഡിസ്‌റെഗുലേഷൻ എന്നും പറയാറുണ്ട്.
നമ്മൾക്ക് ഇങ്ങനെ ഒരു പെരുമാറ്റ വൈകല്യമുണ്ടെന്നു അല്ലെങ്കിൽ നമ്മുടെ വിജയത്തെ നമ്മൾ സ്വയം അട്ടിമറിക്കുന്നുവെന്ന് ആരും സമ്മതിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നാമെല്ലാവരും അത് ഒരു പരിധിവരെ ചെയ്യുന്നു. ഇതേക്കുറിച്ചു നമുക്ക് ബോധ്യമില്ലെങ്കിൽ ജീവിതം തന്നെ അസാധ്യമാണെന്ന് തോന്നാം. നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ നേടുകയോ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതം നയിക്കുകയോ ചെയ്യില്ലെന്ന് തോന്നിയേക്കാം.
എന്താണ് Self-Sabotaging സ്വഭാവത്തിന് കാരണമാകുന്നത്?
വിവിധ കാരണങ്ങളാൽ ആളുകൾ അവരുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. അവർ ബോധപൂർവമോ അബോധാവസ്ഥയിലോ സ്വയം നശിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തേക്കാം. ബാല്യകാല പ്രശ്‌നങ്ങൾ മുതൽ മുൻകാല ബന്ധങ്ങളുടെ ഫലങ്ങൾ വരെ കാരണങ്ങൾ ആവാം. കുറഞ്ഞ ആത്മാഭിമാനം, നിങ്ങളുടെ ചിന്തകളും സ്വഭാവവും തമ്മിലുള്ള വൈരുദ്ധ്യം (cognitive dissonance) തുടങ്ങി നിരവധി കാരണങ്ങൾ പറയാം.
Self-sabotage ഉള്ള ആളുകൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കാം. ഉദാഹരണത്തിന്, അമിത ഭാരമുള്ളയാൾ, ഭാരം കുറക്കാൻ ഡയറ്റ് ചെയ്യുന്നുണ്ട്, എന്നാൽ അയാൾ ഒരു പെട്ടി മുഴുവൻ ഐസ്ക്രീം കഴിക്കുന്നു അല്ലെങ്കിൽ ജങ്ക് ഫുഡ് കഴിക്കുന്നു. ഇത് അയാളുടെ ഭാരം കുറക്കാനുള്ള നല്ല ശ്രമങ്ങളെ ബോധപൂർവം സ്വയം ഇല്ലാതെയാക്കുന്നു.
ചിലപ്പോൾ അവർ അറിയാതെ പ്രവർത്തിച്ചേക്കാം. ഒരാൾക്കു ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ഒരു ജോലി തീർക്കേണ്ടതുണ്ട്. പക്ഷെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മടി, അത് ഞാൻ ചെയ്താൽ ശെരിയാകുവോ എന്നുള്ള ഭയം ഒക്കെ ആ ജോലി അയാളെക്കൊണ്ട് ഒരു പ്രവർത്തിയും ചെയ്യിക്കാതെ ഇരിക്കാൻ നോക്കുകയും പറഞ്ഞ സമയത്തു ആ ജോലി തീർക്കാൻ സാധിക്കാതെ വരികയും ചെയ്യും.
പൊതുവായ ചില കാരണങ്ങൾ താഴെ പറയുന്നു,
- ബോധപൂർവവും അബോധാവസ്ഥയിലുള്ളതുമായ പിന്തിരിപ്പിക്കുന്ന പ്രവർത്തികൾ
- ബുദ്ധിമുട്ടുള്ള കുട്ടിക്കാലം
- ബന്ധങ്ങളിൽ ഉള്ള പ്രശ്നങ്ങൾ
- കുറഞ്ഞ ആത്മാഭിമാനം
- ചിന്തകളും സ്വഭാവവും തമ്മിലുള്ള വൈരുദ്ധ്യം
- ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ഭയം
Self-Sabotaging എങ്ങനെ തിരിച്ചറിയാം?
Self-Sabotage മായി ബന്ധപ്പെട്ട നിരവധി വ്യത്യസ്ത പാറ്റേണുകൾ ഉണ്ട്. അത് ഓരോരുത്തർക്കും ഓരോ രീതിയിൽ ആവും പ്രകടമാവുക.
ഈ സ്വഭാവം തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്ന് സ്വയം അവബോധം വളർത്തിയെടുക്കുക എന്നതാണ്. സ്വയം അവബോധം ഉണ്ടാവുക അല്ലെങ്കിൽ ആത്മപരിശോധന നടത്തുക, ഇതൊക്കെ സഹായകരമല്ലാത്ത പെരുമാറ്റരീതികൾ ശ്രദ്ധിക്കുന്നതിനും അത് തടയാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
ഇനി പറയുന്ന ഒരു വാക്യം ഉപയോഗിച്ച് നിങ്ങൾക്കു വിവിധ സാഹചര്യങ്ങൾ പരിശോധിക്കാവുന്നതാണ്.
“എനിക്ക് (ലക്ഷ്യം) നേടാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ ചെയ്യുന്നത് തുടരുന്നു (പെരുമാറ്റം)“
ഉദാഹരണത്തിന്, “എനിക്ക് ഒരു ഡോക്ടറെ കാണണം, പക്ഷെ ഞാൻ അപ്പോയ്ന്റ്മെന്റ് എടുക്കാൻ വിട്ടുപോയി”
“എനിക്ക് വെളുപ്പിന് 5 മണിക്ക് എണീറ്റ് വ്യായാമം ചെയ്യണം, പക്ഷെ ഞാൻ ഇന്നലെ കിടന്നപ്പോ വൈകിപ്പോയത് കൊണ്ട് സമയത്തു ഉണർന്നില്ല.”
ഇതേപോലെ വിവിധ ചോദ്യങ്ങൾ സ്വയം ചോദിച്ചു ലക്ഷ്യത്തെ തടയുന്ന പാറ്റെൺസ് കണ്ടെത്താവുന്നതാണ്.
Self-Sabotaging ബിഹേവിയറിന്റെ പൊതുവായ ചില പാറ്റെൺസ് നോക്കാം
1) നീട്ടിവയ്ക്കൽ (Procrastination)
2) പൂർണതാവാദം (Perfectionism)
3) സ്വയം ചികിൽസിക്കുക (Self-Medication)
Self-Sabotage ന്റെ ലക്ഷണങ്ങൾ
Self-Sabotage ന്റെ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കും. ജോലിസ്ഥലത്തും മറ്റിടങ്ങളിലും Self-Sabotage ഉള്ള ആളുകൾ ചെയ്യുന്ന ചില പൊതുവായ കാര്യങ്ങൾ താഴെ പറയുന്നു.
- സഹായം ചോദിക്കാനുള്ള മടി
- പെരുമാറ്റം നിയന്ത്രിക്കുക
- സഹപ്രവർത്തകരുമായും പ്രിയപ്പെട്ടവരുമായും വഴക്കുകൾ ഉണ്ടാക്കുക
- വളരെ ചെറുതോ അല്ലെങ്കിൽ വലിയതോ ആയ ലക്ഷ്യങ്ങൾ നിർവചിക്കുക
- മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറുക
- നിഷേധാത്മകമായ സ്വയം സംസാരവും അങ്ങേയറ്റത്തെ സ്വയം വിമർശനവും
- ഒഴികഴിവുകൾ പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുക
- ലക്ഷ്യങ്ങൾ നിർവചിച്ചിട്ടു അതിനു വേണ്ടി ഒരു പ്രവർത്തിയും ചെയ്യാതിരിക്കുക
- അമിതമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുക, അമിതമായി പണം ചെലവഴിക്കുക, അല്ലെങ്കിൽ മറ്റ് വഴികളിൽ “അമിതമായി പ്രവർത്തിക്കുക”
- ഒന്നും ചെയ്യാതെയിരിക്കുക
- എല്ലാ കാര്യങ്ങൾക്കും അനുവാദം/അംഗീകാരം തേടുന്നു
- സ്വയം സംസാരിക്കാനുള്ള വിമുഖത
- എല്ലാം തികഞ്ഞിട്ടേ ചെയ്യൂ എന്ന വാശി
നമ്മുടെ നിഷേധാത്മക ചിന്താരീതികളെക്കുറിച്ചും അവ നമ്മുടെ പെരുമാറ്റത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നമുക്ക് അറിയില്ലെങ്കിൽ, Self-Sabotage നമ്മുടെ ദൈനംദിന ജീവിതത്തെ നയിക്കും. ഭാവിയെക്കുറിച്ചോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചോ നമുക്ക് നിരാശ തോന്നിയേക്കാം. നമുക്ക് എന്തോ കുഴപ്പമുണ്ടെന്നും വിജയിക്കാൻ നമ്മൾ പ്രാപ്തരല്ലെന്നും വരെ നമ്മൾ ചിന്തിച്ചേക്കാം.
ഇങ്ങനെ സംഭവിക്കുമ്പോൾ, ഈ നിഷേധാത്മക സ്വഭാവങ്ങൾ നമ്മളിൽ ഉറച്ചു പോവാൻ സാധ്യതയുണ്ട്. അത് മാത്രമല്ല നമ്മുടെ ജീവിതത്തിലെ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യും. നിത്യ ജീവിതത്തിൽ മുന്നേറാനുള്ള പ്രചോദനവും, ആത്മവിശ്വാസവും, ഉത്സാഹവും, ആത്മാഭിമാനവും എല്ലാ ചോർന്നു പോവുകയും ജീവിതം ഒരു പരാജയങ്ങളുടെ പുസ്തകമാവുകയും ചെയ്യും.
Self-Sabotaging സ്വഭാവം തിരിച്ചറിയാനും നിർത്താനും പഠിക്കുന്നത് നമ്മുടെ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. ഇത് ഒരു പെരുമാറ്റ വൈകല്യമായതുകൊണ്ടു അതിന്റെ മൂല കാരണം കണ്ടെത്തി മുന്നോട് പോവുന്നതാണ് അഭികാമ്യം. അതുകൊണ്ടു ഒരു തെറാപ്പിസ്റ്റിനെയോ കൗൺസിലിറെയോ കണ്ടു ഉപദേശം തേടുക.