ആധുനിക ലോകത്തെ ജനങ്ങളെ മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. ഇന്ത്യയിലെ പ്രശസ്തരായ പല വ്യക്തികളും വിഷാദ രോഗത്തിന് അടിമകളായിരുന്നു എന്നതും കാലക്രമേണ അവരതിൽ നിന്ന് മുക്തി നേടിയതുമെല്ലാം വാർത്തകളിലൂടെയൊക്കെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ആൺ – പെൺ ഭേദമില്ലാതെ എല്ലാവരിലും വിഷാദരോഗം ബാധിക്കുന്നുണ്ട്. ജീവിതത്തിൽ തിരക്കുകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ വിഷാദ രോഗികളുടെ എണ്ണവും നാൾക്കുനാൾ കൂടിവരികയാണ്. തനിക്ക് വിഷാദരോഗം പിടിപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത് കൊണ്ട് മറ്റ് പല രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരിൽ 10 % ആൾക്കാരുടെയും യഥാർത്ഥ പ്രശ്നം വിഷാദരോഗമാണെന്ന് പിന്നീട് തിരിച്ചറിയപ്പെടുന്നു. തീരെ ചെറിയ കുട്ടികൾ മുതൽ വൃദ്ധ ജനങ്ങളെ വരെ പിടിപെടുകയും കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിൽസിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയുമാണ് വിഷാദരോഗം. 2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
എന്താണ് വിഷാദരോഗം ?
മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവർത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്. വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ സമ്മർദ്ദങ്ങൾ, ഇഷ്ടപ്പെട്ടവരുടെ സ്നേഹം നഷ്ട്ടമാകുമ്പോൾ, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോൾ, കൗമാരക്കാർക്ക് എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വരുമ്പോൾ ഇങ്ങനെ പല കാരണങ്ങൾ വിഷാദ രോഗത്തിലേക്ക് നയിക്കാം. ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് ചികിൽസിക്കുകയാണെങ്കിൽ പൂർണമായും രോഗം ചികിൽസിച്ച് ഭേദമാക്കാനാകും. രോഗനിർണയത്തിന് ശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലൂടെയും പൂർണമായും മാറ്റാനാകും.
രോഗലക്ഷണങ്ങൾ
- പെട്ടന്നുള്ള ദേഷ്യം അല്ലെങ്കിൽ കാരണമില്ലാതെ ദേഷ്യപ്പെടുക,ആക്രമണ മനോഭാവം.
- മിക്കവാറും സമയങ്ങളിൽ ഉത്സാഹക്കുറവും സങ്കടവും അനുഭവപ്പെടുക
- ദൈനംദിന കാര്യങ്ങളിൽ താല്പര്യക്കുറവും അവ ചെയ്ത് തീർക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു
- ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക
- കുറ്റബോധം അനുഭവപ്പെടുകയും പഴയകാല പരാജയങ്ങളുടെ പേരിൽ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്നു
- സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെകുറിച്ചോ അല്ലെങ്കിൽ മരണത്തെകുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക
- ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കുക
- ചെയ്യുന്ന കാര്യങ്ങളിൽ ഉന്മേഷക്കുറവും അതൃപ്തിയും അനുഭവപ്പെടുക
- ഇടയ്ക്കിടെ കാരണവുമില്ലാതെ കരയുകയും അതുപോലെ കരയുന്ന മുഖത്തോടെയും കാണപ്പെടുന്നു
വിഷാദം എങ്ങനെ കുറയ്ക്കാം
- സ്ട്രെസ്സ് കുറയ്ക്കുക
- വ്യായാമം ചെയ്യുക
- ഡയറ്റ് ശ്രദ്ധിക്കുക
- ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങുക
- ലഹരി ഉപേക്ഷിക്കുക
- ആവശ്യമെങ്കിൽ കൗൺസിലിംഗ് എടുക്കുക
സങ്കീർണ്ണത
വിഷാദരോഗം വളരെ ഗൗവരവമേറിയതും ഉടനടി ചികിത്സ വേണ്ടതുമായ രോഗാവസ്ഥയാണ്. ഈ ഒരു രോഗം കുടുബത്തിൽ ആർക്കെങ്കിലും ഉണ്ടായാൽ കുടുംബത്തിന്റെ സമാധാനവും സന്തോഷവും ഇല്ലാതാവുന്നു.
വിഷാദരോഗം കൂടുകയും അത് ചികിൽസിച്ച് മാറ്റാൻ കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്താൽ ആ വ്യക്തിയുടെ ശാരീരിക, മാനസിക, സ്വഭാവ രീതികളെ ജീവിതാകാലം മുഴുവൻ മോശമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറും. എത്ര നേരത്തെ ചികിത്സ കിട്ടുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും രോഗം പൂർണ്ണമായി സുഖപ്പെടാനും ആവർത്തിക്കാതിരിക്കാനുള്ള സാധ്യത. ചിലർ അസുഖം പൂർണ്ണമായി ഭേദമാക്കുമ്പോൾ മറ്റു ചിലർ ഇതിൽ ആഴ്ന്നു പോകുന്നു. വിഷാദത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം അതനുഭവിക്കുന്നവർ അറിഞ്ഞോ അറിയാതെയോ തിരഞ്ഞുകൊണ്ടിരിക്കും. ജീവിതം തന്നെ മാനസിക ബുദ്ധിമുട്ടുകൾ കൊണ്ട് തളർന്നുപോകുന്ന വിഷാദ രോഗത്തെ ആദ്യം തന്നെ കണ്ടെത്തി ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതിരോധം
വിഷാദരോഗം ഇല്ലാതാക്കാൻ കൃത്യമായ ഒരു മാർഗ്ഗമില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സഹായകമാകും.
നിങ്ങൾ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ ചെയ്ത് പരമാവധി സ്ട്രെസ്സ് കുറയ്ക്കാൻ ശ്രമിക്കുക. പൂർവസ്ഥിതി പ്രാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. ആത്മവിശ്വാസവും,ആത്മാഭിമാനവും കൈമുതലാക്കുക.
എന്തെങ്കിലും മാനസിക സമ്മർദ്ദങ്ങളോ ബുദ്ധിമുട്ടുകളോ ഉള്ള സമയങ്ങളിൽ കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പവും ചിലവഴിക്കാൻ സമയം കണ്ടെത്തുകയും തുറന്ന് സംസാരിക്കുകയും ചെയ്യുക.
ആദ്യമേ ചികിത്സ തുടങ്ങിയാൽ പെട്ടന്ന് ചികിൽസിച്ച് മാറ്റാവുന്ന രോഗമാണ് വിഷാദരോഗം. അതുകൊണ്ട് ചെറിയ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ തന്നെ ശരിയായ ചികിത്സ നേടുക.
പിന്നെയും വിഷാദ രോഗത്തിനടിമപ്പെടാതിരിക്കാൻ ദീർഘ നാളത്തെ ചികിത്സ പരിഗണിക്കുന്നതാണ് നല്ലത്.
നിങ്ങൾക്ക് വിഷാദരോഗത്തെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ടോ?
എങ്കിൽ അറിയാൻ സൗജന്യമായി വിളിക്കൂ. 8157-882-795