ജീവിതത്തിൽ സാധാരണമായുണ്ടാകുന്ന ഒരു വികാരമാണ് പ്രണയം. എന്നാൽ കൗമാര പ്രായക്കാരായ കുട്ടികളിൽ കാണപ്പെടുന്ന പ്രണയങ്ങൾ മിക്കപ്പോഴും അസ്വഭാവികതയിലേക്ക് നീങ്ങാറുണ്ട്. പ്രായത്തിൻ്റെ പക്വത കുറവും ഭാവി ജീവിതത്തെ കുറിച്ച് വേണ്ടത്ര ധാരണയില്ലായ്മയും കൗമാര പ്രണയങ്ങളെ വലിയ പ്രശ്നങ്ങളിലെത്തിക്കാറുണ്ട്. ഇതിൽ ശ്രദ്ധ ചെലുത്തേണ്ടത് മാതാപിതാക്കളാണ്.
Table of contents
എന്ത്കൊണ്ട് കൗമാര പ്രണയം.
പുതിയ ലോകം വളരെ തിരക്ക് പിടിച്ചാണ് നീങ്ങുന്നത്. അണുകുടുംബങ്ങളിലെ മിക്ക മാതാപിതാക്കളും ജോലി സംബന്ധമായ തിരക്കുകളും മറ്റും ഉണ്ടാകും. അതിൻ്റെ ഇടയ്ക്ക് അവർക്ക് കൗമാരപ്രായക്കാരായ കുട്ടികളുടെ കൂടെ സമയം ചിലവിടാനും അവരെ ശ്രദ്ധിക്കാനും കഴിയാതെ വരുന്നു. കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാനോ, അവരുടെ സുഖദു:ഖങ്ങളിൽ പങ്കു ചേരാനോ അവർക്ക് കഴിയാറില്ല. കുട്ടികൾക്ക് മാനസിക പിന്തുണയും സ്നേഹവും മറ്റുള്ളവരിൽ നിന്ന് പ്രത്യേകിച്ച് എതിർലിംഗത്തിൽപ്പെട്ടവരിൽ നിന്ന് ലഭിക്കുമ്പോൾ കുട്ടികൾ അവരുമായി കൂടുതൽ അടുക്കുകയും പ്രണയത്തിലേയ്ക്ക് ആ ബന്ധം മാറുകയും ചെയ്യുന്നു.
കുട്ടിയുടെ ഒൻപത് മുതൽ പതിമൂന്ന് വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് മസ്തിഷ്ക്കത്തിൽ അനവധിയായ ഹോർമോൺ വ്യതിയാനത്തിലെത്തുക. ശാരീരികവും മാനസികവുമായുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ഇവരിൽ ഒരു വ്യക്തിയുടെ സൗന്ദര്യ സങ്കൽപ്പം നിർമ്മിച്ചെടുക്കകയും അത്തരം എതിർലിംഗക്കാരോട് ആകർഷണം തോന്നിക്കുകയും ചെയ്യുന്നു.
മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, വീട്ടിലെ അസ്വസ്ഥതകൾ, മറ്റ് സംഘർഷങ്ങൾ എല്ലാം കുട്ടിയെ സ്വാധീനിക്കും. ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കുട്ടികൾ അപരിചിതരിൽ നിന്ന് പോലും ലഭിക്കുന്ന സ്നേഹത്തിൽ വീണുപോകുന്നു. അഥവാ പ്രണയങ്ങൾ തകർന്ന് പോയാൽ നമ്മുടെ കുട്ടികളുടെ മനോനില പോലും തകരാറിലാകുന്നു.
കൗമാര പ്രണയത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
കുട്ടികളുടെ പ്രണയം മിക്കപ്പോഴും മാതാപിതാക്കൾ അറിയുന്നത് വളരെ വൈകിയായിരിക്കും. അപ്പോഴേക്കും അവരുടെ പ്രണയം മറ്റൊരു തരത്തിലേയ്ക്ക് എത്തിയിരിയ്ക്കും. കുട്ടികളുടെ പ്രണയം അറിയുമ്പോൾ ഒരിക്കലും വീട്ടിൽ ഭൂകമ്പമുണ്ടാക്കാതിരിക്കുക. അവരെ മാനിച്ച് കൊണ്ട് സംസാരിക്കുക. അവരെ കേൾക്കാൻ ശ്രമിക്കുക. അതിലൂടെ നിങ്ങൾ അവരെ പരിഗണിക്കുന്നു എന്ന ചിന്ത അവരിൽ ഉണ്ടാകും. ഒറ്റയടിക്ക് ‘ ഇതൊക്കെ മോശമാണ് ‘ എന്ന് പറഞ്ഞ് അവരുടെ വികാരത്തെ താഴ്ത്തികെട്ടാതിരിക്കുക. എന്നാൽ ഇത് നല്ല ബന്ധമാണെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അരുത്. ഭാവി ജീവിതത്തിന് ജോലി അനിവാര്യമാണെന്നും അതിന് പഠനത്തിൽ ശ്രദ്ധിക്കണം എന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക. അവരോട് സൗഹൃദപരമായി ഇടപഴകുക.
പ്രണയം തകരുമ്പോൾ …
കൗമാര പ്രായത്തിൽ ഏറ്റവും അപകടകരമായ ഒന്നാണ് പ്രണയം തകർന്ന് പോകുന്നത്. ഇത് ചില കുട്ടികളെ വിഷാദം പോലുള്ള മനോരോഗത്തിലേയ്ക്കും ആത്മഹത്യാ ചിന്തകളിലേയ്ക്കും എല്ലാം തള്ളിവിടുന്നു. പ്രണയം തകരാൻ മാതാപിതാക്കൾ കാരണമാകുമ്പോൾ അവരുടെ മുൻപിൽ ജയിക്കുക എന്ന ചിന്തയോടെ, പക്വതക്കുറവ് കൊണ്ട് ആത്മഹത്യയ്ക്ക് ഒരുങ്ങുന്നവരും ഉണ്ട്. ഇത് അവരുടെ അക്കാദമിക്ക് കാര്യങ്ങളെ മോശമായി ബാധിക്കുന്നു. കുട്ടിയ്ക്ക് പഠനത്തിൽ ശ്രദ്ധ കുറയ്ക്കുകയും മറ്റും ചെയ്യുന്നു.
കൗൺസിലിംഗ് വേണ്ടതെപ്പോൾ?
പ്രണയം കാരണവും പ്രണയത്തിൻ്റെ തകർച്ച കാരണവും കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരാം. മാത്രമല്ല പ്രണയം തകർന്നതിൻ്റെ പേരിലുള്ള മനോ വിഷമം മനോരോഗത്തിലേയ്ക്കും ആത്മഹത്യയിലേക്കും നയിക്കാം. അല്ലെങ്കിൽ പ്രണയിച്ച കുട്ടിയെ ശാരീരികമായി ഉപദ്രവിക്കൽ , ഒളിച്ചോട്ടം എന്നീ പ്രശ്നങ്ങളിലേയ്ക്ക് നീങ്ങും മുൻപ് തൊട്ടടുത്ത കൗൺസിലിംഗ് സെൻ്ററിൽ കുട്ടിയെ കൊണ്ടുപോയി വിദഗ്ദ്ധോപദേശത്തിന് വിധേയമാക്കുക. പ്രണയമെന്ന വികാരം നിത്യജീവിതത്തിൻ്റെ ഭാഗമാണ്. എന്നാൽ പക്വതയില്ലാത്ത പ്രായത്തിലുണ്ടാകുന്ന ആകർഷണം കുട്ടികൾ പ്രണയമായി തെറ്റിധരിക്കുകയും അത് പോലെ ചതിക്കുഴികളിൽ ചാടുകയും ചെയ്യുന്നു. നല്ലൊരു കൗൺസിലിംഗിലൂടെ ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാകും .
കുട്ടികളിലെ പ്രണയബന്ധത്തെ എങ്ങനെ കൈകാര്യം ചെയ്യണെമെന്ന് അറിയണമോ?
എങ്കിൽ അറിയാൻ സൗജന്യമായി വിളിക്കൂ. 8157-882-795